സ്വപ്‌നമഴ: കവിത, ടോബി തലയല്‍

സ്വപ്‌നമഴ: കവിത, ടോബി തലയല്‍


ഴ മുഴുമിക്കാത്തൊരു
പാട്ടേറ്റുപാടി കാറ്റ്‌,
തോര്‍ന്ന്‌ തീരാത്ത
സങ്കടം പെയ്‌തൊരു മരം,
മണ്ണിലേക്കൊഴുകി
മറയുന്നതിന്‍ മുമ്പ്‌
പുണര്‍ന്നൊന്നാവാന്‍
ഒരുമ്മ ബാക്കിവെച്ച്‌
നീര്‍ക്കുമിളകള്‍,
പറയാതടര്‍ന്ന വാക്കായ്‌
കാലുകള്‍ വഴുതി
നിലതെറ്റിയ പഴുത്തിലകള്‍,
കൈകോര്‍ത്ത കൂട്ടുകളുടെ
പഴകിപ്പിഞ്ഞിയ
കടപുഴകിയ വേരുകള്‍,
ഉല്ലാസം പൂവായ്‌
വിരിഞ്ഞൊരു തുമ്പയുടെ
ചിരിമങ്ങി ചേറില്‍
കലങ്ങുന്ന കണ്ണുകള്‍,
വഴിയറിയാതെ
പകച്ചുനില്‍ക്കുന്നൊരു
കുട്ടിയായ്‌ വെളിച്ചം!

രാവിലെ ഒരു
സ്വപ്‌നം കണ്ട്‌
ഓര്‍മകളില്‍
നനയുകയാണ്‌ ഞാന്‍.
കണ്‍തുറന്നു നോക്കവേ
പൊള്ളുന്ന ചൂടിന്‍ ഉളികൊണ്ട്‌
നെറ്റിയില്‍
കവിളില്‍
കഴുത്തില്‍
പുറത്തെമ്പാടും
ആരോ കൊത്തിവെയ്‌ക്കുന്നു
വിയര്‍പ്പിന്റെ ശില്‍പ്പങ്ങള്‍!