സംസ്ഥാനത്ത് 12 പുതിയ ശബരിമല ഇടത്താവളങ്ങൾ
Sabarimala Pilgrimage: കേരളത്തിലുടനീളം ഇത്തരത്തിലുള്ള പന്ത്രണ്ട് ഇടത്താവളങ്ങൾ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ 6 ഇടത്താവളങ്ങളുടെ പണി മികച്ച രീതിയിൽ പുരോഗമിച്ചുവരുന്നു. കഴക്കൂട്ടത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ ശബരിമല ഇടത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ശബരിമല തീർഥാടകർക്ക് വിശ്രമ സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ.
കേരളത്തിലുടനീളം ഇത്തരത്തിലുള്ള പന്ത്രണ്ട് ഇടത്താവളങ്ങൾ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.
നിലവിൽ 6 ഇടത്താവളങ്ങളുടെ പണി മികച്ച രീതിയിൽ പുരോഗമിക്കുകയാണ് എന്ന് മുഖ്യമന്ത്രി അറിയിച്ചു.
മണിയങ്കോട്, എരുമേലി എന്നിവയ്ക്ക് ശേഷം ഇപ്പോൾ കഴക്കൂട്ടത്തും പദ്ധതി പൂർത്തിയായിരിക്കുകയാണ്.
നിലക്കലിലെ ഇടത്താവളം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ചെങ്ങന്നൂരിലേത് വേഗതയിൽ പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
തീർഥാടന കാലത്ത് ഭക്തർക്ക് വലിയ തോതിൽ ഉപകരിക്കുന്ന ഈ കേന്ദ്രങ്ങൾ, ശബരിമല മണ്ഡലകാല തീർഥാടനം കഴിഞ്ഞുള്ള സമയങ്ങളിൽ മറ്റ് പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
കഴക്കൂട്ടത്തെ അത്യാധുനിക മന്ദിരം പത്ത് കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി 32,000 ചതുരശ്ര അടി വിസ്തീർണത്തിൽ പണികഴിപ്പിച്ച ഈ ഇടത്താവളത്തിൽ ഒരേസമയം 300 പേർക്ക് ഭക്ഷണം കഴിക്കാവുന്ന വിശാലമായ അന്നദാന മണ്ഡപം സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ 75 പുരുഷന്മാർക്കും 25 സ്ത്രീകൾക്കും താമസിക്കാവുന്ന ഡോർമിറ്ററി സൗകര്യം, സുരക്ഷിതമായ ലോക്കർ റൂമുകൾ, ഹൈസ്പീഡ് വൈഫൈ സംവിധാനം തുടങ്ങിയ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം കഴക്കൂട്ടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആധുനിക സൗകര്യങ്ങളോട് കൂടിയ ഇടത്താവളം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.