ആലപ്പുഴ SD കോളജിൽ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി
ആലപ്പുഴ SD കോളജിൽ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. നാലു വർഷ ബിരുദ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് കേരള സർവകലാശാല പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുകയാണ്.
സപ്ലിമെന്‍ററി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് സപ്ലിമെന്‍ററിയുടെ ചോദ്യപേപ്പറുമാണ് അധ്യാപകർ നൽകിയത്.
പരീക്ഷാ കോഡുകൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കാതെയാണ് ചോദ്യപേപ്പർ വിതരണം ചെയ്തത്. പരീക്ഷ പൂർത്തിയാക്കി മൂല്യനിർണ്ണയത്തിന് അയച്ചപ്പോഴാണ് കോഡ് മാറിയ വിവരം സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്.
ചോദ്യ പേപ്പർ കോഡിലെ അപാകത ചൂണ്ടിക്കാട്ടിയാണ് സർവകലാശാല ഫലം തടഞ്ഞത്. സംഭവത്തിൽ കോളജ് അധികൃതർക്കെതിരെയും പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകർക്കെതിരെയും പ്രതിഷേധം ശക്തമാണ്.
ഡിസംബർ അവസാനവും ജനുവരി ആദ്യവാരവുമായി നടന്ന പരീക്ഷകളുടെ ഫലം സർവകലാശാല തടഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫെബ്രുവരി നാലു മുതൽ വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും, ചോദ്യപേപ്പർ കോഡ് മാറിയ പരീക്ഷകളുടെ ഫലം മാത്രം വരാതിരുന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരുന്നു.
സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ് വിദ്യാർഥി സംഘടനകൾ. റെഗുലർ, സപ്ലിമെന്‍ററി പരീക്ഷകൾ എഴുതിയ വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞുവച്ചിരിക്കുന്നത്. കോളജ് അധികൃതരുടെ അശ്രദ്ധയ്ക്കെതിരെ എസ്എഫ്ഐ കാമ്പസിൽ പ്രതിഷേധ സമരം നടത്തി.
വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ, പരീക്ഷാ നടത്തിപ്പിൽ പിഴവ് സംഭവിച്ചതായും ചോദ്യപേപ്പർ മാറി നൽകിയതായും പ്രിൻസിപ്പൽ ഡോ. വി.ആർ. പ്രഭാകരൻ നായർ സമ്മതിച്ചു.