യുകെയിൽ പെൻഷൻ സമ്പാദ്യത്തിന് തിരിച്ചടി; ലക്ഷക്കണക്കിന് ജീവനക്കാരെ ബാധിക്കുന്ന നികുതി പരിഷ്കാരവുമായി സർക്കാർ

Jun 1, 2026 - 18:26
 0  6
യുകെയിൽ പെൻഷൻ സമ്പാദ്യത്തിന് തിരിച്ചടി; ലക്ഷക്കണക്കിന് ജീവനക്കാരെ ബാധിക്കുന്ന നികുതി പരിഷ്കാരവുമായി സർക്കാർ

 പ്രസാദ് തീയാടിക്കൽ

ലണ്ടൻ: ബ്രിട്ടനിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ജീവനക്കാരുടെ പെൻഷൻ സമ്പാദ്യത്തെ ബാധിക്കുന്ന പുതിയ നികുതി പരിഷ്കാരങ്ങൾക്ക് വഴിയൊരുക്കി ചാൻസലർ റേച്ചൽ റീവ്‌സ്. ശമ്പളത്തിന്റെ ഒരു ഭാഗം നികുതിരഹിതമായി പെൻഷൻ ഫണ്ടിലേക്ക് മാറ്റിവെക്കാൻ അനുവദിക്കുന്ന ‘സാലറി സാക്രിഫൈസ്’ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കമാണ് വ്യാപക ആശങ്കയ്ക്ക് ഇടയാക്കുന്നത്.

ലേബർ സർക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നാൽ ഏകദേശം 29 ലക്ഷം തൊഴിലാളികളുടെ വിരമിക്കൽ സമ്പാദ്യത്തിൽ ഗണ്യമായ കുറവ് സംഭവിക്കുമെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഉയർന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് ഈ നടപടി എന്ന ട്രഷറിയുടെ വിശദീകരണമുണ്ടെങ്കിലും, സാധാരണ നികുതിദായകരായ ലക്ഷക്കണക്കിന് ജീവനക്കാരും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ള ആറുലക്ഷത്തിലധികം ജീവനക്കാരെ ഈ മാറ്റം നേരിട്ട് ബാധിക്കുമെന്ന് നികുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു വശത്ത് വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യം വർധിപ്പിക്കാൻ സർക്കാർ പ്രോത്സാഹനം നൽകുമ്പോൾ, മറുവശത്ത് അതിന് തിരിച്ചടിയാകുന്ന നടപടികൾ സ്വീകരിക്കുന്നത് പരസ്പരവിരുദ്ധമാണെന്ന് മുൻ പെൻഷൻ മന്ത്രി സ്റ്റീവ് വെബ് ഉൾപ്പെടെയുള്ള പ്രമുഖർ വിമർശിച്ചു.

ഈ നികുതി പരിഷ്കാരം യുകെയിലെ തൊഴിൽ വിപണിയെയും ബിസിനസ് മേഖലയെയും സമ്മർദ്ദത്തിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്കൽ സ്റ്റഡീസ് നടത്തിയ പഠനമനുസരിച്ച് ഏകദേശം പത്തുലക്ഷത്തോളം കുടുംബങ്ങൾക്ക് വാർഷിക വരുമാനത്തിൽ ഗണ്യമായ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്.

കമ്പനികൾക്ക് ജീവനക്കാരുടെ പെൻഷൻ വിഹിതത്തിന്മേൽ അധിക നികുതി ബാധ്യത വരുന്നതിനാൽ ഭാവിയിൽ ശമ്പള വർധനവ് കുറയ്ക്കുകയോ മറ്റ് ആനുകൂല്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പുതിയ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, ജീവനക്കാരുടെയും തൊഴിലുടമകളുടെയും ആശങ്കകൾ വർധിച്ചുവരികയാണ്.