ആദിത്യ എല്‍1 നാളെ ലഗ്രാഞ്ച് പോയന്‍റിലെത്തും; ആകാംക്ഷയോടെ ലോകം

ആദിത്യ എല്‍1 നാളെ ലഗ്രാഞ്ച് പോയന്‍റിലെത്തും; ആകാംക്ഷയോടെ ലോകം
ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1 നാളെ ലഗ്രാഞ്ച് (എല്‍ 1) പോയന്‍റിലെത്തുമെന്ന് ഐ.എസ്.ആര്‍.ഒ.വൈകിട്ട് നാലു മണിയോടെ അന്തിമ ഭ്രമണപഥത്തില്‍ ആദിത്യ എല്‍1 പ്രവേശിക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ എസ്.സോമനാഥ് അറിയിച്ചു.

125 ദിവസം കൊണ്ട് 15 ലക്ഷം കീലോമീറ്റര്‍ സഞ്ചരിച്ചാണ് ലഗ്രാഞ്ച് പോയിന്‍റില്‍ പേടകം എത്തുന്നത്. ഭൂമിയുടെയും സൂര്യന്‍റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെക്കുക. ഇതിനായി ആദിത്യയിലെ എൻജിൻ ജ്വലിപ്പിച്ച്‌ പേടകം മുന്നോട്ട് പോകാതെ ലഗ്രാഞ്ച് പോയന്‍റില്‍ എത്തിക്കും. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ആകെ ദൂരം 15 കോടി കിലോമീറ്ററാണ്.

സെപ്റ്റംബര്‍ രണ്ടിനാണ് സൂര്യ രഹസ്യങ്ങള്‍ തേടി ആദിത്യ എല്‍1 ആന്ധ്രയിലെ ശ്രീഹരികോട്ടയില്‍ നിന്ന് പി.എസ്.എല്‍.വി സി 57 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ചത്. ഭൂമിയുടെയും സൂര്യന്‍റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക.