വയലിന്റെ സംഗീതം: കവിത , ഡോ. ജേക്കബ് സാംസൺ

Mar 10, 2024 - 17:52
 0  279
വയലിന്റെ സംഗീതം: കവിത , ഡോ. ജേക്കബ് സാംസൺ
പച്ചത്തവളയും 
ഞണ്ടുമൊരുദിനം
പാടവരമ്പത്തു
കണ്ടുമുട്ടി
പെട്ടെന്നിരുവരും
ചങ്ങാതിമാരായി
ഒന്നിച്ചുനിന്നൊരു
പാട്ടുപാടി 
രാത്രിമഴകൾക്ക്
താളം പകരുമാ
ഗായകസംഘത്തിൻ
പാട്ടുകേൾക്കാൻ
രാവിലിരുട്ടിൽ
റാന്തലുംതൂക്കി
സന്ദർശകരാരോ
വന്നുപോലും
പിറ്റേന്നു രാത്രിയിൽ
പാടുവാൻ നേരത്ത്
പച്ചത്തവളയെ
കാണുന്നില്ല
ചങ്ങാതിയെത്തേടി
എങ്ങോട്ടോ പോയൊരാ
ഞണ്ടിനെ പിന്നാരും
കണ്ടിട്ടില്ല