(അ)മരപ്പാവകൾ: കവിത;  Dr. അജയ് നാരായണൻ , Lesotho

(അ)മരപ്പാവകൾ: കവിത;  Dr. അജയ് നാരായണൻ , Lesotho

എല്ലാ അധ്യാപകർക്കുമായി, വീണ്ടും! 

 

 

പണ്ടെന്നോ...

പൈശാചിയിൽ ബൃഹത്ഗാഥകൾ*

തീർത്ത ഗുണാഢ്യനും

സംസ്കൃത പാഠം 

സരിത്തായ്പ്പകർത്തിയ 

ശ്രീ സോമദേവനും 

വെട്ടിയൊരുക്കിയ പാതയിതാ ഗുരോ

വെട്ടവുമായ് നീ മുന്നിൽ 

പോരുമേ, യെങ്കിലേ 

വിഷ്ണുശർമൻ തെളിച്ച 

പൂവാടിയിൽ പഞ്ചതന്ത്രം പിറക്കൂ

പൂർവികരുടെ  തീതണലിൽ 

പൂവാകകൾ തളിർക്കൂ!

 

ഇനിയൊരു മുൻ നടത്തം...

 

കണ്ണില് കർപ്പൂരദീപവുമായവർ 

മുന്നിൽത്തൊഴുതു നിൽക്കെ

ഓംകാരമായീ തുളുമ്പി വീണൂ

സൂര്യതേജസ്സു പോലെ 

ഭാഷാക്ഷരങ്ങൾ...

അന്ന് 

മണ്ണിൽ വിരിഞ്ഞു  ഹരിതകങ്ങൾ!

 

വിദ്യയർത്ഥിച്ചവർ മുന്നിൽ നിൽക്കേ 

സ്വപ്ന തീർത്ഥത്തിൽ ചാലിച്ചെടുത്തും  

അഗ്നിയാൽ  ശുദ്ധിചെയ്തും 

അക്ഷരം വായിച്ചെടുത്തും തിരുത്തിയും 

അഞ്ചാറു  താളിലായ് 

കൂട്ടിക്കിഴിച്ച നേർ പാഠങ്ങളും 

മനഃപാഠമായ് താളവും വൃത്തങ്ങളും  

നെഞ്ചിലെക്കൂട്ടിൽ വളർത്തിയ 

പൈങ്കിളിപ്പെണ്ണിന്റെ ഭാഷതൻ ശീലുകളും

പുസ്തകത്താളിൽ കുറിച്ച ശരികളിൽ 

ചുറ്റിത്തിരിഞ്ഞും വിടർന്നുലഞ്ഞും  

ചോപ്പിച്ചെടുത്ത വരയിലെ തെറ്റുകൾ  

കണ്ടെത്തി 

കണ്ണുനീരാൽ നനച്ചും 

നിൽപ്പുണ്ട് സൗന്ദര്യശിൽപ്പങ്ങൾ    

ഭാവിതൻ വാഗ്ദാനമാനം വരപ്രസാദം!

 

ചടുലനിശ്വാസവും 

മൃദുമന്ദഹാസവും

നെഞ്ചിൽത്തുടിക്കുന്ന പഞ്ചാരിയും 

കൂട്ടിക്കുഴച്ച നൈവേദ്യങ്ങൾ 

നമ്മുടെ പൈതങ്ങൾ

ഭാവിതൻ കാവ്യരശ്മി!

 

“ഇത്തിരിയെങ്കിലും മായ്ക്കുമോ 

നോവുകൾ, ചോപ്പുകൾ...

നോക്കുകീ തെറ്റെന്നു ചൊല്ലിയ സത്യങ്ങൾ 

കാണാതിരിക്കുവതെങ്ങനെ 

ടീച്ചറേ…”

 

പിഞ്ചിളം ചെണ്ടു വിതുമ്പി നിൽക്കേ, യൊരു 

കാണാക്കയത്തിന്റെയറ്റത്തു നിൽക്കുമീ 

പാവകൾ തീരാവരകൾ തീർക്കേ

മുന്നിലേക്കെത്തിയൊരു മാലാഖ കൊഞ്ചി…

 

 “ഇന്നലെ കുത്തിക്കുറിച്ചതാണീ 

വരിയൊന്നു നോക്കൂ 

എന്റെ ചങ്കാണിതിൽ...”

 

വരികളിലിനിയും മിഴിപ്പൂക്കളും 

മാരിവില്ലുകളും കുതിർന്നു 

നിൽപ്പുണ്ട്...

വറ്റാതിരിക്കട്ടെ സ്നേഹദ്രവ്യം

ഗുരുമാനസത്തിൽ,

പഞ്ചതന്ത്രങ്ങളിനിയും പടരട്ടെ 

കുഞ്ഞുങ്ങളിൽ,

അവരെന്റെ സ്വന്തം!

 

• പൈശാചി ഭാഷ നാമാവശേഷമായ ഭാഷ. ഈ ഭാഷയിൽ ആണ് ഗുണാഢ്യൻ ബൃഹത്കഥകൾ രചിച്ചത്. സോമദേവ ഭട്ടൻ ഇത് സംസ്കൃതത്തിൽ കഥാസരിത് സാഗരം എന്ന പേരിൽ ക്രോഡീകരിച്ചു.

 

Dr. അജയ് നാരായണൻ