'കെ പി സി സി അധ്യക്ഷപദവി ഒഴിയാന്‍ തയ്യാറാണ്': രണ്ട് ചുമതല വഹിക്കുന്നതിൻ്റെ പ്രയാസം നേതൃത്വത്തെ അറിയിച്ചു; സണ്ണി ജോസഫ്

Jun 21, 2026 - 17:08
 0  2
'കെ പി സി സി അധ്യക്ഷപദവി  ഒഴിയാന്‍ തയ്യാറാണ്': രണ്ട് ചുമതല വഹിക്കുന്നതിൻ്റെ പ്രയാസം നേതൃത്വത്തെ അറിയിച്ചു; സണ്ണി ജോസഫ്

തിരുവനന്തപുരം; കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാറാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. രണ്ട് ചുമതലകള്‍ ഒരേസമയം വഹിക്കുന്നതിലെ പ്രയാസം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി നിര്‍ദേശിക്കുന്ന ഏത് സമയത്തും ചുമതല കൈമാറാന്‍ സന്നദ്ധനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മന്ത്രിക്കെതിരെ ഉയര്‍ന്ന ഫ്‌ലെക്‌സ് ബോര്‍ഡുകളെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ആരാണ് സ്ഥാപിക്കുന്നതെന്ന് അറിയില്ലെന്നും നല്ല ഉദ്ദേശ്യത്തിലും മോശം ഉദ്ദേശ്യത്തിലും വെക്കുന്നുണ്ടാകാം മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായ ലോഡ് ഷെഡിങ് ഇല്ലെങ്കിലും ചെറിയ തോതില്‍ വൈദ്യുതി തടസ്സം അനുഭവപ്പെടുന്നത് ആശങ്കാജനകമാണെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി ലഭ്യതയില്‍ കുറവ് നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന് രാജ്യത്ത് ഉഷ്ണതരംഗം ശക്തമായതും വൈദ്യുതി ഉപഭോഗം വര്‍ധിച്ചതും പ്രതിസന്ധിക്ക് കാരണമായതായി അദ്ദേഹം വിശദീകരിച്ചു.