അവൾ ഋതുമതിയായി : കഥ, സൂസൻ പാലാത്ര

      അവൾ ഋതുമതിയായി : കഥ, സൂസൻ പാലാത്ര

 

 

      ശിഖയുടെ കണ്ണുകൾ അണമുറിയാതെ ഒഴുകുകയാണ്. ഈശ്വരാ എന്തൊരു നോവ്. വയറുവേദന താങ്ങാനാവുന്നില്ല.  അവൾ അടിവയറിൽ കൈതാങ്ങിപ്പിടിച്ചിരുന്നു തേങ്ങി. വേദന കാരണം അവൾ സ്കൂളിൽ പോയില്ല. ഈ കഠിന  വേദന സഹിച്ചും ഉച്ചയൂണും കറികളും കാലമാക്കണം. അച്ഛൻ രാവിലെ ഇത്തിരി ചായ വെള്ളം മാത്രം കുടിച്ചിട്ടു പോയതാണ്. ഒന്നും കഴിച്ചിട്ടുണ്ടാവില്ല. ശങ്കരേട്ടനും ഇപ്പോഴെത്തും. പ്ലസ് ടൂ പരീക്ഷ നടക്കുകയാണ്. രാത്രി മുഴുവൻ ഉറക്കമിളച്ച് പഠിച്ചിട്ട് രാവിലെ രാമേട്ടൻ്റെ ചായക്കടയിൽ നിന്ന് വാങ്ങി നല്കിയ രണ്ടു ദോശയും കഴിച്ചിട്ടാണ് പരീക്ഷയെഴുതാൻ പോയത്. ഏറ്റവും മൂത്തയാൾ ശിവേട്ടനാണ്. ശിവേട്ടൻ സേലത്ത് ഹോട്ടൽ മാനേജ്മെൻറ് പഠിക്കുന്നു. മക്കളെ മൂവരേയും പഠിപ്പിയ്ക്കാൻ  ദാനം കിട്ടിയ പഴയ ഒരു കാറുമെടുത്ത് അച്ഛൻ രാപകലില്ലാതെ ഓട്ടമാണ്. 

എങ്ങനെയാണ് ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതെന്ന് അച്ഛനു പോലും അറിയില്ല. ദൈവം അത്ഭുതകരമായി അങ്ങു നടത്തുകയാണ് എന്നുമാത്രം പറയാം.

        അമ്മയെ ചികിത്സിച്ചതിൻ്റെ ഭാരിച്ച കടങ്ങൾ അച്ഛനെ നോക്കി പല്ലിളിയ്ക്കുന്നു. ബാങ്കിൽ നിന്നുള്ള ജപ്തി ഭീഷണിയിലാണ് അച്ഛൻ. 

           അമ്മ... അത് എത്ര സുന്ദരമായ പദമാണ്. ഓർമ്മിക്കുമ്പോൾ മിഴികൾ അറിയാതെ തൂവിപ്പോകും. അമ്മ ഒരുപാട് വേദനകൾ സഹിച്ചിട്ടാണ് പോയത്. കുടുംബത്തിനുവേണ്ടി അഹോരാത്രം കഷ്ടപ്പെട്ടു. അമ്മ ഒരിക്കലും വിശ്രമിച്ചു കണ്ടതേയില്ല.  തൊഴിലുറപ്പ് ജോലികൾക്കു പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടും  തയ്യൽജോലി കൊണ്ടും  അല്ലലില്ലാതെ കുടുംബം നടത്തി. 

      അന്ന് അച്ഛൻ ഒന്നും അറിഞ്ഞിരുന്നില്ല. ചെറിയ മദ്യപാനശീലവും കൂട്ടുകെട്ടുകളുമുണ്ടായിരുന്നു. അതുകൊണ്ട് അമ്മയെ ആരും ഒട്ടും ഗൗനിച്ചതുമില്ല. എത്ര പെട്ടെന്നാണ് അമ്മയുടെ കാലിലുണ്ടായ മുറിവ് രൂക്ഷമായി ഭേദമാകാത്ത വ്രണമായി മാറിയത്. വേദന സഹിക്കവയ്യാതെ അമ്മ രാത്രികളിൽ വാവിട്ട് നിലവിളിച്ചു. എന്നിട്ട് പകൽ വയ്യാത്ത കാലും വച്ച് വീട്ടുജോലികൾ അർപ്പണബോധത്തോടെ ചെയ്തു. 

         കാലിലെ നീരും പഴുപ്പും  ചുവപ്പു നിറവും ഭയപ്പെടുത്തി. ഒടുവിലാണ് ആശുപത്രിയെ ശരണം പ്രാപിച്ചത് അപ്പോഴേക്കും സമയം വൈകിയിരുന്നു. എമർജൻറ് ഓപ്പറേഷനിലൂടെ വലതു കാൽ മുറിച്ചു മാറ്റി. രോഗമുള്ള ഇടതുകാൽ ചികിത്സിച്ചു ഭേദപ്പെടുത്താനാവുമത്രെ. 

വലതുകാൽ മുട്ടിന് മുകളിൽ മുറിച്ചു കളഞ്ഞു. ഡോക്ടർമാർ ഓപ്പറേഷനു ശേഷം വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തിയത് വലതുകാൽ മുറിച്ചുമാറ്റിയില്ലെങ്കിൽ അമ്മയ്ക്ക് വളരെ അപകടകരമാണെന്ന്. അമ്മയുടെ ഹാർട്ട് തീരെ വീക്കാണെണ്. ഷുഗറും പ്രഷറും കൂടുതലാണത്രേ. ശിഖയും ഏട്ടന്മാരും അന്നെന്ന പോലെ ഇന്നും വിശ്വസിയ്ക്കുന്നത്,  മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് പറ്റിയ കൈപ്പിഴയാണ് അതെന്ന്.  

         ക്ഷമയും സഹനവും കൈമുതലാക്കിയ അമ്മ കേസ്സും കൂട്ടവും സമ്മതിച്ചില്ല. ആശുപത്രി ജീവനക്കാരും നവജീവൻ ട്രസ്റ്റും  മറ്റുരോഗികളും സാമ്പത്തികമായി ഏറെ സഹായിച്ച് ഒരുവിധത്തിലാണ് ആശുപത്രിവിട്ട് വീട്ടിൽ വന്നത്. 

        അച്ഛമ്മയുടെ നിർബ്ബന്ധപ്രകാരം തങ്ങൾ യേശുവിനെ സ്വീകരിച്ചു. അതിൽപ്പിന്നീട് അമ്മ കരഞ്ഞിട്ടില്ല. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി കളിയാടി നിന്നു. വേദന അധികരിക്കുമ്പോഴും അമ്മ പറയും ഇത് അരുമനാഥൻ ക്രൂശിൽ സഹിച്ച അത്രയുമില്ലെന്ന്. തങ്ങൾ സ്നാനപ്പെട്ടതും ക്രിസ്തുവിനെ സ്വീകരിച്ചതിലും എതിർപ്പുമായി അമ്മയുടെ ബന്ധുക്കൾ രംഗത്തുവന്നു. എന്നിട്ടും വിശ്വാസം ഉപേക്ഷിച്ചില്ല.

       സഭക്കാർ പിരിവെടുത്തു നല്കിയാണ് പിന്നീട് വീട്ടു ചെലവുകളും ചികിത്സാച്ചെലവുകളും നടത്തിയത്. ക്രച്ചസ്സുമായി കഷ്ടപ്പെട്ട അമ്മയ്ക്ക് അവർ ജയ്പൂർ ലഗ്ഗ് എത്തിച്ചു തന്നു. ടോയ്ലറ്റ് ഉണ്ടാക്കി കൊടുത്തു. വചനങ്ങൾ പറഞ്ഞ് ആശ്വസിപ്പിച്ചു. അച്ഛമ്മ സ്വന്തം അമ്മയുടെ സ്ഥാനത്തു നിന്ന് എല്ലാം ക്ഷമയോടെ ചെയ്തു കൊടുത്തു. അമ്മയ്ക്ക് ധരിക്കാൻ സൗകര്യമുള്ള മിഡിയും ടോപ്പും മറ്റു വസ്ത്രങ്ങളും സഭാ മക്കളിൽനിന്ന് സംഘടിപ്പിച്ചുകൊടുത്തു, കുടുംബം നന്നായി നോക്കി. 

     ഉപജീവനത്തിന് മാർഗ്ഗമില്ലാതെയലഞ്ഞ അച്ഛന് പാസ്റ്റർ തൻ്റെ പഴയ കാറ് ഫ്രീയായി നല്കി. കുടുംബം പച്ച പിടിച്ചു വരവെയാണ് ആ ദുരന്തം സംഭവിച്ചത്...

           അമ്മ തൻ്റെസ്വന്തം അമ്മയെയും സഹോദരിമാരെയും  കാണാൻ ഏറെക്കൊതിച്ചു. അവർ അമ്മയെ ഒരു നോക്കു കാണുകയോ ആശ്വസിപ്പിയ്ക്കുകയോ ചെയ്തില്ല. സ്വന്തം അമ്മയുടെ തലോടൽ ഏറ്റുവാങ്ങാൻ കൊതിച്ച അമ്മയ്ക്ക് ലഭിച്ചത് താഡനങ്ങൾ മാത്രം.

       ഒരിയ്ക്കൽ അമ്മ തന്നെ അടുത്തിരുത്തി മുടിയിഴകളിൽ തലോടിയിട്ട്, വാത്സല്യത്തോടെ പറഞ്ഞു: "എൻ്റെ മോൾ അമ്മ പറയുന്നത് കേൾക്കണം. മോൾ വയസ്സറിയിക്കുമ്പോൾ ഒരുവേള അമ്മ കൂടെയില്ലെങ്കിൽ പോലും  ഇങ്ങനെ ചെയ്യണം". അമ്മ അന്ന് ഒത്തിരി സംസാരിച്ചു. ഒരുപാടു കാര്യങ്ങൾ, ശാസ്ത്ര സത്യങ്ങൾ, ലോകത്തിൻ്റെ കപടമുഖങ്ങൾ  തന്നെ പഠിപ്പിച്ചു ബോധ്യമാക്കി. ചിറ്റയെ ഞാൻ എല്ലാം പറഞ്ഞ് ഏല്പിച്ചിട്ടുണ്ട്, ചിറ്റ മോളെ സഹായിയ്ക്കും. പിന്നെ മോൾക്ക് നല്ല ഒരു അച്ഛമ്മയുമില്ലേ, ഒരിയ്ക്കലും  തനിച്ചാവുകയില്ല. അഥവാ രാത്രിയിലോ തനിച്ചിരിക്കുമ്പോഴോ ആണ് വയസ്സറിയിയ്ക്കുന്നതെങ്കിൽ പരിഭ്രമിയ്ക്കരുത് ഇങ്ങനെ ചെയ്യണം"  എല്ലാം ഓർമ്മയിൽ തെളിഞ്ഞു വരികയാണ്.

         അച്ഛമ്മ ചിറ്റയുടെ രണ്ടാമത്തെ പ്രസവം എടുക്കാൻ പോയിരിക്കുകയാണ്.

      ശിഖ മുപ്പതു രൂപയ്ക്കായി അമ്മയുടെ പെട്ടിയിൽ പരതി. അത്യാവശ്യം രൂപ മാത്രമല്ല അമ്മ കീറി കഷണിച്ചു വച്ച നേർമ്മയുള്ള വസ്ത്രങ്ങളും ലഭിച്ചു. 

         അമ്മ പറഞ്ഞതിൻ പ്രകാരം അവൾ എല്ലാം ചെയ്തു. വറുത്ത ജീരകം തിളപ്പിച്ച വെള്ളം കുടിച്ചു നോക്കി. വയർ മൃദുവായി തടവി. ആ വലിയ വേദന മാറി. 

         ഇനി വിശന്ന് പരവേശമെടുത്തു വരുന്ന തൻ്റെ ജീവരക്തങ്ങൾക്ക് ഭക്ഷണം ഒരുക്കണം. ആ പതിമൂന്നുകാരി തിരക്കിട്ട് അടുക്കളയിലേക്കിറങ്ങി.