നവരാത്രി മഹോത്സവം:   കടക്കാവൂർ പ്രേമചന്ദ്രൻ നായർ

നവരാത്രി മഹോത്സവം:   കടക്കാവൂർ പ്രേമചന്ദ്രൻ നായർ
 
 
വരാത്രി മണ്ഡപത്തിൽ നൂറ്റാണ്ടുകളായി നടന്നുവരുന്ന ആദ്ധ്യാത്മിക പ്രാധാന്യമുള്ള ചടങ്ങാണ് നവരാത്രി  മഹോത്സവം. രാജകീയ തലസ്ഥാനം പദ്മനാഭപുരത്തായിരുന്നപ്പോൾ ഉത്സവം അവിടെ വെച്ചാണ് നടത്തിയിരുന്നത്. "തിന്മയുടെ മേൽ നന്മ നേടിയ "വിജയത്തിന്റെ പ്രതീകമെന്ന നിലയിലും ഈ ഉത്സവത്തിന് അതിരറ്റ പ്രാധാന്യമുണ്ട്. മാതൃത്വത്തിന്റെ മഹനീയതയും മാതൃഭാവനയുടെ സങ്കല്പവും നവരാത്രിപൂജയിൽ അന്തർഭവിച്ചിരിക്കുന്നു.
 ഭാരതത്തിന്റെ ഇതരഭാഗങ്ങളിൽ വ്യത്യസ്ത രീതികളിലാണ് നവരാത്രി പൂജ ആഘോഷിക്കുന്നത്. 
കേരളത്തിലെ വിജയദശമി ബംഗാളിൽ ദുർഗാപൂജയാണ്. കർണാടകത്തിൽ ദാസ്രയും.         
  അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്തു രാജധാനി പദ്മനാഭപുരത്തു ആയിരുന്നപ്പോൾ അവിടെവെച്ചായിരുന്നു നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചതെന്നു പറയപ്പെടുന്നു. കൊല്ലവർഷം .972-ൽ കാർത്തിക തിരുനാൾ ധർമരാജാവ് ഉത്സവം തിരുവനന്തപുരത്തേക്ക് മാറ്റി. അതിനു ശേഷം സ്വാതി തിരുനാൾ മഹാരാജാവ് 1014-ൽ പദ്മനാഭപുരത്തു വെച്ച് ഒരിക്കൽമാത്രം ആഘോഷം നടത്തിയിരുന്നതായി രേഖയുണ്ട്. ഒരു നവരാത്രി പൂജാദിനത്തിലാണ് ധർമരാജാവ് പദ്മനാഭപുരം കൊട്ടാരത്തിൽ വെച്ച് രാജാകേശവദാസന് ദിവാനായി നീട്ടികൊടുത്ത്ത് . കുമാരകോവിലിലെ കുമാരസ്വാമിക്കു വേലുത്തമ്പി ദളവ വെള്ളികുതിര നിർമിച്ചു നൽകിയത് നവരാത്രി പൂജാദിനത്തിലാണെന്നു പറയപ്പെടുന്നു. രാജവാഴ്ചക്കാലത്തു തിരുവിതാംകൂറിലെ ഒരു ഔദ്യോഗിക ചടങ്ങ് ആയിരുന്നു പൂജയെടുപ്പ്. രാജവാഴ്ച അവസാനിച്ച ശേഷവും മഹാരാജാവ് അകമ്പടിയില്ലാതെ കാറിൽ പൂജപ്പുര മണ്ഡപത്തിൽ എത്തി പഴയ ചടങ്ങായ അസ്ത്രവിദ്യ നടത്തുന്നു. കൊട്ടാരത്തിലെ സരസ്വതി ദേവി,വേളിമാലയിലെ കുമാരസ്വാമി, ശുചീന്ദ്രം ക്ഷേത്രത്തിലെ മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളെ പദ്മനാഭപുരത്തുനിന്നും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലെത്തിക്കുന്നു. പദ്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് തലസ്ഥാനം മാറ്റിയശേഷമാണ് ഇപ്പോഴത്തെ  രീതിയിൽ സരസ്വതീദേവിയെ നവരാത്രിപൂജക്ക്‌ കോട്ടക്കകത്തു കൊണ്ടുവരുന്നത്. സരസ്വതീവിഗ്രഹം പദ്മനാഭപുരത്തുനിന്നും ആനപ്പുറത്തു കയറ്റുമ്പോൾ രാജകീയ പ്രതിനിധിയെ അവിടെ പൂജിച്ചു വെച്ചിട്ടുള്ള "പള്ളിവാൾ "ഏൽപ്പിക്കുന്നു. ആ ഉദ്യോഗസ്ഥൻ ദേവീദേവന്മാരെ അനുഗമിക്കണം. തിരുവനന്തപുരത്തെത്തുന്ന സരസ്വതീദേവിയുടെയും മറ്റു ദേവന്മാരുടെയും വിഗ്രഹം രാജാവ് നേരിട്ടുചെന്ന് സ്വീകരിക്കണം. രാജകീയ ഉദ്യോഗസ്ഥൻ 'പള്ളിവാൾ 'മഹാരാജാവിനെ ഏൽപ്പിക്കുന്നു. ഒൻപതുദിവസം തന്ത്രി അവിടെ പൂജനടത്തുന്നു. അതോടെ കുമാരസ്വാമിയുടെയും മുന്നൂറ്റിനങ്ങയുടെയും വിഗ്രഹങ്ങൾ തിരിച്ചെഴുന്നള്ളത്താരംഭിക്കുന്നു. നവരാത്രി പൂജ അവസാനിക്കുന്ന ദിവസമാണ് രാജകീയ ഘോഷയാത്ര. ഇരുപതോളം നെറ്റിപ്പട്ടം കെട്ടിയ ആനകളും, മുന്നൂറോളം വരുന്ന അശ്വാരൂഡ സേന, മൂവായിരത്തോളം വരുന്ന ആയുധമെന്തിയ സൈനികരും, ബാൻഡ് മേളവും രാജാവിന്റെയും, രാജകീയ ഉദ്യോഗസ്ഥൻ മാരുടെയും വാഹനങ്ങളുമായി അതി ഗംഭീരവും കമനീയവുമായ ഘോഷയാത്ര. വഴിയിൽ കാത്തു നിൽക്കുന്നവർ മേത്തൻ മണി സ്ഥാപിച്ചിട്ടുള്ള കറിവേലിപ്പുര മാളികക്ക് സമീപം കാത്തു നിൽക്കുന്ന പാവപ്പെട്ടവർക്ക് വെള്ളിപ്പണം എറിഞ്ഞു കൊടുക്കുമായിരുന്നു. രാജാവിന് ദൃഷ്ട്ടി ദോഷം വരാതിരിക്കാനാണ് ഇപ്രകാരംചെയ്തിരുന്നത്. രാജകീയ വേഷവിധാനങ്ങളൂടെ എഴുന്നള്ളത്ത്  ദർശിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ രാജധാനിയിൽ എത്തുമായിരുന്നു.
 
അനന്തപുരിയുടെ സാംസ്‌കാരിക -- ആദ്ധ്യാത്മിക പ്രഭാവം വിളിച്ചോതുന്ന നവരാത്രി മണ്ഡപ ത്തിലെ സരസ്വതീപൂജയും, സംഗീതോത്സവവും, ഘോഷയാത്രയും, പഴമയുടെ ആവർത്തനം പോലെ ഇന്നും നടന്നുവരുന്നു. രാജാവ് ഘോഷയാത്രക്ക് ഉപയോഗിച്ചിരുന്ന രഥം തിരുവനന്തപുരം മുസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഒൻപതു ദിവസം നീണ്ടു നിന്നിരുന്ന നവരാത്രിയുത്സവം, സംഗീതകചേരി, കഥകളി, ഓട്ടൻതുള്ളൽ, പണ്ഡിതസദസ്‌ എന്നിവയാൽ ഉന്നതനിലവാരം പുലർത്തുന്നതും ജനശ്രദ്ധ ആകർഷിക്കുന്നതുമായിരുന്നു. ആദ്യകാലങ്ങളിൽ മുല്ലമുട്ടുഭാഗവതർമാരുടെ വേദിയായിമാറുകയും ഏറെ സഹൃദയ ശ്രദ്ധ ആർജിക്കുകയും ചെയ്തു. സംഗീത വിദ്വാന്മാർക്ക് തിരുവിതാംകൂർ "ആസ്ഥാന വിദ്വാൻ "എന്ന ബിരുദം മഹാരാജാവ് നൽകി ആദരിച്ചു പോന്നിരുന്നു. മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീതസദസ്സിൽ ഒന്നരമണിക്കൂറോളം സ്വാതി തിരുനാൾ രാഗവിസ്താരത്തിനായി നീക്കിവെച്ചിരുന്നു. ഓരോ ദിവസവും ആലപിക്കേണ്ട കീർത്തനങ്ങളെപ്പറ്റിയും നിഷ്‌ക്കർഷയുണ്ടായിരുന്നു. വ്യവസ്ഥ ലംഖിക്കാൻ ആർക്കും അവകാശമുണ്ടായിരുന്നില്ല. രാജഭരണകാലത്ത്  ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ഇന്നും ഒരു ചടങ്ങായി മാത്രം ഇന്നും നവരാത്രി മഹോത്സവം മുടങ്ങാതെ നടന്നുപോരുന്നു.!   

 

  കടക്കാവൂർ പ്രേമചന്ദ്രൻ നായർ, കണ്ണമ്മൂല. T. V. M.