ഞായറാഴ്ചയോടെ സര്‍വീസുകള്‍ സാധാരണനിലയിലാകുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഞായറാഴ്ചയോടെ സര്‍വീസുകള്‍ സാധാരണനിലയിലാകുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ന്യൂഡല്‍ഹി: തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേ എയർ ഇന്ത്യ എക്സ്പ്രസിന്റെ കാബിൻ ക്രൂ നടത്തിവന്ന സമരം പിൻവലിച്ചെങ്കിലും സർവീസുകള്‍ സാധാരണഗതിയിലാക്കാൻ സാധിച്ചില്ല.

വെള്ളിയാഴ്ചയും 75 എയർഇന്ത്യ എക്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഞായറാഴ്ചയോടെ പ്രവർത്തനങ്ങള്‍ സാധരണഗതിയിലാക്കാൻ കഴിയുമെന്ന് അധികൃതരെ ഉദ്ധരിച്ച്‌ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ എയർഇന്ത്യ എക്പ്രസ് വാക്താവ് ഇതുസംബന്ധിച്ച്‌ പ്രതികരണം നടത്തിയിട്ടില്ല.

വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം യാത്രക്കാർക്ക് നഷ്ടപരിഹാരവും മറ്റുമായി കമ്ബനിക്ക് 30 കോടി രൂപയോളം ബാധ്യതയുണ്ടായതായും അധികൃതർ അറിയിച്ചു. കാബിൻ ക്രൂ അംഗങ്ങള്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ആരംഭിച്ച സമരത്തെ തുടർന്ന് എയർ ഇന്ത്യ എക്പ്രസിന് ഇതുവരെയായി 250 ഓളം സർവീസുകളാണ് റദ്ദാക്കേണ്ടി വന്നത്. ശനിയാഴ്ചയും 50 ഓളം സർവീസുകള്‍ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിനിടെ നടക്കുന്ന സമരം വിമാനസർവീസുകളെയാകെ ബാധിച്ചതോടെ കേന്ദ്രസർക്കാർ മുൻകൈയെടുത്ത് നടത്തിയ ചർച്ചയിയില്‍ വ്യാഴാഴ്ച സമരം പിൻവലിക്കാൻ തീരുമാനിച്ചിരുന്നു.