മന്ത്രിയെ ആക്രമിച്ചിട്ടില്ല, പ്രതിഷേധക്കാർ മന്ത്രിയുടെ അടുത്ത് പോലും എത്തിയിട്ടില്ല; വി.ഡി. സതീശൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ് യു പ്രവർത്തകർ ആക്രമിച്ചുവെന്ന വാദം തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്. ഇത് വാർത്താ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
മൂന്നോ-നാലോ കെഎസ് യു പ്രവർത്തകർ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. 35 ഓളം പൊലീസുകാർ ഉണ്ടായിരുന്നു. മന്ത്രിയാണ് ആകോശിച്ച് പ്രവർത്തകരുടെ നേരേ എത്തിയത്.അതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വിഷയം പാർട്ടി കൃത്യമായി പരിശോധിക്കുമെന്നും കെഎസ് യു പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റത്. മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. കണ്ണൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കെഎസ് യു പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ള നേതാക്കളും ആരോപിച്ചു.
എന്നാല്‍ മന്ത്രിക്കുനേരെ കൈയേറ്റം നടന്നിട്ടില്ലെന്ന് കെഎസ് യു പറയുന്നു . സംഭവത്തില്‍ സംസ്ഥാനത്തെങ്ങും സിപിഎം വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട് .