മൃദുഹിന്ദുത്വത്തിന്റെ ഭാഗമായി നിന്ന് തീവ്രഹിന്ദുത്വത്തെ നേരിടാമെന്ന കോണ്‍ഗ്രസ് ധാരണക്കേറ്റ തിരിച്ചടി: പിണറായി വിജയന്‍

മൃദുഹിന്ദുത്വത്തിന്റെ ഭാഗമായി നിന്ന് തീവ്രഹിന്ദുത്വത്തെ നേരിടാമെന്ന കോണ്‍ഗ്രസ്   ധാരണക്കേറ്റ തിരിച്ചടി: പിണറായി വിജയന്‍

പാലക്കാട്: മൃദുഹിന്ദുത്വത്തിന്റെ ഭാഗമായിനിന്ന് തീവ്രഹിന്ദുത്വത്തെ നേരിടാം എന്ന കോണ്‍ഗ്രസിന്റെ മിഥ്യാധാരണക്കേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സമാനചിന്താഗതിയുള്ള പാര്‍ട്ടികളെ കൂടെനിര്‍ത്താതെ ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാം എന്ന കോണ്‍ഗ്രസിന്റെ ചിന്താഗതിക്കേറ്റ തിരിച്ചടിയാണ് ഇത്. രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച്‌ പ്രതികരിക്കുകായിരുന്നു മുഖ്യന്ത്രി. ചിറ്റൂര്‍ ഗവ. ബോയ്സ് എച്ച്‌എസ്‌എസ് മൈതാനത്ത് നടന്ന ചിറ്റൂര്‍ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. കോണ്‍ഗ്രസിന്റെ നിലപാട് തെറ്റാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. കമല്‍നാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഹിന്ദ്വുത്വ നിലപാട് ബിജെപിക്ക് ഗുണമായി ഭവിച്ചു.

ബിജെപിയെ ഒറ്റയ്ക്ക് നേരിടാം എന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ബിജെപിയെപ്പോലൊരു പാര്‍ട്ടിയെ നേരിടുമ്ബോള്‍ സമാനമനസ്‌കരായ എല്ലാവരുടെയും പിന്തുണ ആര്‍ജിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ട് തെറ്റുതിരുത്തി എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.