നുറുങ്ങുകൾ: ടോബി തലയൽ

നുറുങ്ങുകൾ: ടോബി തലയൽ

 

ആകാശം
  


ഉയരത്തിലേക്ക് പക്ഷികൾ
കൊത്തിപ്പറക്കും നീല വിരിപ്പ് 

 

അഹിംസ 


ഓങ്ങി അടിക്കാൻ
ആവാത്തതിന്റെ
ഖേദം താങ്ങി 
നിൽക്കുന്ന ഒരു വടി 


ജീവിതം


റീടേക്കില്ലാത്ത സീനുകൾ
ചേർന്നൊരു സിനിമ

 

ദൈവം


ഒറ്റ ടേക്കിൽ എല്ലാ സീനും
ഓക്കേ ആക്കി
പാക്കപ്പ് പറയുന്ന
സംവിധായകൻ

ഇരുട്ട്


പതിവുപോലെ രാത്രി വന്നെന്റെ
കൂടെ കിടന്നു
പുതപ്പിനടിയിലേക്ക്
നൂണ്ട് കയറി
രാവിലെ ഉണർന്നുനോക്കുമ്പോൾ
കാണുന്നില്ല
എവിടേക്കാവും പോയിട്ടുണ്ടാവുക?

 

ക്ഷമ


കൊതുകിനറിയില്ലല്ലോ
എനിക്ക് വേദനിക്കുന്ന കാര്യം
പാവം, വിശന്നിട്ടല്ലേ
കുടിച്ചോട്ടെ അൽപ്പം ചോര

 

ടോബി തലയൽ