നെടുമ്പാശേരിയിൽ 5 കോടിയോളം രൂപയുടെ ചരസുമായി കാസർകോട് സ്വദേശി പിടിയിൽ

Nov 25, 2026 - 20:26
Nov 25, 2026 - 20:27
 0  5
നെടുമ്പാശേരിയിൽ 5 കോടിയോളം രൂപയുടെ ചരസുമായി കാസർകോട് സ്വദേശി പിടിയിൽ

എറണാകുളം: എറണാകുളം റൂറൽ പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ അഞ്ച് കോടിയോളം രൂപ വിലമതിക്കുന്ന രണ്ടരക്കിലോ ചരസുമായി കാസർകോട് നീലേശ്വരം ചിറപ്പുറത്ത് വെള്ളിക്കോത്ത് സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ (25) ആണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്.

കഞ്ചാവിൻ്റെ തളിരിലകൾ ഉപയോഗിച്ച് നിർമിക്കുന്ന അത്യധികം വീര്യമേറിയതും അപകടകാരിയുമായ ചരസാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. വിൽപനയ്ക്കായി ചെറിയ പാക്കറ്റുകളിലാക്കി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഡൽഹിയിൽ നിന്നാണ് താൻ ഈ മയക്കുമരുന്ന് ശേഖരിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഡൽഹിയിൽ നിന്നും വിമാനമാർഗം മംഗലാപുരത്തെത്തിയ സിറാജുദ്ദീൻ, അവിടെ നിന്നും ട്രെയിൻ മാർഗം തൃശൂരിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് തൃശൂരിൽ നിന്നും ടാക്സി കാറിലാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ എത്തിയതും ഹോട്ടലിൽ മുറിയെടുത്തതും.

കൊച്ചി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണത്തിനായി മയക്കുമരുന്ന് എത്തിക്കുകയായിരുന്നു പ്രതിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പിടിയിലായ മുഹമ്മദ് സിറാജുദ്ദീൻ മുൻപും സമാനമായ രീതിയിൽ സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളുടെ കൂട്ടാളികളെയും മയക്കുമരുന്ന് ശൃംഖലയിലെ മറ്റ് കണ്ണികളെയും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.