വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൻ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൻ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു

ജോളി എം. പടയാട്ടില്‍

ലണ്ടൻ: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍റേയും യൂറോപ്പ് റീജിയന്  കീഴിലുള്ള എല്ലാ പ്രൊവിന്‍സുകളിലേയും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാചടങ്ങും ഡോ. ജോബിന്‍ എസ്. കൊട്ടാരത്തിന്‍റെ 'പ്രവാസികള്‍ ഭാരതത്തിന്‍റെ അംബാസിഡര്‍മാര്‍' എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണവും നടന്നു. യൂറോപ്പിലെ അനുഗ്രഹീതഗായകനായ സോബിച്ചന്‍ ചേന്നങ്കരയുടെ പ്രാർഥനാഗാനത്തോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത്. 

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, യൂറോപ്പ് റീജിയണ്‍ ഭാരവാഹികള്‍ക്ക് ദൈവനാമത്തില്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തുകൊണ്ട് 2024-25 ലേക്കുള്ള യൂറോപ്പ് റീജിയന്‍ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റീജിയണിന്‍റേയും പ്രൊവിന്‍സുകളുടേയും എല്ലാ ഭാരവാഹികള്‍ക്കും അദ്ദേഹം അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു.

ജോളി തടത്തില്‍ (ചെയര്‍മാന്‍), ജോളി എം. പടയാട്ടില്‍ (പ്രസിഡന്‍റ്), ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി), ഷൈബു ജോസഫ് (ട്രഷറര്‍), സുനില്‍ ഫ്രാന്‍സീസ് (വൈസ് ചെയര്‍മാന്‍), രാജു കുന്നക്കാട്ട് (വൈസ് പ്രസിഡന്‍റ്), ബൈജു ജോസഫ് എടക്കുന്നത്ത് (വൈസ് പ്രസിഡന്‍റ്) എന്നിവരാണ് യൂറോപ്പ് റീജിയണ്‍ ഭാരവാഹികള്‍.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ യൂറോപ്പ് റീജിയണിന്‍റെ കീഴിലുള്ള എല്ലാ പ്രൊവിന്‍സ് ഭാരവാഹികള്‍ക്കും, പ്രത്യേകിച്ച് യുകെ. പ്രൊവിന്‍സ്, യുകെ.നോര്‍ത്ത് വെസ്റ്റ് പ്രൊവിന്‍സ്, അയര്‍ലണ്ട് പ്രൊവിന്‍സ്, ഫ്റാങ്കു ഫര്‍ട്ട് പ്രൊവിന്‍സ്, ജര്‍മന്‍ പ്രൊവിന്‍സ് എന്നീ പ്രൊവിന്‍സുകള്‍ക്ക് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച്, അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ വൈസ് ചെയര്‍മാനും ഇലക്ഷന്‍ കമ്മീഷണറുമായ ഗ്രിഗറി മേടയിലിന്‍റെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്‍റ് ജോളി എം. പടയാട്ടില്‍ എല്ലാവരേയും സ്വാഗതം ചെയ്തു. യൂറോപ്പ് റീജിയന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളിയുള്‍പ്പെടെയുള്ളവരെ അദ്ദേഹം അനുസ്മരിച്ചു.

ഡോ. ജോബിന്‍ എസ് കൊട്ടാരത്തിന്‍റെ 'പ്രവാസികള്‍ ഭാരതത്തിന്‍റെ അംബാസിഡര്‍മാര്‍' എന്ന പ്രഭാഷണം വിജ്ഞാനപ്രദവും ചിന്താദീപ്തവുമായിരുന്നു. ബൗധീക ഘടകങ്ങള്‍ കൂടിയ ജനവിഭാഗമാണ് മലയാളികളെന്നും അതുകൊണ്ടാണ് പ്രവാസികളായി വിദേശ രാജ്യങ്ങളില്‍ കഴിയുമ്പോള്‍ തങ്ങളുടെ കര്‍മമേഖലകളിലും, നേതൃരംഗത്തും തിളങ്ങുവാന്‍ മലയാളികള്‍ക്ക് കഴിയുന്നതെന്ന് ഉദാഹരണസഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സാംസ്കാരികരംഗത്തുണ്ടായ മുന്നേറ്റം മലയാളിയുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിച്ചുവെന്നും അതാണ് വിദേശരാജ്യങ്ങളില്‍ ജീവിത വിജയം നേടി ഭാരതത്തിന്‍റെ സാമൂഹ്യ, സാംസ്കാരിക അംബാസിഡര്‍മാരാകുവാന്‍ അവരെ സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം ഐഎഎസ്., ഐഎഫ്എസ്, ഐപിഎസ് പ്രതിഭകളെ ഭാരതത്തിനു സമ്മാനിച്ച അബ്സൊലൂട്ട് ഐഎഎസ്.അക്കാദമിയുടെ ചെയര്‍മാന്‍ കൂടിയായ ഡോ. ജോബിന്‍ എസ്.കൊട്ടാരം അന്‍പതിലധികം മോട്ടിവേഷനല്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഹിന്ദുമതത്തെ നവീകരിച്ച് പുതുജീവന്‍ നല്‍കിയ ആദി ശങ്കരാചാര്യര്‍ തന്‍റെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് കേരളത്തിലാണെന്നും ഡോ. ജോബിന്‍ എസ്.കൊട്ടാരം പറഞ്ഞു.

യൂറോപ്പിലെ അനുഗ്രഹീത ഗായകരായ ജെയിംസ് പാത്തിക്കല്‍, സോബിച്ചന്‍ ചേന്നങ്കര തുടങ്ങിയവരുടെ ഗാനങ്ങള്‍ സ്വരമാധുര്യം കൊണ്ടും, അവതരണ പുതുമകൊണ്ടും മികവുറ്റതായിരുന്നു. പ്രഫസര്‍ ഡോ. അന്നക്കുട്ടി ഷിന്‍ഡെ ആലപിച്ച കൊച്ചു കവിതകള്‍ ശ്രുതിമധുരവും ചിന്താദീപ്തവുമായിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ട്രഷറര്‍ ഷൈബു ജോസഫ് കൃതജ്ഞത പറഞ്ഞു. യുകെയിലെ വിദ്യാർഥിനിയായ അന്നാ ടോമാണ് കലാസാംസ്കാരികവേദി മോഡറേറ്റ് ചെയ്തത്. എല്ലാ മാസത്തിന്‍റേയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരികവേദിയില്‍ എല്ലാ പ്രവാസിമലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍നിന്നു കൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്‍റെ ആദ്യത്തെ ഒരുമണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യപ്പെടുക. ഇതില്‍ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ മന്ത്രിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക.

അടുത്ത കലാസാംസ്കാരികവേദി നടക്കുന്ന മാര്‍ച്ച് 30 ന് എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ സ്വാഗതം ചെയ്യുന്നു.