വയസ് 15: വൈഭവ് സൂര്യവംശി ഇന്ത്യ എ ടീമിൽ

May 14, 2026 - 19:29
 0  1
വയസ് 15:  വൈഭവ് സൂര്യവംശി ഇന്ത്യ എ ടീമിൽ

ഇന്ത്യൻ ക്രിക്കറ്റിലെ യുവ പ്രതിഭകളിൽ ശ്രദ്ധേയനായ വൈഭവ് സൂര്യവംശി കരിയറിലെ പുതിയ നേട്ടത്തിലേക്ക്. ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ 15-കാരനായ വൈഭവിന് ആദ്യമായി അവസരം ലഭിച്ചു. ഇതോടെ സീനിയർ ഇന്ത്യൻ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര കൂടുതൽ അടുത്തതായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. തിലക് വർമ്മയാണ് ഇന്ത്യ എ ടീമിനെ നയിക്കുക. റിയാൻ പരാഗ് വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു. അഫ്ഗാനിസ്ഥാനും ശ്രീ ലങ്കയുമാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ.

ഈ ഐപിഎൽ സീസണിൽ തകർപ്പൻ പ്രകടനമാണ് വൈഭവ് കാഴ്ചവെക്കുന്നത്. 11 മത്സരങ്ങളിൽ നിന്ന് 236 സ്ട്രൈക്ക് റേറ്റിൽ 440 റൺസ് നേടിയ താരം ശ്രദ്ധേയ പ്രകടനങ്ങളിലൂടെ ആരാധകരുടെ കൈയടി നേടി. 12-ാം വയസിൽ ബിഹാറിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച വൈഭവ്, ഇന്ത്യ അണ്ടർ-19 ടീമിനായി 58 പന്തിൽ സെഞ്ചുറി നേടി റെക്കോർഡും സ്വന്തമാക്കിയിരുന്നു. ഐപിഎൽ സീസൺ അവസാനിച്ചതിന് ശേഷം ജൂൺ 9 മുതൽ 21 വരെയാണ് ശ്രീലങ്കയിലെ ത്രിരാഷ്ട്ര പരമ്പര നടക്കുക. വൈറ്റ് ബോൾ മത്സരങ്ങൾ ദാംബുള്ളയിൽ വച്ചായിരിക്കും നടക്കുക