ജീവകാരുണ്യ രംഗത്ത് മാതൃകയായി ഡബ്ല്യു.എം.സി. അമേരിക്കൻ റീജിയൻ വനിതാ ഫോറം; ഡോ. സൂസൻ ചാണ്ടി പ്രസിഡന്റ്, ആലിസ് മാഞ്ചേരി സെക്രട്ടറി 

Jun 6, 2026 - 06:12
 0  8
ജീവകാരുണ്യ രംഗത്ത് മാതൃകയായി ഡബ്ല്യു.എം.സി. അമേരിക്കൻ റീജിയൻ വനിതാ ഫോറം;  ഡോ. സൂസൻ ചാണ്ടി പ്രസിഡന്റ്, ആലിസ് മാഞ്ചേരി സെക്രട്ടറി 
പിന്റോ കണ്ണംപള്ളി 
വാഷിംഗ്‌ടൺ DC: പ്രവാസി മലയാളി സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ വേൾഡ് മലയാളി കൗൺസിൽ (WMC) അമേരിക്കൻ റീജിയൻ വനിതാ ഫോറം സാമൂഹിക പ്രതിബദ്ധതയുടെയും സ്വാശ്രയത്വത്തിന്റെയും പുതിയ മാതൃക സൃഷ്ടിക്കുകയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. “നമ്മുടെ കരുതൽ, നമ്മുടെ പങ്കാളിത്തം, നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി” എന്ന ആപ്തവാക്യം പ്രവർത്തനങ്ങളുടെ കേന്ദ്ര ആശയമാക്കി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി വനിതാ ഫോറം നടപ്പിലാക്കുന്ന പദ്ധതികൾ പ്രവാസി സംഘടനാ രംഗത്ത് പ്രത്യേകം ശ്രദ്ധ നേടുന്നുണ്ട്.
ന്യൂജേഴ്സിയിൽ നടന്ന ഡബ്ല്യു.എം.സി. അമേരിക്കൻ റീജിയൻ ബിനാനിയൽ കോൺഫറൻസിൽ ഫോറത്തിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. അൽബെർട്ടയിൽ നിന്നുള്ള ഡോ. സൂസൻ ചാണ്ടി പ്രസിഡന്റായും ഫ്ലോറിഡയിൽ നിന്നുള്ള ആലീസ് മാഞ്ചേരി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യാപ്തിയും കാര്യക്ഷമതയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭരണസമിതി പ്രവർത്തനം ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

                                                                    ഡോ. സൂസൻ ചാണ്ടി
കഴിഞ്ഞ പ്രവർത്തന കാലയളവിൽ വിവിധ ജീവകാരുണ്യ പദ്ധതികൾക്കായി വനിതാ ഫോറം 4.12 ലക്ഷം രൂപ വിനിയോഗിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മൂന്ന് നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പഠനസഹായമായി ഒരു ലക്ഷം രൂപ കൈമാറി. ഉന്നത വിദ്യാഭ്യാസത്തിലൂടെ ഭാവി ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സഹായം വലിയ ആശ്വാസമായി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പിതാവിനെ നഷ്ടപ്പെട്ട ഒരു യുവതിയുടെ വിവാഹത്തിനായി ഒരു ലക്ഷം രൂപയുടെ ധനസഹായവും ഫോറം നൽകി. ഇത്തരം ഇടപെടലുകൾ സമൂഹത്തിൽ പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് വലിയ പിന്തുണയായി മാറുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.
വിദ്യാഭ്യാസ മേഖലയിലും വനിതാ ഫോറം സജീവ സാന്നിധ്യം അറിയിച്ചു. പാലക്കാട് ജില്ലയിലെ രണ്ട് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, ഡെസ്കുകൾ, ബെഞ്ചുകൾ, യൂണിഫോമുകൾ എന്നിവ വാങ്ങുന്നതിനായി 45,000 രൂപയുടെ സഹായം നൽകി. അതോടൊപ്പം സമൂഹത്തിലെ മുതിർന്ന പൗരന്മാരോടുള്ള കരുതലിന്റെ ഭാഗമായി ആയെരൂർ വൃദ്ധസദനത്തിന് ക്രിസ്മസ് സമ്മാനമായി 30,000 രൂപയും സ്നേഹാലയ വൃദ്ധസദനത്തിന് 17,500 രൂപയും സംഭാവനയായി നൽകി.
ആരോഗ്യരംഗത്തും ശ്രദ്ധേയമായ ഇടപെടലുകളാണ് വനിതാ ഫോറം നടത്തിയത്. പക്ഷാഘാതം ബാധിച്ച ഒരു വ്യക്തിയുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി പ്രത്യേക സഹായ പദ്ധതി നടപ്പിലാക്കി. ഫിസിയോതെറാപ്പി, മരുന്നുകൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി പ്രതിമാസം 10000 രൂപ വീതം ഒരു വർഷത്തേക്ക് നൽകുന്ന പദ്ധതിയിലൂടെ ആകെ 1.20 ലക്ഷം രൂപയുടെ സഹായമാണ് കുടുംബത്തിന് ലഭ്യമാക്കിയത്. ചികിത്സയ്ക്കൊപ്പം രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കുടുംബത്തിന്റെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ഈ സഹായം ഏറെ ഉപകാരപ്പെട്ടതായി ബന്ധപ്പെട്ടവർ അറിയിച്ചു.
സാമൂഹിക സേവനങ്ങൾക്കൊപ്പം വിജ്ഞാനവൽക്കരണത്തിനും വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നൽകുന്ന നിരവധി പരിപാടികളും വനിതാ ഫോറം സംഘടിപ്പിച്ചു. ഡോ. സുജ കോശി നയിച്ച ‘രക്ഷാകർതൃത്വവും ശിശുവികസനവും’ എന്ന വിഷയത്തെ ആസ്പദമാക്കിയ സെമിനാർ കുടുംബബന്ധങ്ങളെയും കുട്ടികളുടെ വളർച്ചയെയും കുറിച്ചുള്ള അവബോധം വർധിപ്പിച്ചു. തിരുവനന്തപുരം ഹൃദയാലയ ആശുപത്രിയിലെ ഡോ. ജയ്പാൽ അവതരിപ്പിച്ച ‘ആരോഗ്യമേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’, ‘ഹൃദയാഘാത പ്രതിരോധവും മുൻകരുതലുകളും’ എന്നീ വിഷയങ്ങളിലെ ക്ലാസുകൾ ആരോഗ്യരംഗത്തെ പുതിയ സാധ്യതകളെക്കുറിച്ചും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പങ്കെടുത്തവർക്ക് വിലപ്പെട്ട അറിവുകൾ പകർന്നു നൽകി. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് പ്രീതി സൂസൻ അലക്സാണ്ടർ നയിച്ച ‘സെൽഫ് ഗ്രൂമിങ്’ പരിശീലന പരിപാടിയും വനിതകളുടെ വലിയ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
ബാഹ്യ സ്പോൺസർഷിപ്പുകളെയോ ഫണ്ടിംഗ് സംവിധാനങ്ങളെയോ ആശ്രയിക്കാതെ അംഗങ്ങൾ സ്വമേധയാ സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നത് എന്നതാണ് വനിതാ ഫോറത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി സ്വന്തം വിഭവങ്ങൾ ഉപയോഗിച്ച് സഹായഹസ്തം നീട്ടുന്ന ഈ പ്രവർത്തനരീതി പ്രവാസി സംഘടനകൾക്കിടയിൽ സ്വാശ്രയത്വത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മികച്ച മാതൃകയായി വിലയിരുത്തപ്പെടുന്നു. സഹായം ആവശ്യമുള്ളവരെ കണ്ടെത്തി സമയബന്ധിതമായി പിന്തുണ നൽകുക എന്ന സമീപനമാണ് വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ അംഗീകാരം നേടിക്കൊടുക്കുന്നത്.
വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാ പിന്തുണയും നൽകുമെന്ന് ഡബ്ല്യു.എം.സി. അമേരിക്കൻ റീജിയൻ ചെയർമാൻ ജോണി കുന്നുംപുറം, പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറർ നിവിൻ വിൽഫ്രഡ് എന്നിവർ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമായി വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഭാവിയിലും കൂടുതൽ വിപുലമാകുമെന്ന പ്രതീക്ഷയാണ് കോൺഫറൻസിൽ പങ്കെടുത്തവർ പങ്കുവെച്ചത്.