സ്ത്രീ: ലേഖനം, സൂസൻ പാലാത്ര

 സ്ത്രീ: ലേഖനം, സൂസൻ പാലാത്ര

സ്ത്രീ ആരായിരിക്കണം, എങ്ങനെയായിരിക്കണം എന്നെല്ലാം പുരുഷന്മാരുൾപ്പടെയുള്ള പൊതുസമൂഹത്തിന് ഒരു നിഷ്ക്കർഷയുണ്ട്. പുരുഷന്റെ ചില സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി  അലിഖിതമായ ചില നിയമങ്ങൾ അവളിൽ അടിച്ചേല്പിച്ചിരിക്കപ്പെട്ടിരിക്കുന്നു.

  16 വയസ്സുവരെ ബാല, 16-30 തരുണി, 30-50 പ്രൗഢ, 50 നു മേൽ വൃദ്ധ വിവാഹിതയാകും വരെ പിതാവിന്റെ സംരക്ഷണത്തിലും, വിവാഹശേഷം ഭർത്താവിന്റെ സംരക്ഷണത്തിലും വാർദ്ധക്യത്തിൽ പുത്ര സംരക്ഷണത്തിലും കഴിയേണ്ട അവളർഹിക്കുന്ന സംരക്ഷണം നല്കാൻ ആരുമില്ലാത്ത അവസ്ഥയാണിന്ന്.

  സ്ത്രീയുടെ നാൾവഴിയിലൂടെ സഞ്ചരിച്ചാൽ ഏറിയ സങ്കടങ്ങൾ അവളുടെ കൂടപ്പിറപ്പാണെന്നു കാണാം. ശൈവകാലം മുതൽതന്നെ വീട്ടിലെ ആൺകുട്ടിക്കു ലഭിക്കുന്ന പരിഗണന അവൾക്ക് കിട്ടുന്നില്ല. കുട്ടിക്കാലം മുതൽ തന്നെ മകനെ സ്വതന്ത്രനായി ഉല്ലാസവാനായി നടത്തുമ്പോൾ മകളെ ചെന്നു കയറേണ്ട വീട്ടിൽ അവൾ അനുഷ്ഠിക്കേണ്ട ത്യാഗങ്ങളും ജോലികളും പഠിപ്പിച്ചു കൊടുക്കാൻ മാതാപിതാക്കൾ ബദ്ധപ്പെടുന്നു. തന്റെ വീട്, തന്റെ വീട് എന്നു ശരണം വിളിച്ചു നടന്നിരുന്ന മകളെ 'നക്കാപ്പിച്ച ' കൊടുത്ത് വിടുമ്പോൾ വീടെന്ന ചിന്തയില്ലാതെ ഉത്തരവാദിത്വരഹിതനായി നടന്ന മകനുമാത്രം  മാതാപിതാക്കളുടെ സ്ഥാവരജംഗമ വസ്തുക്കളുടെ ഭൂരിപക്ഷ  അവകാശം. അവൾക്കു കൊടുത്ത 'സ്ത്രീധനം ' അത് അവൾക്ക് കണികാണാനും കൂടി കഴിയില്ല, ഏറിയ ഭർത്താക്കന്മാരും ഭർത്തൃ വീട്ടുകാരും അത് ധൂർത്തടിയ്ക്കുന്നു. 

       ചെന്നു കയറിയ വീട്ടിൽ 'ഇട്ടു മൂടാൻ' സമ്പത്തുമായി ചെന്നില്ലെങ്കിൽ മരണം വരെ അവൾ അവിടെ 'അന്യ ' തന്നെ. അവിടെയുള്ളതൊക്കെ ഭർത്താവിന്റെയും അയാളുടെ  വീട്ടുകാരുടെയും സ്വന്തമെന്ന കുത്തുവാക്ക് അവൾ നിത്യേന കേൾക്കണം. അഭിപ്രായ സ്വാതന്ത്യം പോലും അനുവദിച്ചെന്നു വരില്ല.

        അവൾ ഒരുദ്യോഗസ്ഥകൂടിയെങ്കിലോ ദുരിതപർവ്വം വർദ്ധിയ്ക്കുന്നു. വെളുപ്പിനെ എഴുന്നേറ്റ് വീട്ടുകാർക്കുള്ളതെല്ലാമൊരുക്കി 'കഴിച്ചാലായി കഴിച്ചില്ലേലായി ' ആരറിയാൻ,  ജോലി സ്ഥലത്തേക്കോടുന്നു.

     തൊഴിലിടങ്ങളിലെ കഷ്ടപ്പാടും ചൂഷണങ്ങളും  തളർച്ചയും വിവിധ മാനസിക വ്യാപാരങ്ങളുമായി തളർന്നു വരുന്ന അവൾക്ക് വീണ്ടും ശമ്പളം വാങ്ങാത്ത വീട്ടുജോലിക്കാരിയുടെ റോൾ ഏറ്റെടുക്കേണ്ടി വരുന്നു. മതിയായ ഉറക്കമോ വിശ്രമമോ പോലും ലഭിക്കാറില്ല.

     ജോലിക്കാരനോ ജോലിയില്ലാത്തവനോ ആയ ഭർത്താവ് യഥാസമയം പത്രംവായിച്ചും വിശ്രമിച്ചും ഉറങ്ങിയും വ്യായാമങ്ങൾ ചെയ്തും സ്വന്തകാര്യത്തിൽ വ്യാപൃതനാകുമ്പോൾ അവൾക്കു് ഒരു വീട്ടുജോലിക്കാരിയുടെ പരിഗണനപോലും ലഭിക്കാത്തത് നിർഭാഗ്യകരമാണ്.  

      ഇങ്ങനെ കഷ്ടം സഹിച്ച് ജീവിതത്തോടു പട പൊരുതുന്നവരുടെ സ്ത്രീത്വത്തെ അപമാനിക്കാൻ കാപാലികർ കൂടി കച്ചകെട്ടിയിറങ്ങിയാലോ. വാഹനങ്ങളിലും, ബസ് സ്റ്റോപ്പുകളിലും യാത്രാവേളയിലും തൊഴിലിടങ്ങളിലും  ചാരിത്ര്യ സംരക്ഷണത്തിനായി അവൾ പാടുപെടുകയാണ്. ചാരിത്ര്യ സംരക്ഷണത്തിനായി സ്ത്രീരത്നങ്ങൾ കത്തിക്കും കല്ലിനും തോക്കിനും പെട്രോളിനും ആസിഡിനും ഇരയാകുന്നു.

തങ്ങളുടെ ഇച്ഛയ്ക്ക് വഴങ്ങിയില്ലെങ്കിൽ ജനനേന്ദ്രിയത്തിൽ കമ്പി കയറ്റിക്കൊല്ലാനോ പെട്രോളൊഴിച്ചു കത്തിച്ചു കൊല്ലാനോ  ഇത്തരം കാമഭ്രാന്തന്മാർക്ക് മടിയില്ല. തക്ക സമയത്ത് ഇടപെട്ട് അവളുടെ സ്ത്രീത്വ സംരക്ഷണത്തിനു വേണ്ട നിയമ പരിരക്ഷ നല്കാൻ ചുമതലയുള്ള അധികാരപ്പെട്ടവർ സ്വാധീനവലയത്തിലായി അമ്പേ പരാജയപ്പെടുന്നു!

   അടുത്തയിടെ ഒരു വമ്പൻ പ്രസ്താവിക്കുകയുണ്ടായി ബലാത്സംഗത്തിനൊരുങ്ങി അക്രമി വരുമ്പോൾ എതിർത്തു നില്ക്കാതെ സ്ത്രീ ജനങ്ങൾ സഹകരിക്കാൻ. ഇന്ത്യൻ നിയമങ്ങൾ സ്ത്രീ പരിരക്ഷയിൽ കുറെക്കൂടി ദുർബ്ബലമാക്കാൻ. ചാരിത്ര്യശുദ്ധിയ്ക്കു് വില കല്പിയ്ക്കാത്ത ചിലരുടെ വാക്കുകൾ " ഡെറ്റോളിട്ടു കഴുകി നന്നായി കുളിച്ചാൽ മാറുമത്രേ ഈ അപമാനവും  സങ്കടവും."

     ഭാരതം പോലെ ബലാത്സംഗികൾക്ക് ലൈസൻസു കൊടുത്ത ഒരു രാജ്യം വേറെ കാണില്ല. ഇന്ത്യൻ സ്ത്രീകൾ ഇന്ന് സ്വന്തം സഹോദരന്മാരിൽ നിന്നു് സംരക്ഷണം കൊതിയ്ക്കുന്നവരാണ്. " എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് " എന്ന പ്രതിഞ്ജക്ക് ഇന്നെന്തു പ്രസക്തിയാണുള്ളത്? ആ മനോഹരമായ പ്രതിഞ്ജ യൊക്കെ വെറും പഴങ്കഥയായിപ്പോയി. 

     തൊട്ടിലിൽ കിടക്കുന്ന പെൺകുഞ്ഞിനെയും തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശിയേയും അവർ കാമവികാരത്തിനിരയാക്കി നിർദ്ദാക്ഷിണ്യം കൊന്നുകളയുന്നു. സ്ത്രീയുടെ മൃതദേഹത്തോടൊപ്പം ' വേഴ്ച' നടത്താൻ ഭർത്താവിനെയും മക്കളെയും കൊന്നു് സ്ത്രീയുടെ മൃതശരീരത്തോടൊപ്പം വേഴ്ച നടത്തിയവരെക്കുറിച്ചും വായിക്കേണ്ട ഗതികെട്ട ലോകത്താണ് നാമിപ്പോൾ ജീവിക്കുന്നത്.

     സ്ത്രീയെ ബലാത്സംഗികളിൽ നിന്ന് സംരക്ഷിയ്ക്കാൻ ഇന്ത്യൻ നിയമങ്ങൾ പര്യാപ്തമല്ല. നിയമങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കേണ്ടവർ, അവരുടെ ജീവിതത്തിൽ  സ്ത്രീക്ക് അർഹമായ മാന്യത നല്കിയെങ്കിൽ മാത്രമേ അവർ പുറപ്പെടുവിക്കുന്ന ഉത്തരവുകളിലൂടെ സ്ത്രീക്ക്  മാന്യമായ നിയമ പരിരക്ഷ ലഭിയ്ക്കൂ.

   സ്ത്രീ സഭയിൽ മിണ്ടാതിരിക്കട്ടെ, എന്ന് സെന്റ് പോളും, ....... ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന് മനുസ്മൃതിയിലും ഒക്കെ  പരാമർശിച്ച അവസ്ഥ ഇന്നില്ലെങ്കിലും, പ്രകൃതി അവൾക്കു നല്കിയിരിക്കുന്ന ശാരീരികമായ പ്രത്യേകതകൾ കൊണ്ട് അവൾ എന്നും പുരുഷന്റെ അടിമയാണ്. അവളുടെ സ്ത്രൈണ ചിന്താഗതികളിലെ പ്രത്യേകതയായ 'അടിമത്ത സ്വഭാവം ' നിമിത്തം എല്ലാ പ്രതിസന്ധികളേയും തൃണവൽഗണിച്ച് സ്വന്തം കുടുംബത്തിനു വേണ്ടി അഹോരാത്രം  പ്രവർത്തിക്കാൻ ഉത്തമ സ്ത്രീ നിർബ്ബന്ധിതയാകുന്നു.

    പറയാൻ വളരെ സുഖമുള്ള വാക്കുകൾ: സ്ത്രീ അമ്മയാണ്, ഭാര്യയാണ്, പെങ്ങളാണു്, പുത്രിയാണ്. അത് അറിഞ്ഞു പെരുമാറാൻ തിരിച്ചറിവുള്ള പുരുഷന്മാർ ഭാരത മഹാരാജ്യത്ത് തുലോം ചുരുക്കമത്രേ.

        സ്ത്രീ എന്നും എവിടെയും വീട്ടിലും പുറത്തും ഏതു സമയത്തും രാത്രിയിലും പകലും മാനിയ്ക്കപ്പെടണം. അവൾ പുരുഷന്റെ ഇച്ഛാനുസരണം പ്രവർത്തിക്കേണ്ട വെറുമൊരു ഭോഗവസ്തുവോ കളിപ്പാട്ടമോ അല്ല.

               ......