അമ്മത്തിര: കവിത , ടോബി തലയല്‍

അമ്മത്തിര: കവിത , ടോബി തലയല്‍

ത്ര കുളങ്ങള്‍ കൂടിയിട്ടാവും അച്ഛാ
കടലുണ്ടായിട്ടുണ്ടാവുക?
മഴയത്തെത്ര തിമിര്‍ത്തിട്ടാവും
ഈ തിരകള്‍ ആനയെപ്പോലെ
തുമ്പിയില്‍ വെള്ളം നിറച്ചിട്ടുണ്ടാവുക?
കുളത്തില്‍ കുളികഴിഞ്ഞ്‌
മടങ്ങാത്തവരാകുമോ
കുളിര്‍കാറ്റായി തലോടണത്‌?
അടക്കമില്ലാത്ത മുടിയെ
സ്‌നേഹവിരലാല്‍ ഒതുക്കിവെയ്‌ക്കണത്‌?

കുളികഴിഞ്ഞെത്തുമ്പോള്‍
വിടര്‍ത്തി വിരിക്കാന്‍
വെണ്മേഘങ്ങള്‍ കരുതിയിട്ടുണ്ടാവുമോ
ചിരി മായാത്ത മഴവില്ലൊരെണ്ണം?
അലക്കിവെളുപ്പിച്ച
കുട്ടിയുടുപ്പുകളി ലൊരെണ്ണം?

എത്ര കടല്‍ദൂരങ്ങള്‍
കുതിച്ചിട്ടാവുമിങ്ങനെ
നുരയും പതയും തുപ്പി
കുഞ്ചിരോമങ്ങള്‍ കുടഞ്ഞ്‌
തിരക്കുതിരകള്‍ കിതക്കണത്‌?
പിന്നെ, ബോധം മറഞ്ഞ്‌
ജീവന്‍ കൊഴിഞ്ഞ്‌
പായല്‍മുടി കൊണ്ട്‌ മുഖം മൂടി
കരയില്‍ നീണ്ട്‌കമിഴ്‌ന്ന്‌ കിടക്കണത്‌?

കടലുകാണാന്‍ വന്ന കാക്കകള്‍
വെയിലുകായുന്ന
ശംഖുകളുടെ ചെവിയില്‍
തിരിച്ചുവരാത്ത വരുടെ കഥകളാകുമോ
പറയുന്നുണ്ടാവുക?

പൂഴിമണ്ണില്‍ ഏത്‌ പാഠമാണാവോ
ഞണ്ടുകള്‍ തിരക്കിട്ടെഴുതുന്നത്‌?
തെറ്റിയത്‌ മായ്‌ക്കാന്‍ മാഷ്‌
തിരയായ്‌ വന്നിട്ടാണോ അതോ
കിഴുക്ക്‌ ഭയന്നിട്ടാണോ പിന്നോട്ടോടണത്‌?

എന്നാലച്ഛാ, വഷളന്‍കാറ്റിനിട്ടൊരു

പിടപിടയ്‌ക്കാന്‍
മാഷെന്തേ ഇനിയും വരാത്തത്‌?
കൊച്ചു കുസൃതികളുടെ
പൂമ്പാറ്റപ്പാവാടയില്‍
വികൃതി കാട്ടണ കണ്ടില്ലേ?

തിളക്കണ എണ്ണയില്‍ സൂര്യന്‍
പപ്പടം പൊള്ളിക്കണ കണ്ടില്ലേ, അച്ഛാ?
ഉള്‍ക്കടലില്‍ പോയി വന്ന
ചാളവഞ്ചികള്‍ വറുത്തുകോരി
നിരത്തി വെച്ചേക്കണ കണ്ടില്ലേ?
അടുക്കളയില്‍ കടുക്‌ പൊട്ടിച്ച മണം
അലകളില്‍ പതഞ്ഞുപതഞ്ഞ്‌
കൊതിയും കൊണ്ട്‌ വരണതറിഞ്ഞില്ലേ?
ഓടിയൊളിച്ചാലും ഉരുളച്ചോറുമായ്‌
പിറകെയെത്തും തിരക്കൈ കണ്ടില്ലേ?
ഇനിയെങ്കിലും പറയച്ഛാ,
എവിടെയാണമ്മ മറഞ്ഞിരിക്കണത്‌?