പ്രജ്വല്‍ രേവണ്ണയെ പിടികൂടാന്‍ അന്വേഷണസംഘം ജര്‍മനിയിലേക്ക്; വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തം

പ്രജ്വല്‍ രേവണ്ണയെ പിടികൂടാന്‍ അന്വേഷണസംഘം ജര്‍മനിയിലേക്ക്; വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തം

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടെത്താനുള്ള സമ്മര്‍ദ്ദം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). പ്രജ്വല്‍ കീഴടങ്ങാന്‍ വൈകുന്നതിനാല്‍ അന്വേഷണ സംഘത്തില്‍പ്പെട്ട എട്ട് അംഗ ഉദ്യോഗസ്ഥര്‍ പ്രജ്വലിനെ പിടികൂടാന്‍ വിദേശത്തേക്ക് പോകാനാണ് തീരുമാനം. ഏപ്രില്‍ 26ന് ഹാസനിലെ വോട്ടെടുപ്പിന് ശേഷം ജര്‍മനിയിലേക്ക് കടന്ന പ്രജ്വല്‍, രണ്ട് തവണ ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിട്ടും കീഴാടങ്ങാത്ത സാഹചര്യത്തിലാണ് നടപടി.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്‍റെ സഹായത്തോടെയാണ് അന്വേഷണസംഘം വിദേശത്തേക്ക് പോകുക. കര്‍ണാടകയിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ അത് കഴിഞ്ഞശേഷം പ്രജ്വല്‍ കീഴടങ്ങുമെന്ന സൂചനകളും ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. പ്രജ്വലിന്‍റെ ഹാസനിലെ വീട് പോലീസ് സീല്‍ ചെയ്ത് മുദ്രവച്ചു.

അതേസമയം പ്രജ്വലിന്‍റെ പീഡനത്തിനിരയായവര്‍ക്കായി കര്‍ണാടക പോലീസ് ഹെല്‍പ്‌ലൈന്‍ സംവിധാനം ആരംഭിച്ചു. 300ലധികം സ്ത്രീകളുടേതായി 2976ലധികം ദൃശ്യങ്ങളാണ് നാടാകെ പരന്നത്. ഇവര്‍ക്ക് നിയമ സഹായത്തിന് പുറമെ കൗണ്‍സിലിംഗും നല്‍കാനാണിത്. ചൂഷണത്തിനിരയായ സ്ത്രീകളില്‍ ചിലര്‍ നാടുവിട്ടു പോയതായും പറയുന്നുണ്ട്.