ആരോ വിളിക്കുന്നപോലെ  : കവിത, മാണിയംകുളം കെ സുബ്രൻ

Sep 3, 2022 - 13:22
Mar 9, 2023 - 12:37
 0  130
ആരോ വിളിക്കുന്നപോലെ  :  കവിത,  മാണിയംകുളം കെ സുബ്രൻ

 

കുളിർക്കാറ്റിൽ

സുഗന്ധലേപനങ്ങൾ

പരന്നൊഴുകുന്ന

മണിമേടയിൽ

നയനമനോഹരി

മയങ്ങുന്ന പൂക്കൾ വിതറിയ തല്പത്തിൽ

ഊണുറക്കങ്ങളില്ലാതെ

കിടന്നും ഇരുന്നും

രാവും പകലും

ഇഴയടുപ്പങ്ങളില്ലാതെ

പഴുത്തയിലപോലെ.                   

 

തെരുവോരക്കാഴ്ചയിൽ                     

മാനവദുഃഖങ്ങളൊരു

പെരുമഴയായി

അകതാരിൽ പെയ്തിറങ്ങി സമയമായെന്ന്

ആരോ വിളിക്കുന്നപോലെ.                                

 

എങ്ങും വിലമതിക്കാത്ത ആറ്റുതീരത്തെ

ചിതയിലേക്കെത്തുന്ന ശവഘോഷയാത്ര

തെരുവിൽ

രോഗം വിഴുങ്ങിയ

വാർദ്ധക്യത്തിൻ

ദുഃഖസാഗരത്തിൽ

കരൾപിളരുന്ന

രോദനങ്ങളിൽ

സങ്കടക്കുമിളകൾ പൊട്ടുന്നു.  

              

പ്രണയിനിയെ

ഒരു വാക്കും പറഞ്ഞ് തൊട്ടുണർത്താതെ

വിലമതിക്കുന്ന ആടയാഭരണങ്ങളണിയാതെ

സിംഹാസനത്തിൽ

മനംമയങ്ങാതെ രാത്രിയുറക്കത്തിലാഴ്ത്തിയ

മണിമന്ദിരത്തിൽ നിന്നിറങ്ങി പൂഴിമണ്ണിലൂടെ

നഗ്നപാദനായി

ബോധോദയത്തിനായി

യാത്രയായി.

 

 

മാണിയംകുളം കെ സുബ്രൻ