വിമല: നോവലെറ്റ്; സൂസൻ പാലാത്ര, അധ്യായം - മൂന്ന്

 വിമല: നോവലെറ്റ്; സൂസൻ പാലാത്ര, അധ്യായം - മൂന്ന്

  അന്ന് പ്രഭാതം പൊട്ടിവിരിഞ്ഞപ്പോൾ കേട്ടത് ഭീകരവും ദാരുണവുമായ രണ്ടു കൊലപാതകങ്ങളെക്കുറിച്ചാണ്. ഹൃദയമുള്ളവരൊക്കെ നടുങ്ങി.. ഞെട്ടിത്തരിച്ചു പോയി. തൊട്ടടുത്ത രണ്ടു ഗ്രാമങ്ങളിൽ നടന്ന അരുംകൊലകൾ. ഒന്ന് ഒരു ഇരട്ടക്കൊലപാതകം. ചെറിയ രണ്ടുമാവുകളിലായി  തൂങ്ങി നില്ക്കുന്ന ഒരു  പതിന്നാലുകാരിയും ഒരു പന്ത്രണ്ടുകാരിയും... ദൂരെ എവിടെയോയുള്ള രണ്ടു പെൺകുരുന്നുകൾ ബന്ധുവീട്ടിൽ വന്നതാണത്രേ. ആരോ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് നട്ടെല്ലു തകർത്തുകൊന്ന്, നാക്കുകൾ അറുത്തുമാറ്റി  അവർ ധരിച്ചിരുന്ന വിലപിടിപ്പുള്ളതൊക്കെ അപഹരിച്ചെടുത്തിട്ട് ആളൊഴിഞ്ഞ മീനങ്ങാടിപ്പറമ്പിലെ കൊച്ചു മാവുകളിൽ  കെട്ടിത്തൂക്കി. കാലുകൾ നിലത്ത് മുട്ടിയിരുന്നു. നാക്ക് അറുത്തിരുന്നു.  കണ്ണുകളിൽ ചോര ഉണങ്ങിപ്പിടിച്ചിരുന്നു.  കഴുത്തിൽ തൂങ്ങി മരണത്തിൻ്റെ ലക്ഷണങ്ങളുമില്ല. കൊന്നു കെട്ടിത്തൂക്കിയതാണ്.  അരക്കെട്ടിലും മാറിടത്തിലും മുഖത്തും മുറിവുകളും നഖക്ഷതങ്ങളും... ക്രൂരമായ കൂട്ടബലാത്സംഗം. 

       നശിച്ച കാലം.... പിശാച് ആരെ വിഴുങ്ങേണ്ടു എന്ന് ഉഴറി നടക്കുന്നു.  നിത്യേന എത്രയെത്ര ബലാത്സംഗ ക്കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കേൾക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ത്രീകളും കൊച്ചു പെൺകുട്ടികളും മൃഗീയമായി വധിക്കപ്പെടുന്നു. നാശകരായ ചെന്നായ്ക്കൂട്ടങ്ങളെ രക്ഷിക്കാൻ വക്കീലന്മാരുടെ വേഷം ധരിച്ച് ചെകുത്താന്മാരും വിലസുന്നുണ്ട്. സ്ത്രീയ്ക്ക് പാദപൂജ നടത്തുന്ന രാജ്യത്തിൽ സ്ത്രീ സുരക്ഷ എത്രകാതം ദൂരെയാണ്.  

          മറ്റെക്കൊലപാതകം അതും,  അക്ഷരാർത്ഥത്തിൽ മോളിക്കുട്ടിയെ നടുക്കിക്കളഞ്ഞു. 

 പതിനെട്ടുകാരൻ്റെ ദാരുണാന്ത്യം.  പക്ഷേ, പത്രത്തിൽ കൊടുത്തിരുന്ന പടം കണ്ട് മോളിക്കുട്ടി വാവിട്ടു കരഞ്ഞുപോയി. കേവലം പതിനെട്ടു വയസ്സ് മാത്രം പ്രായമായ ആ  യുവകോമളൻ മറ്റാരുമായിരുന്നില്ല. തൻ്റെ വിമലയുടെ ഏകപുത്രൻ. ഭർത്താവിൽ നിന്ന് മോചിതയായ അവൾക്ക് ആണും പെണ്ണുമായി ആകെയുള്ള തുണ... സുന്ദരനായ, ശാന്തശീലനായ അഭിനന്ദ് എന്ന കൗമാരക്കാരൻ. ടെലിഫോണിൽ നാത്തൂനോട് കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ മോളിക്കുട്ടി വളരെപ്പെട്ടെന്ന് തന്നെ മരണവീട്ടിലെത്തി. അഭിനന്ദിനെ ഒരു നോക്കു കാണാനായില്ല. പോസ്റ്റുമോർട്ടം തുടങ്ങിയുള്ള ചടങ്ങുകൾ കഴിഞ്ഞ് ശവം വീണ്ടുകിട്ടാൻ സമയമെടുത്തു. വിമലയുടെ കണ്ണും മുഖവുമെല്ലാം കരഞ്ഞ് വീർത്ത് നീരു വച്ചിരിക്കുന്നു. അവളെ കുത്തിവച്ച് മയക്കിക്കിടത്തിയിരിക്കയാണ്. വിമലയുടെ ചേച്ചിമാർ അവളുടെ ഇടതും വലതുമായി അവളെ ചേർത്തു പിടിച്ചിരിക്കുന്നു. വിമല ഒന്നു കണ്ണു തുറന്നിരുന്നെങ്കിൽ എന്ന് മോളിക്കുട്ടി ആഗ്രഹിച്ചു. അവളുടെ കൈകൾ പിന്നോക്കം കെട്ടിയിരിക്കുകയാണ്. ചോദിച്ചവരോടൊക്കെ ബന്ധുക്കൾ പറഞ്ഞു അവൾ സ്വയം  ചങ്കത്തടിയ്ക്കാതിരിക്കാനാണെന്ന്. അവൾ കണ്ണു തുറക്കുമ്പോൾ തന്നെ ബന്ധുക്കൾ അവളെ തോറ്റംപറഞ്ഞ് കരയാൻ സമ്മതിക്കാതെ മയക്കിക്കിടത്തുന്നു. ആകെപ്പാടെ ആ വീടു നിറയെ നിഗൂഢമായ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നു. കൊലയാളി ഏറ്റവും അടുത്ത ബന്ധുവാണെന്നും കൊലയാളിയെ വിമലയുൾപ്പടെയുള്ളവർക്ക് അറിയാമെന്നും കൂടിനിന്ന ജനം ഒളിച്ചും തെളിച്ചും നിർത്താതെ സംസാരിക്കുന്നു. 

       "വാ മതി ഇവിടിരുന്നത്, ബോഡി കൊണ്ടുവരാൻ വൈകും" ആങ്ങളയും നാത്തൂനും നിർബ്ബന്ധിച്ചിട്ട് മോളിക്കുട്ടി മനസ്സില്ലാമനസ്സോടെ അവിടെ നിന്നിറങ്ങി.  

          ജോലികിട്ടി സാമ്പത്തികനില ഭദ്രമായെങ്കിലും വിമലയ്ക്ക് ഒരു സ്വസ്ഥതയും കിട്ടിയില്ല. പാറുവെന്ന ആ ജന്മത്തെ നോക്കണം. സ്വന്തം പെറ്റമ്മയായിപ്പോയില്ലേ.... എല്ലാരും ഉപേക്ഷിച്ചു പോയി. എങ്കിലും വിമലയ്ക്കതിനു കഴിഞ്ഞില്ല. ചോർന്നൊലിയ്ക്കുന്ന ആ വീട് വിമല പുതുക്കിപ്പണിതു. വീട് അമ്മയ്ക്കിഷ്ടമുള്ളവർക്കു കൊടുക്കട്ടെ. അവകാശികൾ ഏറെയുള്ള വീടാണത്. അമ്മ അവിടെ താമസിക്കുന്നിടത്തോളം കാലം അത് നന്നാക്കിയിടാം എന്നേ വിമല കരുതിയുള്ളൂ.എന്നാൽ സഹോദരൻ വിമലയെ ഏറെ സംശയിച്ചു. വീട് വിമല അടിച്ചെടുക്കുമെന്നു ഭയന്ന് അതിൻ്റെ ആധാരം ഈടായി  പണയംവച്ച് ബാങ്ക് വായ്പഎടുത്ത് സ്വന്തംവീട് പുതുക്കിപ്പണിതു.

          മാറാരോഗം ബാധിച്ച പാറുവമ്മയ്ക്ക് മതിയായ ചികിത്സയ്ക്കായി വിമല  ഒരുപാടു പണമൊഴുക്കി,  അവരെ രക്ഷിക്കാൻ വൃഥാശ്രമം നടത്തി. പുറത്തു പറയാനാവാത്ത എന്തൊക്കെയോ രോഗങ്ങൾ ഉള്ളിലൊളിപ്പിച്ച് അവർ ഒരസ്ഥിപഞ്ജരം കണക്കെ ജീവിച്ചു വരികയാണ്. അവർ അടുത്തു വന്നാൽ മൂക്ക് പൊത്തണം, അത്രയും ഗതികെട്ട ജീവിതമാണ്. 

         അഭിനന്ദ് വലിയ ഈശ്വരവിശ്വാസിയായിരുന്നു . ഈ പ്രായത്തിനിടയിൽ പല മതങ്ങളുടെയും വേദഗ്രന്ഥങ്ങളിലെ സാരാംശങ്ങൾ അവൻ ഹൃദിസ്ഥമാക്കി.  എല്ലാവരോടും വളരെ ക്ഷമയോടും വിനീതനായും പെരുമാറുന്ന നല്ല സ്വഭാവമായിരുന്നു  അവന്. 

          കാലായിലെ ഓമന,  മക്കളൊക്കെ ദൂരെയായതിനാൽ വിമലയോടും  അഭിനന്ദിനോടും സ്വന്തം എന്നവണ്ണമാണ് ഇടപെട്ടിട്ടുള്ളത്. എന്തു സംസാരിച്ചാലും ബൈബിൾ വാക്യങ്ങൾകലർത്തി സംസാരിക്കുന്നശീലമാണ് ഓമനയമ്മയ്ക്ക്. ഓമനയെ വിമല ഓമനയമ്മയെന്നും  അഭിനന്ദ് ഓമനയമ്മച്ചി എന്നുമാണ് വിളിക്കാറ്. ഓമനയമ്മച്ചിയിൽ നിന്ന് അവൻ ബൈബിൾവാക്യങ്ങൾ ഹൃദിസ്ഥമാക്കി ഉരുവിട്ടു നടന്നു.

     "വല്യസന്തോഷാരുന്നു... എൻജിനീറിംഗിന് പഠിക്കാനാരുന്നവനാഗ്രഹം.. അതിനായിട്ടുള്ള പരിശ്രമത്തിൻ്റെയെടേലാ അവൻ്റെ അമ്മായീടാങ്ങളമാർ അവനെ ഇല്ലാതാക്കീത് "വിമലയുടെ അടുത്ത ബന്ധുവായ ശ്രീധരക്കൊച്ചച്ചനാണ് ആ വിവരം മോളിക്കുട്ടിയുടെ കാതിൽപ്പറഞ്ഞത്. കേട്ടത് ശരിതന്നെയാണോന്നുറപ്പിയ്ക്കാനൊന്നും പറ്റില്ല. വയസ്സായ ശ്രീധരഞ്ചേട്ടൻ ആരോടും പറേല്ലേൻ്റെ മോളിക്കുട്ട്യേന്നു പറഞ്ഞാണ് രഹസ്യം കൈമാറിയത്. ദഹിക്കാത്ത ആ രഹസ്യംനിമിത്തം മോളിക്കുട്ടിക്കുണ്ടായ വീർപ്പുമുട്ടൽ ചില്ലറയല്ല. ശ്രീധരൻ്റെ മരണശേഷം മോളിക്കുട്ടി വിനീത നാത്തൂനോട് ആ രഹസ്യം പങ്കുവച്ചു. 

        രക്തബന്ധങ്ങളുടെ വിലയില്ലായ്മയും ധനത്തിനു മാത്രം കൊടുക്കുന്ന പ്രാധാന്യവും  ... മനുഷ്യൻ നിത്യശാന്തിയെ കരുതാതെ താല്കാലിക ലാഭംകൊയ്യാൻ ചെയ്തുകൂട്ടുന്ന ക്രൂരതകൾ കണ്ടുംകേട്ടും മനസ്സ് മരവിച്ചുപോയ വിമല എന്ന അമ്മയുടെ നിസ്സഹായാവസ്ഥയറിഞ്ഞ് അന്ന് മോളിക്കുട്ടിയുടെ ഉള്ളവും പിടഞ്ഞതാണ്. 

        വിമലയെ അവിചാരിതമായി ഒരു പുസ്തകമേളയിൽ വച്ചുകണ്ട മോളിക്കുട്ടിയ്ക്ക്, ആദ്യം അവളെ മനസ്സിലായില്ല. അത്രമാത്രം കണ്ടു പറയാനില്ലാത്ത അവസ്ഥയിലായിരുന്നു അവൾ കറുത്ത കുഞ്ഞുനക്ഷത്രങ്ങളുള്ള വെള്ളസാരിയും കറുത്തബ്ലൗസ്സും ധരിച്ച വിമല സാരിത്തലപ്പു വലിച്ചിട്ട് കഴുത്തുമൂടി നടക്കുന്നു. മോളിക്കുട്ടി ചോദിച്ചു: 

ഈ കൊടുംവേനലിൽ മൂടിപ്പുതച്ചു നടക്കാതെ സാരി പുറകോട്ടിട്ട് നടക്ക് പെണ്ണേന്നും പറഞ്ഞ്  മോളിക്കുട്ടി സാരിയുടെ മുന്താണിഭാഗം വിമലയുടെ കഴുത്തിന് പിന്നിലേക്കിട്ടു. 

"എന്തിയേടീ കഴുത്തിലെ മാല"

"ആരെ കാണിയ്ക്കാനാ മാല ഇടുന്നേ " അവൾ പ്രതിവചിച്ചു.

എന്നിട്ടു തുടർന്നു "എൻ്റെ മുത്തുള്ളപ്പഴേ ഞാനതുപേക്ഷിച്ചിരുന്നെങ്കിലത്രേം ആശ്വാസമായേനെടീ, അവന് പഠിക്കാൻ കാശുണ്ടാക്കാനുള്ള ശ്രമത്തിലാ ... എൻ്റെ മുത്തിനെ നഷ്ടപ്പെട്ടത് "

ഒന്നും മിണ്ടാതെ വായ്പൊളിച്ചുനിന്ന മോളിക്കുട്ടിയോട് വിമലപറഞ്ഞു: " എൻ്റെ നേരാങ്ങളേടെ അളിയമ്മാരാടീ ....ൻ്റെ മുത്തിനെ കൊന്നത്. ഏട്ടൻ എന്നെ ജാമ്യം നിർത്തി വലിയ തുക ലോണെടുത്തു. ഏട്ടൻ ഒറ്റനയാപൈസ അതീന്ന് തിരിച്ചടച്ചില്ല. എൻ്റെ ശമ്പളത്തീന്ന് പിടിക്കാൻ തുടങ്ങി. പിടുത്തം കഴിഞ്ഞ് കിട്ടിയ കുഞ്ഞുതുക കൊണ്ട് എല്ലാം നടത്താൻ പറ്റാണ്ടായി,  ഇക്കാരണത്താൽ എൻ്റെ മുത്തിനെ പഠിപ്പിയ്ക്കാൻ  

ബാങ്ക്വായ്പയ്ക്കു താമസംനേരിട്ടു. പഠിക്കാനുള്ള കൊതികൊണ്ട് എൻ്റെമുത്ത് അവൻ്റെ അമ്മാവനെ... അതായത് എൻ്റെ ഏട്ടനെ കാണാമ്പോയത്. ഒന്നും ഒറ്റേം പറഞ്ഞ് കുടിച്ചു കൂത്താടിയിരുന്ന .... ആ തെമ്മാടികളെല്ലാം കൂടി പട്ടിയെ തല്ലിക്കൊല്ലുമ്പോലെ തല്ലിക്കൊന്നതാടീ... അവരെൻ്റെ പൊന്നിനെ " മൂക്കിലൂടൊലിച്ചു വന്ന മൂക്കള, മോളിക്കുട്ടി കൊടുത്ത വെള്ള ടിഷ്യു പേപ്പർ കൊണ്ട് വിമല തുടച്ചു കളഞ്ഞു. 

        വിമല മോളിക്കുട്ടിയുടെ ചുമലിൽ തലചായ്ച്ച് ഏങ്ങിയേങ്ങിക്കരഞ്ഞു. മോളിക്കുട്ടി ഏറെനേരം ആ പ്രിയ കൂട്ടുകാരിയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ശ്വാസം മുട്ടി, ഞെരുങ്ങി.  

       പിന്നീട്കേട്ടത് ആരും വിശ്വസിയ്ക്കാത്ത കുറെ കാര്യങ്ങളാണ്. പക്ഷേ, വിശ്വസിച്ചേ മതിയാവൂ. വിമലയെഉപേക്ഷിച്ച് വേറെ വിവാഹംചെയ്ത നിർഗ്ഗുണജന്മമായ ആ മനുഷ്യനും തൻ്റെരണ്ടാം ഭാര്യയും അതിലെമക്കളും കൂടി ടൂർപോകുമ്പോൾ  വാഹനാപകടത്തിൽപ്പെട്ട് രണ്ടാം ഭാര്യ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയും രാജേഷിൻ്റെ നട്ടെല്ലിന് ഗുരുതരമായ ക്ഷതമേറ്റതിനാൽ ശരീരം തളർന്ന് കിടപ്പിലാവുകയും ചെയ്തു. പെൺകുട്ടികളിൽ മൂത്തവൾക്ക് അപകടം നല്കിയ മാനസികാഘാതത്തിൻ്റെ പരിണതഫലമായി സംസാരശേഷി നഷ്ടപ്പെട്ടു. ആരുപോരുമില്ലാതെ മെഡിക്കൽ കോളജിൻ്റെ വരാന്തയിൽ കിടന്നു നിലവിളിച്ച ഇളയ പെൺകുട്ടിയെക്കണ്ട് മനമലിഞ്ഞവിമല ആ കുടുംബത്തിൻ്റെ ഭാരം പൂർണ്ണമായി അവളുടെ സ്വന്തം ചുമലിൽ വഹിച്ചു. ധാരാളം പണംമുടക്കി മൂത്തകുട്ടിയെ ചികിത്സിപ്പിച്ചു.  സംസാരശേഷി തിരികെ കിട്ടി. അവരെ വിവാഹം ചെയ്തയയ്ക്കാനുള്ള വിമലയുടെ പരിശ്രമത്തെക്കുറിച്ചറഞ്ഞ കടംകൊണ്ട് പൊറുതിമുട്ടിയ, വിമലയുടെ ഏട്ടൻ സാമ്പത്തികസഹായം ചോദിച്ച് വിമലയുടെ അടുക്കൽ ചെന്നുവത്രേ. വിമല കമാന്ന്  ഒരക്ഷരം പോലും ഉരിയാടിയില്ല, അയാളെ ആദരിച്ചുമില്ല, ഇറങ്ങിപ്പോകാൻ പറഞ്ഞതുമില്ല. ഏറെനേരം ഇരുന്ന് വാവിട്ടു കരഞ്ഞിട്ട് മടങ്ങിയതിൻ്റെ പിറ്റേന്ന് അവർ കൂട്ട ആത്മഹത്യ ചെയ്തുവത്രേ. 

       അഭിനന്ദിനെ കൊന്ന കേസിൽനിന്ന് രക്ഷപ്പെടുത്താൻ, കേസ് നടത്താൻ ബ്ലേഡ് പലിശയ്ക്ക് കടം വാങ്ങി, തിരിച്ചടവിനു മാർഗ്ഗമില്ലാതെ വീടും വസ്തുവകകളും ജപ്തി ചെയ്യപ്പെട്ട് മനംതകർന്ന് അവർ ആത്മാവും ശരീരവും ഓരോതുണ്ട് കയറുകളിലൊതുക്കി.

          ഏട്ടൻ്റെ കയ്യിനാൽ മരിച്ച തൻ്റെ പൊന്നോമനയുടെ ഏറ്റവും വലിയആഗ്രഹം ആയിരുന്നുപോലും, സ്വന്തം അച്ഛനോടൊപ്പം ഒന്ന് അന്തിയുറങ്ങുക എന്നത്. എന്നിട്ട് മരണം അന്വേഷിച്ചുപോലും ഒന്നു വരാത്ത, വിമലയെ ആശ്വസിപ്പിയ്ക്കാൻ കൂട്ടാക്കാഞ്ഞ ആ മനുഷ്യനോടൊപ്പം അവൾ ജീവിയ്ക്കാൻ തയ്യാറായത്...

     ..... ഒരു വെളുപ്പാൻ കാല സ്വപ്നത്തിൽ അഭിനന്ദ് അമ്മയോടു വന്ന് വാക്കുവാങ്ങിയെന്ന്..... അവൻ്റെ അച്ഛനെ, അവൻ്റെ അമ്മ അതായത് വിമല പരിരക്ഷിച്ചു കൊള്ളാമെന്ന്. 

        എല്ലാം ഒരു കടങ്കഥ പോലെ തോന്നി മോളിക്കുട്ടിയ്ക്ക്..

           വിമലയും അഭിനന്ദും എത്രയോ ഉയരങ്ങളിലാണ്. ആകാശത്തിൻ്റെ അങ്ങു തുഞ്ചത്ത് ഒരമ്മപ്പക്ഷിയും ഒരു കുഞ്ഞുപക്ഷിയും. തൂവെള്ളച്ചിറകുകളുള്ള ആ പക്ഷികളിൽ നിന്നുതിരുന്ന തൂവെളിച്ചം ... ആ ഗ്രാമത്തിൽ.... ഉച്ചവെയിൽ പോലെ തീക്ഷ്ണതയോടെ   ജ്വലിച്ചു കത്തുന്നു ...

        മോളിക്കുട്ടി ആകാശത്തിലേക്ക് ഉറ്റുനോക്കി നിന്നു... അതാ തിളങ്ങുന്ന രണ്ടു വെള്ളപ്പൊട്ടുകൾ പോലെ അവർ അങ്ങകലെയായി....

 

            (അവസാനിച്ചു)   

 

4/12/2020

3.00 am