സ്വപ്നം : കവിത , റോയ്‌  പഞ്ഞിക്കാരൻ

സ്വപ്നം :  കവിത , റോയ്‌  പഞ്ഞിക്കാരൻ

 

 

 

കാലത്തിന്റ കുത്തൊഴുക്കിൽ

തകർന്നടിഞ്ഞു പോയ

കുറെ ഏറെ വർഷങ്ങൾ

പ്രപഞ്ചത്തിൽ അലിഞ്ഞു ചേർന്നു . 

ഉണർന്നിരുന്നപ്പോൾ ചുറ്റും കണ്ട

കാഴ്ചകളും അവയോടു ചേർന്നു . 

പല തവണ തെരഞ്ഞു നോക്കിയെങ്കിലും

വേർതിരിച്ചെടുക്കാനാവാത്തവിധം

അവ എവിടെയോ അലിഞ്ഞുപോയി .

സങ്കീർണമായ ഈ പ്രപഞ്ചത്തിൽനിന്നും

എങ്ങനെ വേർതിരിക്കും ? 

ആകാശത്തിൽ  പറന്നു നോക്കിയാലും കഴിയില്ല . 

എങ്കിലും  മഴ നൽകിയ 

മൗന സംഗീതത്തിൽ 

മിഴിയടഞ്ഞപ്പോൾ 

എന്റെ അപ്പനിതാ  

പ്രപഞ്ചത്തിൽ നിന്നും 

വേർപെട്ടു 

മൗനമായി എൻ മുന്നിൽ .

ആ മൗനം  ഭേദിക്കാൻ 

കഴിഞ്ഞില്ല എനിക്ക് . 

മിഴികൾ  തുറന്നപ്പോൾ 

അപ്പൻ മഴത്തുള്ളിയായി 

വീണ്ടും ഭൂമിയുടെ ആഴങ്ങളിലേക്ക് .