ചിത്രശലഭങ്ങളുടെ വീട് : നോവൽ , സുധ അജിത്

Nov 20, 2026 - 07:20
 0  6
ചിത്രശലഭങ്ങളുടെ വീട് :  നോവൽ ,  സുധ അജിത്
അധ്യായം 7
ഭയന്ന പോലെ നില്ക്കുന്ന ചിന്നുവിനെക്കണ്ടിട്ടാകാം അയൽപ്പക്കത്തെ സുമതിച്ചേച്ചി അടുത്തെത്തി. ഗ്രാമത്തിലെ വില്ലേജ് ഓഫീസറായി റിട്ടയറായതാണ് അവർ. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം വിദ്യാഭ്യാസത്തിന്റെയോ വഹിച്ചിരുന്ന ജോലിയുടേയോ വ വകതിരിവ് അവരുടെ വാക്കുകളിൽ കാണാറില്ല. പരനിന്ദയിൽ ഡോക്ടറേറ്റ് എടുത്ത സ്ത്രീയാണവർ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
 "എന്താ വരദെ, ഇവളേയും കൊണ്ട് അമ്പലത്തിൽ ?. ഇവളെ സാധാരണ കൊണ്ടുവരാറില്ലല്ലോ. ". 
അവരുടെ ചോദ്യം, മറ്റു പല ചോദ്യങ്ങളുടെയും മുന്നോടിയായി തോന്നി.
 " അവളും പുറത്തേക്കിറങ്ങി ലോകം കാണട്ടെ എന്ന് കരുതി ചേച്ചീ.. പഠിക്കുന്ന സ്കൂളും വീടും മാത്രമല്ലേ ഇപ്പോൾ അവളുടെ ലോകം"
അങ്ങനെ പറയാനാണ് ആഗ്രഹിച്ചത്. പക്ഷെ പകരം പറഞ്ഞത് " ഇന്നവളുടെ ജന്മദിനമാണ് ചേച്ചീ."എന്നാണ്
"ഓ..'അങ്ങനെയാണോ...എന്നാൽ ജന്മദിനാശംസകൾ ചിന്നുമോളെ.അതിരിക്കട്ടെ വരദെ. ഇവൾക്കിപ്പം എത്ര വയസ്സായി?"
 പത്തുവയസ്സെന്നു പറഞ്ഞപ്പോൾ അവർ അത്ഭുതപ്പെട്ടു.
 
"എന്ത് പത്തുവയസ്സോ. ഇവളെക്കണ്ടിട്ട് ഒരു പതിന്നാല് വയസ്സെങ്കിലും തോന്നുന്നുണ്ടല്ലോ. നല്ലോണം തിന്നുമായിരിക്കും അല്ലേ?"
" ഇല്ല സുമതിച്ചേച്ചി . അവളെ ആഹാരം കഴിപ്പിക്കുവാൻ പെടുന്ന പാട് എനിക്കറിയാം. പിന്നെ ഈ വളർച്ച പാരമ്പര്യമാണ്. അവരുടെ അച്ഛന്റെ വീട്ടിൽ എല്ലാവർക്കും ശാരീരിക വളർച്ച കൂടുതലാണ്."
പറയുന്നത് അനാവശ്യമായ ചോദ്യങ്ങൾക്കുള്ള ഉത്തരമാണെന്നറിയാമായിരുന്നു. അതുകൊണ്ടു തന്നെ വിഷക്കൂണുകൾ പോലെയുള്ള നാവിൽ നിന്നും  അടർന്നു  വീഴുന്ന വാചകങ്ങളെ തടുക്കുവാനായി  ആ വാക്കുകളിൽ ഞാൻ പ്രതിരോധത്തിന്റെ നേർത്തകവചം  തീർത്തു
.
 ". ഓ..അത് ശരിയാ .രജിതക്കും മറ്റും നല്ല തടിയും പൊക്കവുമുണ്ട്.  എന്നാലെന്താ വരദയുടെ സൗന്ദര്യം ഇവൾക്കും കിട്ടിയിട്ടുണ്ട്. "
അവരുടെവാക്കുകളിൽ അസൂയ കലർന്നിരുന്നു എങ്കിലും
അതൊരു കോംപ്ലിമെന്റായി മനസ്സിൽ കരുതി. 
മുന്നോട്ട് നടക്കുവാൻ ഭാവിച്ചഅവർ പെട്ടെന്ന് തിരിഞ്ഞു നിന്നു പറഞ്ഞു.
" വല്ല ആമ്പിള്ളേരും കൊത്തിപ്പറിക്കാതെ നോക്കിക്കോ വരദേ . കാലം നല്ലതല്ല. "
അതു പറയുമ്പോൾ അവരുടെ നോട്ടത്തിലും വാക്കുകളിലും ദുരർത്ഥം കലർന്നിരുന്നു.അസ്വസ്ഥത പടർത്തുന്ന വാക്കുകൾ മാത്രം പറയുന്ന അവരെ ഒഴിവാക്കി നടക്കുന്നതാണ് നല്ലതെന്നു തോന്നി.ചിന്നുവിന്റെ കൈപിടിച്ച് വേഗം നടന്നു. അപ്പോൾ തങ്ങളെ വെറുതെ വിടാൻ ഭാവമില്ലാത്തതു പോലെ അവർ വീണ്ടും ഒപ്പം എത്തി .
". ഇവൾ ഇപ്പോൾത്തന്നെ ആകെ അസ്വസ്ഥയാണല്ലോ. ഇവളേയുംകൊണ്ട് ഇങ്ങനെ നടക്കുന്നത് തനിക്ക് ബുദ്ധിമുട്ട് അല്ലേ?". അവരുടെ വാക്കുകളിൽ സഹതാപം ഊറി നിന്നു .
" ആ അസ്വസ്ഥത മാറ്റുന്നതിനാണ് ഞാൻശ്രമിക്കുന്നത്., അവളെ അകത്തിരുത്തിയാൽ അസ്വസ്ഥത കൂടുകയേയുള്ളൂ"
തനിക്കും അവൾക്കും അസഹ്യത സൃഷ്ടിക്കുന്ന  ചോദ്യങ്ങളെ പഴിച്ചു കൊണ്ട് പറഞ്ഞു.
ഈ ലോകം എന്തെന്ന് എന്റെ മകൾ അറിയുന്നത് ഇങ്ങനെയാണല്ലോ എന്ന് ഒട്ടൊരു വേപഥുവോടെ ഓർത്തു. ഒന്നുമറിയാത്ത ഈ കുഞ്ഞുങ്ങളെ ശാരീരികമായും മാനസികമായും ദ്രോഹിക്കുന്ന ഒരു സമൂഹമാണ് തങ്ങൾക്കു ചുറ്റിലുമുള്ളതെന്ന് അവൾക്കറിയില്ലല്ലോ എന്നും ഒരു നിമിഷം നിസ്സഹായയായി.
 ഉള്ളിലുണർന്ന ചിന്തകളെ തളച്ചിടാൻ ശ്രമിച്ചു കൊണ്ട് മുന്നോട്ടു നടക്കവേ സുമതി ടീച്ചർ  വീണ്ടും പിന്നാലെയെത്തി. ഇപ്പോൾ അവരോടൊപ്പം അയൽവാസിയായ സരളയും ഉണ്ടായിരുന്നു.
"ഇവളെയും കൊണ്ട് നടക്കുന്നത് സൂക്ഷിച്ചു വേണം വരദേ . ഭ്രാന്തുള്ളവരെപ്പോലെ ഓരോ സമയത്ത് ഇവർക്ക് എന്താണ് തോന്നുന്നതെന്നറിയില്ല. " 
അവർ ഉപദേശിക്കും പോലെയാണത്‌ പറഞ്ഞത്. പക്ഷെ ആ വാക്കുകളിൽ ഒളിപ്പിച്ച കൂർപ്പിച്ച കല്ലുകൾ ഹൃദയത്തിൽ തറഞ്ഞു കയറി വല്ലാതെ വേദനിക്കാൻ തുടങ്ങി.
അവൾ ഒരു ഭ്രാന്തിയാണെന്നല്ലേ അവർ പറഞ്ഞു വരുന്നത്.അതിനെ പിന്താങ്ങിക്കൊണ്ട് അവരുടെ ഒപ്പമുണ്ടായിരുന്ന സരളയുടെ വാക്കുകളും അപ്പോൾപൊഴിഞ്ഞു വീണു.
. " അതേ.. അതേ. ഇമ്മാതിരിചില പിള്ളേര് ഭ്രാന്തുള്ളവരെപ്പോലെ കാണുന്നവരെയൊക്കെ ഉപദ്രവിക്കും. "
ആ വാക്കുകൾ ഉള്ളിൽ ദുഃഖവും പ്രതിഷേധവും ഇഴ ചേർത്ത്  എവിടെയൊക്കെയോ കൂർത്ത കല്ലുകളായി ചെന്നു തറച്ചു.അപ്പോൾ ഉള്ളിലെ തള്ളനായ കുരച്ചു കൊണ്ട് അവർക്കു മേൽ ചാടി വീണു.
"എന്റെ മോൾ കാരണമില്ലാതെ ആരെയും ഉപദ്രവിക്കുകയില്ല .അതെനിക്കറിയാം".
കടുപ്പത്തിൽ എന്നിൽ നിന്നും അടർന്നു വീണ വാക്കുകൾ അവരെ ചൊടിപ്പിച്ചു. ഇരട്ടിച്ച കോപത്തോടെ സരള പറഞ്ഞു
" ഹും...ഉപദ്രവിക്കുകയില്ല പോലും ...ആർക്കറിയാം.. ഇതു ങ്ങക്ക് എപ്പോഴാ വട്ടെളകുന്നതെന്ന് പറയാൻ പറ്റില്ല. "
" വട്ട് നിങ്ങക്കാ തള്ളേ...."
 അടുത്തുനിന്ന ജാന്വമ്മയുടെ നാവിൽ നിന്നാണ് ആ വാക്കുകൾ അടർന്നു വീണത്.കുപ്പിച്ചില്ലുകൾ പോലെ ആ വാക്കുകൾ അവരുടെ കരളിൽ തറഞ്ഞു കയറി ആ മുഖങ്ങളെ കൂടുതൽ ചുവപ്പിക്കുകയും വീർപ്പിക്കുകയും ചെയ്തു. 
ജാനുവമ്മയെ ആക്രമിക്കാനായി കൂടുതൽ രോഷത്തോടെ അവർ വാക്കുകൾ തിരയുമ്പോൾ ചിന്നു മോളെയും കൂട്ടി ആവുന്നത്ര വേഗത്തിൽ നടന്നു. 
ഇനിയും അവിടെ നിന്നാൽ പലതും കേൾക്കേണ്ടിയും കാണേണ്ടിയും വരും എന്ന് മനസ്സു പറഞ്ഞു. അത് ചിലപ്പോൾ മോളേയും വല്ലാതെ ബാധിക്കും. അവൾ അസ്വസ്ഥയായി അലറിക്കരയാൻ തുടങ്ങിയാൽ അവളെ കൊണ്ടുനടക്കുക പ്രയാസമാണ്.
 
അമ്പലത്തിൽ വന്ന അപരിചിതരായ ആളുകൾ പലരും ഇപ്പോൾ തങ്ങളെ തുറിച്ചു നോക്കുവാൻ തുടങ്ങിയിരിക്കുന്നു.
 "നമുക്ക് പോകാം കുഞ്ഞെ .ഇവിടെ നിന്നാൽ ശരിയാവുകയില്ല"
 ജാനുവമ്മയും നിർബന്ധിച്ചതോടെ ചിന്നുമോളെ ചേർത്തുപിടിച്ചു വേഗം നടന്നു. തങ്ങൾക്കു പുറകിലായി വിഷപ്പാമ്പുകൾ വിഷം ചീറ്റുന്നത് തുടർന്നു കൊണ്ടിരുന്നു.
" ഹും കണ്ടില്ലേ ആ വരദക്ക്  ഇത്രയൊക്കെ ആയിട്ടും അഹങ്കാരത്തിന് ഒട്ടും കുറവില്ല. വലിയ സുന്ദരി ആണെന്നൊരു ഭാവവും ഉണ്ട് ." 
സരളയുടെവാക്കുകൾ പുറകിൽ നിന്നും കേട്ട് ജാനുവമ്മ പറഞ്ഞു
 "കുഞ്ഞ് അതൊന്നും കേട്ട് വിഷമിക്കേണ്ട . ചിലർക്ക് മറ്റുള്ളവരോടുള്ള അസൂയ തീർക്കുന്നത് അവരെ കുത്തിനോവിച്ചിട്ടാണ്.  ."
ജാനുവമ്മയുടെ വാക്കുകൾ സമാശ്വാസമായി കാതിൽ വന്നലച്ചുവെങ്കിലും മനസ്സു കലങ്ങിയ പുഴയായി മാറിയിരുന്നു.ഇടറിയ മനസ്സോടെ വേഗം നടന്നു .
വീട്ടിലെത്തുമ്പോൾ മിന്നു ഓടിവന്നു പറഞ്ഞു.
"അമ്മേ..... അച്ഛൻ വിളിച്ചിരുന്നു..  അടുത്തുതന്നെ ഇങ്ങോട്ട്  വരുന്നുണ്ടെന്ന്"
 അതുകേട്ടപ്പോൾ ആഹ്ളാദം തോന്നി. മനസ്സിൽ കൂടുകൂട്ടിയിരുന്ന അസ്വസ്ഥതയെല്ലാം ഓടി ഒളിച്ചു
കഴിഞ്ഞ ദിവസവും രാജീവേട്ടൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു , എയർഫോഴ്സിൽ നിന്നും ഇരുപതു വർഷത്തെ സർവ്വീസ് അവസാനിപ്പിച്ച് റിട്ടയറായി പോരുന്ന കാര്യം.
ജീവിതത്തിലെ ആകുലതകൾ പങ്കിടാൻ ഒരു തുണയു ണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്.
അതിന് ഇനിയും ഏതാനും നാളുകൾ മാത്രം. മനസ് ആശ്വസിച്ചു.
"എന്താടീ... അമ്പലത്തിൽ പോയിട്ട്  ഇത്ര പെട്ടെന്ന് മടങ്ങി വന്നത്. ഇവള് വല്ല കുരുത്തക്കേടും ഒപ്പിച്ചോ?"
ചിന്നുവിനെ രൂക്ഷമായിനോക്കിയാണ് അമ്മായിഅമ്മയുടെ ചോദ്യം.
തനിക്കജ്ഞാതമായ ,ഏതോ ശാരീരികാപര്യാപ്തതയുടെ തീക്ഷ്ണതയിൽ ,അസ്വസ്ഥതയുടെ തിരമാലക്കൈകളിൽ മുങ്ങിപ്പൊങ്ങുന്ന, നിസ്സഹായയായ ഒരു പെൺകുഞ്ഞാണവൾ.ആ കുഞ്ഞിനെക്കുറിച്ചാണ് കാരുണ്യലേശമെന്യേയുള്ള അവളുടെ മുത്തശ്ശിയുടെ ചോദ്യമെന്നത്  പതിവു പോലെ തന്നെ കരയിക്കുമെന്ന് തോന്നി. 
ചിന്നു മന്ദബുദ്ധിയായ കുട്ടിയാണെന്ന് അറിയുന്നതിനു മുമ്പ് അവർ ചിന്നുവിനെ എത്രമാത്രം ലാളിച്ചിരുന്നതാണെന്നോർത്തു. എന്നാൽ അവൾ ഓട്ടിസ്റ്റിക്കാണെന്നറിഞ്ഞ നാൾ മുതൽ അവർ ചിന്നുവിനെ വെറുക്കാൻ തുടങ്ങി. തന്റെ മകന് ഇങ്ങനെ ഒരു സന്തതിയെ തന്നതിന് അവർ പലപ്പോഴും ഈശ്വരനെ പഴിച്ചു.
അച്ഛമ്മയുടെ ക്രൂദ്ധഭാവം കണ്ട് ചിന്നു പേടിയോടെ തന്റെ പുറകിൽ പതുങ്ങി.ഭയന്ന് അപശബ്ദങ്ങൾ പുറപ്പെടുവിച്ചു.പിന്നീട് പെട്ടെന്ന്  ഉറക്കെ കരയാൻ തുടങ്ങി.
"കഴുതയെപ്പോലെ മോങ്ങുന്നത് കണ്ടില്ലേ... അസത്ത്...അവളുടെ ഓരോ വേഷം കെട്ടല് .നല്ല തല്ലുകൊള്ളാത്തതിന്റെയാ. ഞാനതിപ്പം മാറ്റിത്തരാം."
അങ്ങനെ പറഞ്ഞ് അവർ ദേഷ്യത്തോടെ അകത്തേക്ക് നടന്നു, തിരിച്ചെത്തുമ്പോൾ കയ്യിൽ ഒരു വടിയുമുണ്ടായിരുന്നു. അവർ യുദ്ധസന്നദ്ധയായി വരുന്നതുകണ്ട് ചിന്നുവിനെ പൂമുഖത്തെ  തൂണിന്റെ പുറകിൽ ഒളിപ്പിച്ചു.
"ങാഹാ... അവൾ മുറ്റത്തേക്ക് ഓടിപ്പോയി അല്ലേ?.  അവൻ വരട്ടെ. ഞാൻ കാണിച്ചു കൊടുക്കാം. അവളുടെ ഇമ്മാതിരി രീതിയെല്ലാം മാറ്റാൻ പറ്റുമോന്ന് ഞാൻ നോക്കട്ടെ "
അങ്ങനെ പറഞ്ഞ് വടിയുമായി അവർ തൽക്കാലത്തേക്ക് മടങ്ങിപ്പോയി.
അവർ പോയപ്പോൾ ചിന്നുവിനെ തൂണിന്റെപുറകിൽ നിന്നും മുന്നിലേക്ക് കൊണ്ടുവന്നു .അവളെ തന്നോട് ചേർത്തുപിടിച്ചു  പറഞ്ഞു. 
"മോള് പേടിക്കണ്ടട്ടോ . ചിന്നുവിനെ ആരും തല്ലില്ല."
വാക്കുകൾ മനസ്സിലായില്ലെങ്കിലും ഏതോസുരക്ഷിതത്വത്തിൽ അവൾ എന്നോട് ഒട്ടിച്ചേർന്നു .
എല്ലാംകണ്ടുനിന്ന  ജാനുവമ്മ വിഷാദമഗ്നയായി പറഞ്ഞു.
" ഈകൊച്ചിനോട്ഇങ്ങനെയൊക്കെ പെരുമാറാൻ അവർക്ക് തോന്നുന്നുണ്ടല്ലോ. എന്തൊരു ദുഷ്ടത്തിയാ ഈ തള്ള "
അങ്ങനെ പറഞ്ഞ് അവർ അടുക്കളയുടെ സമീപത്തേക്ക് നടന്നു.ചിന്നുവിനേയും കൊണ്ട് അവളുടെ ബെഡ്റൂമിലെത്തിയപ്പോൾ ആരോ വാരിവലിച്ചിട്ടതുപോലെ അവിടെ അവൾ വരച്ച ചി(തങ്ങളും മറ്റും ചിതറിക്കിടക്കുന്നത് കണ്ടു. 
അവളുടേതായ എന്തും അവൾ വയ്ക്കുന്ന സ്ഥാനത്തു തന്നെ വയ്ക്കണമെന്ന് അവൾക്ക് നിർബ്ബന്ധമാണ്. 
താഴെക്കിടക്കുന്ന ചിത്രങ്ങൾ കണ്ട് അവൾ കൈകൾ ചുരുട്ടിപ്പിടിച്ച് ,കണ്ണുകൾ തുറിച്ച് ,വല്ലാത്ത ശബ്ദത്തിൽ അലറാൻ തുടങ്ങി. വല്ലാതെ ദേഷ്യം വരുമ്പോഴാണ് അവൾ അങ്ങനെ ചെയ്യുന്നത്.അവളെ എന്തുപറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്ന് ആലോചിക്കുന്നതിനിടക്ക് മിന്നു ഓടിവന്ന് കൈകൊട്ടിച്ചിരിക്കാൻ തുടങ്ങി. 
"ചിന്നുവിന്റെ പടമെല്ലാം ചീത്തയായേ.". 
തന്റെ പടമെല്ലാം ചീത്തയാക്കിയത് മിന്നുവാണെന്ന് അവൾക്ക് മനസ്സിലായി.അവൾ ഓടിച്ചെന്ന്മിന്നുവിനെ ശക്തിയിൽ പുറകോട്ടു പിടിച്ചു തള്ളി. മിന്നു താഴെ വീണപ്പോൾ അവളുടെ പുറത്തു കയറിയിരുന്ന് ഒരു വന്യമൃഗത്തെപ്പോലെകടിക്കാനും മാന്താനും തുടങ്ങി. ഈ കാഴ്ചകണ്ട് താനാകെ തരിച്ചു പോയി. 
ചിന്നുവിനെ പിടിച്ചു മാറ്റി മിന്നുവിനെ മോചിപ്പിക്കാൻ എല്ലാശക്തിയും പ്രയോഗിച്ചു. എന്നാൽ ചിന്നുവിന് അപ്പോൾ പ്രേതാവേശത്തിലെന്നപോലെ അസാധാരണ ശക്തിയുണ്ടെന്നു തോന്നി. അതുകൊണ്ടു തന്നെ അവളെ പിടിച്ചുമാറ്റാൻ തനിക്കല്പം പാടുപെടേണ്ടി വന്നു. ഒടുവിൽ മിന്നു മോചിതയായെങ്കിലും ചിന്നുവിന്റെ കടിയും മാന്തുംകൊണ്ട് അവൾ അവശയായിക്കഴിഞ്ഞിരുന്നു. ചിന്നുവിന്റെ കായബലമൊന്നും ഇല്ലാത്ത മിന്നു ഉറക്കെക്കരഞ്ഞു കൊണ്ട് അച്ഛമ്മയുടെ അടുത്തേക്ക് ഓടിപ്പോയി.
അല്പം കഴിഞ്ഞ് രാജീവേട്ടന്റെ അമ്മ ചിന്നുവിനെ ഉറക്കെ ചീത്ത പറയുന്നത് കേൾക്കാമായിരുന്നു. അവളെ കൊഞ്ചിച്ച് വഷളാക്കുന്നത് താനാണെന്ന് പറഞ്ഞ് തന്നെയും ചീത്തവിളിച്ചു കൊണ്ടിരുന്നു. 
ചിന്നുവാകട്ടെ ഒന്നും സംഭവിക്കാത്തതുപോലെ ഒരു പേപ്പറെടുത്ത് ചിത്രം വര തുടങ്ങിയിരുന്നു. .നേരത്തേയുള്ള അമ്പലത്തിലെ കാര്യങ്ങളും ,കുട്ടികളുടെ ഈ വഴക്കിടലും അമ്മായിയമ്മയുടെ ചീത്ത പറച്ചിലും തന്റെ മാനസികനിലയെ വീണ്ടും  തകരാറിലാക്കി. കുറെ നേരം ഒറ്റക്കിരുന്ന് കരഞ്ഞു. 
വീട്ടിലെ അന്തരീക്ഷം ചിന്നുവിന് കൂടുതൽ ദോഷം ചെയ്യുമെന്ന സ്ക്കൂളിലെ തെറാപ്പിസ്റ്റിന്റെ ഉപദേശം ഓർത്തു. കൗൺസിലിങ്ങിനിടയിൽ മനസ്സിലാക്കിയ ചില കാര്യങ്ങളാണ് അവരെ ആ രീതിയിൽ പറയാൻ പ്രേരിപ്പിച്ചത്. 
ഈ അന്തരീക്ഷത്തിൽ ചിന്നു തികഞ്ഞ ഒരു ആക്രമണകാരിയായി തീരുന്നത് താനറിയുന്നുണ്ട്.ആ ചിന്തഒരു വൻ വൃക്ഷമായി ഉള്ളിൽ പടർന്നുകൊണ്ടിരുന്നു.
അവളെ സ്പെഷ്യൽസ്ക്കൂളിലെ ഹോസ്റ്റ
ലിൽ താമസിപ്പിച്ചാലെന്തെന്ന ചിന്ത ഉള്ളിൽ തല പൊക്കി.അത് രാജീവേട്ടനെ വിളിച്ച് പറയാനായി ഫോണെടുത്തു. അപ്പുറത്ത്  ആഹ്ളാദപൂർണ്ണമായ സ്വരം കേട്ടു.

             സുധ അജിത്