വേള്‍ഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ കേരള പിറവി ആഘോഷം വർണോജ്വലമായി

വേള്‍ഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ കേരള പിറവി ആഘോഷം വർണോജ്വലമായി
ജോളി എം. പടയാട്ടിൽ
അയര്‍ലണ്ട്: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ്റെ എട്ടാം കലാസാംസ്ക്‌കാരിക സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കേളെ പിറവി ആഘോഷം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളാൽ വർണോജ്വലമായി. 

നവംബർ 25 -ന് വൈകുന്നേരം നാലു മണിക്ക് (15:00 യുകെ, 20:30 ഇന്ത്യന്‍ സമയം) വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ കേരളപിറവി ആഘോഷം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ കലാപരിപാടികളോടെ സംയുക്തമായി ആഘോഷിച്ചു. കേരളത്തിൻ്റെ തനതായ കലാരൂപങ്ങളെക്കുറിച്ചുള്ള പ്രഭാഷണവും നടന്നു.

 
വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് വുമൻസ് ഫോറം പ്രസിഡൻ്റ് ശ്രീജ ഷിൽഡ്‌കാംബിൻറെ ഈശ്വര പ്രാർത്ഥനയോടെയാണ് കേരളപിറവി ആഷോഷങ്ങൾക്ക് തുടക്കമിട്ടത്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡൻ്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്‌തു. കേരള കലാ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്റെ അസാന്നിദ്ധ്യത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് ജോൺ മത്തായി സമ്മേളനം ഉദ്ഘാടനം ചെയ്തു‌. 

 
നവകേരള യാത്രയിലായിരുന്ന മന്ത്രി കളമശ്ശേരി കുസാറ്റിലുണ്ടായ അത്യാഹിതത്തെത്തുടർന്ന് മുഖ്യമന്ത്രി വിളിച്ച അടിയന്തിരയോഗത്തിൽ പങ്കെടുത്തതിനാൽ കേര പിറവി ആഘോഷത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ല.
 
കേരള കലാസാംസ്ക്‌കാരിക ചരിത്ര മ്യൂസിയം ഡയറക്‌ടർ ആർ. ചന്ദ്രൻപിള്ള കേരളത്തിന്റെ തനതായ കലാരൂപങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു പ്രഭാഷണം നടത്തി. 
 
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ, സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, ടൂറിസം ഫോറം പ്രസിഡൻ്റ് തോമസ് കണ്ണങ്കേരിൽ, ഇന്ത്യാ റീജിയൻ പ്രസിഡൻ്റ് ഡോ. അജി അബ്‌ദുള്ള, ഗ്ലോബൽ കൾച്ചറൽ ഫോറം പ്രസിഡൻ്റ് ചെറിയാൻ റ്റി. കീക്കാട്, യു.എൻ. അഡ്മിനിസ്ട്രേഷൻ ഓഫീസർ സോമരാജ് പിള്ള, പ്രമുഖ വ്യവസായിയും, അങ്കമാലി മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡൻറുമായ അഡ്വക്കേറ്റ് ജോണി കുര്യാക്കോസ്, രാജു കുന്നാട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയണിലെ നോർത്ത് ടെക്‌സാസ് പ്രൊവിൻസ് അവതരിപ്പിച്ച തിരുവാതിരയും, യൂറോപ്പ് റീജിയണിലെ അയർലണ്ട് പ്രൊവിൻസിലെ വുമൻസ് വിഭാഗം അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും മനോഹരവും നയനാനന്ദകരവുമായിരുന്നു. 

 
അമേരിക്കൻ റീജിയണിലെ പ്രസിദ്ധ മലയാളി ഗായകരായ ജോണ്‍സണ്‍ തലശല്ലൂരും ആന്‍സി തലശല്ലൂരും ചേര്‍ന്ന് അവതരിപ്പിച്ച മലയാളത്തിലും ഹിന്ദിയിലുമുള്ള യുക്മഗാനങ്ങൾ, യൂറോപ്പിലെ പ്രസിദ്ധ നായകനായ സോബിച്ചൻ ചേന്നങ്കരയും ശ്രീജ ഷിൽഡ് കാമ്പ് ആലപിച്ച ഗാനങ്ങളും ശ്രുതിമധുമവും നയനാനന്തകരവുമായിരുന്നു.
 
ഗ്ലോബല്‍ വൈസ്‌ചെയർമാനും, കലാസാംസ്‌കാരികരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലും, യുകെയിൽ പഠിക്കുന്ന നർത്തകിയും പ്രസംഗികയുമായ അന്ന ടോമും ചേര്‍ന്നാണ് മോഡറേറ്റ് ചെയ്തത്.
 
യു.കെ.പ്രൊവിൻസ് പ്രസിഡൻ്റ് സൈബിൻ പാലാട്ടി, യു.കെ.നോർത്ത് വെസ്റ്റ് പ്രൊവിൻസ് പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യൻ, സനു പടയാട്ടിൽ, പ്രശസ്‌ത മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ കാരൂർ സോമൻ, ജർമൻ പ്രൊവിൻസിലെ എക്‌സിക്യൂട്ടിവ് മെമ്പറും, ജർമൻ മലയാളി സമൂഹത്തിലെ പ്രശസ്‌ത ഫോട്ടോഗ്രാഫറുമായ ജോൺ മാത്യു, ചിനു പടയാട്ടിൽ എന്നിവർ സജീവമായി പങ്കെടുത്തു. യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു. 
 
രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സാംസ്‌കാരിക സമ്മേളനത്തിൻ്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. 
 
ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. 
അടുത്ത കലാസാംസ്‌കാരികവേദി ഡിസംബർ 30-ാം തീയതി ശനിയാഴ്ച്‌ചയാണ് നടക്കുക. പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ ഏതെങ്കിലും വിഷയങ്ങളെക്കുറിച്ച് ഈ വേദിയിൽ ചർച്ചചെയ്യപ്പെടണമെന്നു ആഗ്രഹിക്കുന്നവർ പ്രസ്തു‌ത വിഷയം ഡിസംബർ 15-ാം തീയതിക്കകം വേൾഡ് മലയാളി കൗൺസിൽ യൂറോപ്യൻ റീജിയൻ ഭാരവാഹികളെ അറിയിക്കേണ്ടതാണ്. 
 
വിഷയത്തിൻ്റെ പ്രാധാന്യവും, മുൻഗണനാക്രമവുമനുസരിച്ചു ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ / വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ വച്ചു ഈ വേദിയിൽ ചർച്ചചെയ്യാവുന്നതാണ്.
 
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്‌കാരിക വേദിയിൽ പ്രവാസികൾ അഭിമുഖികരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
 
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്‌മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.