മരണവണ്ടി: കവിത, പ്രസാദ് കുറ്റിക്കോട്

മരണവണ്ടി: കവിത,  പ്രസാദ് കുറ്റിക്കോട്

വീട്ടുകാർ കൂട്ടുകാർ നാട്ടുകാരെല്ലാം
നിറച്ചുണ്ണുന്നൊരോണനാളിൽ
ചോർന്നൊലിക്കുന്ന കൂരയിൽ
തീത്തിറകെട്ടുന്നു പട്ടിണി.

പൂക്കളില്ലാ കളങ്ങൾ ദരിദ്രം!

വിശപ്പുകൊണ്ടേ വിശപ്പടക്കുന്നു
കണ്ണീരുകൊണ്ടേ കണ്ണീർ തുടക്കുന്നു
ദുഃഖങ്ങൾകൊണ്ടേ ദുരിതം മറക്കുന്നു
ഹാ! മടുത്തുപോയ് ജീവിതം.

സന്ധ്യ മയങ്ങി, പകലോൻ മറഞ്ഞു
മുന്നിലിതാ നീണ്ടുനിവർന്നൊരു പാളം
എല്ലാം മറക്കാം, സുഖമായുറങ്ങാം
ഉണരാതിരിക്കാം ദുരിതത്തിലേക്ക്.

തെല്ലു തെക്കു നിന്നെത്തുന്നു
പേടിപ്പെടുത്തുന്ന തീവണ്ടി മൂളൽ
നേർത്ത നിലാവിന്റെയനന്തതയിൽ
മരണഗന്ധം പുതച്ചുറങ്ങുന്നു നാലുപേർ.

അച്ഛനുമമ്മയും രണ്ട് പൈതങ്ങളും

വണ്ടിയടുക്കുവാൻ ചെറ്റു ദൂരമേയുള്ളു
പേടിയേറുന്നു ശബ്ദമിടറുന്നു തൊണ്ട വരളുന്നു
ജീവിതം-മരണം മുഖാമുഖം.

"അച്ഛാ ! ദാഹമേറുന്നു"വെന്നി-
ടറുന്ന പൈതലിൻ ചുണ്ടുകൾ

ഉരുകിപ്പിടയുന്നു പിതൃഹൃദയം
കണ്ണീരു വാർക്കുന്നു മിഴികൾ.

ഞെട്ടിയുണർന്നയാൾ വിളിച്ചെഴുന്നേ-
ൽപ്പിച്ചു പത്നിയെ മക്കളെ
"ഇല്ല മരണത്തിനിനി നമ്മിലൊരു
പരമാധികാരം, പോകാം ജീവിതത്തിലേക്ക്"

വിശന്നൊട്ടിയ വയറിന്നുടമതൻ
തോളിലാരോ തൊടുന്ന പോലെ

അച്ഛനു നേർക്ക് നീട്ടുന്നു
സ്നേഹം പൊതിഞ്ഞൊരു നോട്ട്,

"മക്കളുടെ വിശപ്പടക്കൂ".

നീളും വിരൽത്തുമ്പിലൊരു
അഗ്നികോണെരിയുന്നു
ദൈവഭാവം തെളിയുന്നു
മാനുഷ ചിന്തകളുയരുന്നു
മുറി-വാർന്നൊഴുകുന്ന രുധിരം കണക്കേ
കണ്ണീർ പാദങ്ങളിൽ ഊർന്നുവീണു.

പിന്നെയും തെളിയുന്ന
ജീവിത സമസ്യയിൽ കണ്ണുനട്ടിരി-
യ്ക്കയായ് സ്വപ്നവും പ്രതീക്ഷയും.

മരണവണ്ടീ നീ പൊയ്ക്കൊൾക
ഞാനെന്റെ ജീവിതത്തിലേക്ക്
തിരിച്ചു പോകട്ടെ.


പ്രസാദ് കുറ്റിക്കോട്