കരൂർ ദുരന്തം: വിജയ്‌ക്ക് സിബിഐയുടെ സമൻസ്

Jan 6, 2026 - 10:45
 0  6
കരൂർ ദുരന്തം: വിജയ്‌ക്ക് സിബിഐയുടെ സമൻസ്

ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട കേസിൽ നടനും പാർട്ടി അധ‍്യക്ഷനുമായ വിജയ്ക്ക് സിബിഐയുടെ സമൻസ്. ചോദ‍്യം ചെയ്യുന്നതിനായി സിബിഐയുടെ ഡൽഹിയിലെ ഓഫിസിൽ ജനുവരി 12ന് ഹാജരാകണമെന്നാണ് ആവശ‍്യപ്പെട്ടിരിക്കുന്നത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് വിജയ് സഹകരിച്ചിരുന്നില്ല. സുപ്രീം കോടതിയാണ് കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിജയ് അടക്കമുള്ളവർ‌ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

തമിഴ്നാട് പൊലീസ്‌ പക്ഷഭേദമില്ലാതെ അന്വേഷണം പൂർത്തിയാക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടിവികെ സുപ്രീം കോടതിയുടെ നേതൃത്വത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ബിജെപി നേതാവ് ജി.എസ് മണിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

ഉൾക്കൊള്ളാനാവുന്നതിൽ അധികം പേർ റാലിയിൽ പങ്കെടുത്തതാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു തമിഴ്നാട് പൊലീസിന്‍റെ കണ്ടെത്തൽ. ഉൾക്കൊള്ളാൻ കഴിയുന്നതിലും മൂന്നിരട്ടി ആളുകളാണ് റാലിയിൽ പങ്കെടുത്തതും.