ആ ആറ് ഇരകളിൽ ഒരാൾ ഞാൻ തന്നെ ; ബ്രിജ് ഭൂഷണെതിരെ വിനേഷ് ഫോഗട്ട്

May 3, 2026 - 15:33
 0  3
ആ ആറ് ഇരകളിൽ ഒരാൾ ഞാൻ തന്നെ ; ബ്രിജ് ഭൂഷണെതിരെ   വിനേഷ് ഫോഗട്ട്

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ആറ് വനിതാ താരങ്ങളിൽ ഒരാൾ താനാണെന്ന് വിനേഷ് ആദ്യമായി പരസ്യമായി വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാലും, സുപ്രീം കോടതിയുടെ മാർഗനിർദ്ദേശപ്രകാരം ഇരകളുടെ അന്തസ്സ് സംരക്ഷിക്കേണ്ടതിനാലുമാണ് ഇതുവരെ പേര് വെളിപ്പെടുത്താതിരുന്നതെന്ന് വിനേഷ് പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ തന്നെ ഇതിന് നിർബന്ധിതയാക്കുകയാണെന്ന് താരം ചൂണ്ടിക്കാട്ടി. ബ്രിജ് ഭൂഷണിന്റെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ ഗുസ്തി ട്രയൽസുകൾ നടത്താനുള്ള ഫെഡറേഷന്റെ തീരുമാനമാണ് വിനേഷിനെ പ്രകോപിപ്പിച്ചത്.

ബ്രിജ് ഭൂഷൺ അധ്യക്ഷസ്ഥാനത്തുനിന്ന് മാറിയെങ്കിലും സഞ്ജയ് സിംഗിലൂടെ അദ്ദേഹം തന്നെയാണ് ഫെഡറേഷൻ നിയന്ത്രിക്കുന്നത്. ബ്രിജ് ഭൂഷണിന്റെ ഉടമസ്ഥതയിലുള്ള നന്ദിനി നഗർ മഹാവിദ്യാലയത്തിൽ വച്ച് മത്സരങ്ങൾ നടത്തുമ്പോൾ നിഷ്പക്ഷമായ വിധിനിർണ്ണയം അസാധ്യമാണ്. റഫറിമാരെ നിശ്ചയിക്കുന്നതിലും പോയിന്റുകൾ നൽകുന്നതിലും അദ്ദേഹത്തിന്റെ ആളുകൾ ഇടപെടും. തന്നെ ഉപദ്രവിച്ച ഒരാളുടെ തട്ടകത്തിൽ ചെന്ന് മത്സരിക്കേണ്ടി വരുന്നത് മാനസികമായി തകർക്കുന്ന കാര്യമാണെന്നും വിനേഷ് വീഡിയോയിൽ വ്യക്തമാക്കി.

ബ്രിജ് ഭൂഷണെതിരെ 2023-ൽ ജന്തർ മന്തറിൽ നടന്ന സമരത്തിന്റെ മുൻനിര പോരാളിയായിരുന്നു വിനേഷ്. ഒളിമ്പിക് ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവർക്കൊപ്പം വിനേഷിനെ പോലീസ് തെരുവിലൂടെ വലിച്ചിഴച്ച ദൃശ്യങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു