നീലിമ, നോവൽ ; ഭാഗം 5, ലാലി രംഗനാഥ്  

Nov 13, 2026 - 19:21
Nov 13, 2026 - 19:23
 0  5
നീലിമ, നോവൽ ; ഭാഗം 5, ലാലി രംഗനാഥ്   

 നീലുവും സൂര്യയും

അരിച്ചിറങ്ങുന്ന തണുപ്പിലും കുളിച്ച് വസ്ത്രം മാറി, ബാത്റൂമിൽ നിന്നും മുറിയിലേക്ക് വന്ന ശാരി, ആകാശനീലിമ ഉമ്മ വച്ചുറക്കുന്ന മലനിരകളിലേക്ക് കണ്ണുനട്ട് ജനൽ അഴിയിൽ പിടിച്ചു നിൽക്കുന്ന നീലുവിന്റെ കണ്ണുകളിലൂടെ ഒഴുകുന്ന കണ്ണുനീരിന്റെ അർത്ഥം വളരെ വേഗത്തിൽ തിരിച്ചറിഞ്ഞു. കാരണം 
ശാരിക്ക് അറിയാമായിരുന്നു അത്രമേൽ ആഴത്തിൽ കൂട്ടുകാരിയുടെ മനസ്സിന്റെ ചിന്തകളെ.

ഒന്നായലിഞ്ഞുചേർന്നിട്ട്, അടർത്തി മാറ്റപ്പെട്ട ഇണ സർപ്പത്തിന്റെ ഉള്ളുരുക്കത്തിൽ അമരുകയാണ് അവളുടെ ചിന്തകളെന്ന് കണ്ണുനീരൊഴുകുന്ന നീലുവിന്റെ കണ്ണുകൾ പറയുന്നതുപോലെ..

  കുറച്ചു നേരമായി ശാരി തന്റെ അടുത്ത് വന്ന് നിൽക്കുന്നത് നീലു അറിയുന്നതു പോലുമുണ്ടായിരുന്നില്ല. ബംഗ്ലാവിലെ ആ വലിയ മുറിയിലെ നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് അപ്പോഴേക്കും സരളമ്മ മുറിയിലേക്ക് കടന്നു വന്നു.

" നീലു മോളേ..നിങ്ങൾക്ക് ഭക്ഷണം കഴിക്കാറായില്ലേ?സമയം ഒരു മണി കഴിഞ്ഞല്ലോ, സന്തുമോൻ വരാൻ വൈകുമോ ഇന്ന്?"

 നീലു പെട്ടെന്ന് സ്ഥലകാല ബോധത്തിലേക്ക് തിരിച്ചെത്തി. അവൾ കൈകൾകൊണ്ട് കണ്ണുതുടയ്ക്കുന്നത് ശാരിയും സരളയമ്മയും കണ്ടെങ്കിലും രണ്ടുപേരും അത് കണ്ടില്ലെന്ന് നടിച്ചു.

" ആ. വേണം വേണം..നീലൂ എനിക്ക് ഭയങ്കരമായിട്ട് വിശക്കുന്നുണ്ട് കേട്ടോ സന്ദീപ് ലഞ്ചിന് വരുമോടീ? "

 ഞാനൊന്നു വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞ് നീലു ഫോണെടുത്തു. എന്നാൽ സന്ദീപിന്റെ മെസ്സേജ് കണ്ട് 

" സന്ദീപ് നാലുമണിക്ക് വരുള്ളൂ."എന്ന് രണ്ടുപേരോടുമായി പറഞ്ഞു.

 ആറരക്കാണ് മദ്രാസിനുള്ള ബസ് നീ വാ..നമുക്ക് കഴിക്കാം.

 അവർ ഡൈനിങ് ഹാളിലേക്ക് നടന്നു.

 ശാരി നേരെ അടുക്കളയിലേക്ക് ചെന്ന് മൂടിവച്ചിരുന്ന ഓരോ പാത്രങ്ങളും തുറന്നു നോക്കിയിട്ട് സരളമ്മയുടെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു.

 "എന്തെല്ലാം വിഭവങ്ങളാണ് സരളമ്മ ഒരുക്കിയിരിക്കുന്നത്? എല്ലാത്തിലും കൈപ്പുണ്യത്തിന്റെ ഒരു മണം തന്നെ പരക്കുന്നുണ്ട് കേട്ടോ.."

 ഇതും പറഞ്ഞ് അവൾ ചിരിച്ചുകൊണ്ട് അവരുടെ കവിളിൽ സ്നേഹത്തോടെ തട്ടിയിട്ട് "സുന്ദരി സരളമ്മ "എന്നുകൂടി കൂട്ടിച്ചേർത്തു.

 "രണ്ടാളും പോയി ഇരിക്കൂ "ഞാൻ വിളമ്പി തരാം.

 "ഏയ് അത് പറ്റില്ല..നമുക്ക് മൂന്നാൾക്കും കൂടി ഒരുമിച്ചിരുന്ന് കഴിക്കാം. എല്ലാം മേശപ്പുറത്ത് എടുത്തു വയ്ക്കാം."

 "വേണ്ട മക്കളെ,എല്ലാവരും കഴിച്ചിട്ട് ഭക്ഷണം കഴിച്ചാലേ എനിക്ക് തൃപ്തിയാവുള്ളൂ. എന്റെ സന്തു മോന്റെ അമ്മയുടെ കൂടെ നിൽക്കാൻ തുടങ്ങിയപ്പോഴേയുള്ള ശീലമാണ്. "ഒരു ദീർഘനിശ്വാസമുതിർത്തുകൊണ്ട് സരളമ്മ പറഞ്ഞു.

 നീലുവും ശാരിയും ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ട് ഹാളിലേക്ക് വന്നു.

" ശാരീ..നിനക്ക് ഉറങ്ങണമെങ്കിൽ കുറച്ച് കിടക്കു ട്ടോ ".

 "വേണ്ടടി, നിന്നെ കണ്ടാൽ പിന്നെ എനിക്ക് ഉറക്കമൊന്നും വരില്ലെന്ന് അറിയില്ലേ.. സന്ദീപിന്റെ ഡ്രസ്സെല്ലാം റെഡിയാക്കി വച്ചോ നീ? ഇല്ലെങ്കിൽ ചെയ്തിട്ടു വാ. നമുക്ക് കുറച്ചുനേരം പണ്ടത്തെ കഥകളൊക്കെ പറഞ്ഞിരിക്കാം. 
നമ്മുടെ വാച്ച്മാൻ വിജയൻ നായരും, ലാബ് അസിസ്റ്റന്റ് വിമലയും തമ്മിലുള്ള പഞ്ചാര ഞാൻ പൊളിച്ചതൊക്കെ ഓർമ്മയില്ലേ എപ്പോൾ ആ കാര്യങ്ങൾ ഓർത്താലും എനിക്ക് ചിരി അടക്കാൻ പറ്റില്ല."

 തമാശ പറഞ്ഞ് നീലുവിന്റെ മൂഡ് ഒന്നു മാറ്റാൻ ശാരി ശ്രമിച്ചെങ്കിലും അതൊരു പരാജയമായി മാറുകയായിരുന്നു.

 "പണ്ടത്തെ കഥകൾ...അതെ ആ കഥകളിൽ തന്നെയാണ് ഇപ്പോഴും എന്റെ മനസ്സ്.പക്ഷേ അത് നീ പറയുന്നതല്ല എന്ന് മാത്രം.."

 പാതിനിർത്തിയ നീലുവിന്റെ വാക്കുകൾ ശാരിയെയും ഒരു നിമിഷം മൗനത്തിലാഴ്ത്തി.

 അല്പം കൂടി അവളുടെ അടുത്തേക്ക് ചേർന്നിരുന്നിട്ട് ശാരി ചോദിച്ചു.

 "മോളേ..നിനക്ക് ഇനിയും മറന്നൂടെ അതെല്ലാം?"

 "ഞാൻ ശ്രമിക്കുന്നു. മുൻപും,ഇപ്പോഴും.വിഷാദത്തിലേക്ക് വഴുതിവീണപ്പോഴും,നീ ഉൾപ്പെടെ എല്ലാവരും ചേർന്ന് ജീവിതത്തിലേക്ക് എന്നെ കൊണ്ടുവന്നപ്പോഴും ഞാൻ ശ്രമിച്ചിരുന്നു.. എല്ലാം മറക്കാൻ.

 എങ്കിലും ശാരീ എന്തിനായിരുന്നു സൂര്യയിൽ നിന്ന് എന്നെ പറിച്ചെടുത്തത്. സൂര്യയെ ഇല്ലാതാക്കിയത്?"

 "നീലു നീ വിശ്വസിക്കുന്നു സൂര്യ മരിച്ചുപോയെന്ന്. നിന്റെ ഏട്ടൻ കൊന്നുവെന്ന്. പക്ഷേ അതിന് എന്ത് തെളിവാണ് ഉള്ളത്. സൂര്യ ആരോടും പറയാതെ നിന്റെ ജീവിതത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതാണെങ്കിലോ?"

 "നിനക്ക് എങ്ങനെ സാധിക്കുന്നു ഇങ്ങനെയെല്ലാം പറയാൻ.? ഞാൻ സൂര്യയോട് അടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം എത്രമാത്രം അകന്നു മാറിയവനാണ് സൂര്യ. നിനക്ക് മാത്രമല്ലേ അത് അറിയുള്ളൂ. അവസാനം കടുത്ത നിരാശയിൽ ഞാൻ മൗനിയായപ്പോൾ നീ തന്നെയല്ലേ സൂര്യയോട് എല്ലാം തുറന്നു പറഞ്ഞത്.?എന്റെ മനസ്സ് തുറന്നു കാണിച്ചത്.?

 ഒരു ദിവസം സൂര്യയുടെ വീട്ടിൽ ചെന്ന് ശിവ പാർവതി ശില്പത്തിന് മുന്നിൽ എന്നെ പിടിച്ചുനിർത്തി സൂര്യയോട് നീ പറഞ്ഞത് മറന്നുവോ?

 ഈ ശില്പത്തെ രണ്ടായി വേർപിരിക്കാൻ ആവുമെങ്കിൽ സൂര്യയ്ക്ക് ഇവളുടെ മനസ്സ് കാണാതിരിക്കാം.. എന്നല്ലേ?

 അതും പറഞ്ഞു മുറിയിൽ നിന്ന് നീ ഇറങ്ങി പോയപ്പോൾ എന്നോട് സൂര്യ പറഞ്ഞത് എന്തായിരുന്നു എന്ന് നീയും ഓർക്കുന്നുണ്ടാവും.

" നീലു..നീ എന്നെ പ്രണയിക്കുന്നതിന്റെ നൂറിരട്ടി ഇഷ്ടം എനിക്ക് നിന്നോടുണ്ട്.

 എന്റെ പ്രണയം അഗ്നിയാണ്.തീഷ്ണമായ അതിന്റെ ജ്വാലയിൽ വർണ്ണശബളമായ നിന്റെ ജീവിതം വെന്തുരുകിയാലോ എന്ന് ഞാൻ ഭയക്കുന്നു."

 ഈ വാക്കുകൾ കേട്ട് പൂത്തുലഞ്ഞ മനസ്സുമായി സൂര്യയുടെ നെഞ്ചോട് ചേരുമ്പോൾ ശിവ പാർവതി ശില്പത്തിന് ജീവൻ വച്ചതു പോലെ.

 "എന്റെ നെഞ്ചിൽ ഞാൻ നിന്നെ ചേർത്തു പിടിച്ചാൽ മരണം വേർപെടുത്തും വരെ നമ്മുടെ ശ്വസന താളം ഒന്നായിരിക്കും.എന്റെ പ്രണയത്തിൽ ഉരുകാൻ തയ്യാറാണെങ്കിൽ,ഈ വിഗ്രഹം സ്വയം വേർപെടുംവരെ നമ്മൾ ഒന്നായിരിക്കും."


 സൂര്യയുടെ അന്നത്തെ വാക്കുകൾ നീലുവിന്റെ കാതുകളിൽ പ്രതിധ്വനിച്ചു ഒരു നിമിഷം.

 "എടീ..സൂര്യ ഭീരുവായിരുന്നില്ല.മൂന്നുദിവസം എന്റെ മോഹങ്ങളെ,എന്റെ ചേതനയെ തഴുകി ഉണർത്തിയിട്ട് മരണത്തിലൂടെ അല്ലാതെ എന്നെ തനിച്ചാക്കി സൂര്യ എവിടേക്കും പോകില്ല ഒരിക്കലും.

 ഇത് പറയുമ്പോൾ ഭ്രാന്തമായ ഒരു വികാരത്തിന് അടിമപ്പെട്ടവളെ പോലെയായിരുന്നു നീലു. അവളുടെ ശബ്ദം നേർത്തുനേർത്ത് ഇല്ലാതാകുമ്പോൾ 
"എന്റെ സൂര്യ ഒരു ഭീരുവല്ല "എന്ന വാക്കുകൾ അവ്യക്തതയിലാണ്ടിരുന്നു.

 സാന്ത്വനത്തിന്റെ തണലിൽ അഭയം തേടിയെന്നോണം ശാരിയുടെ മടിയിൽ തല വച്ച് അവൾ ഒരു കൊച്ചു കുട്ടിയുടെ നൈർമല്യത്തോടെ പാതിയുറക്കത്തിലേക്ക് വഴുതിവീണു.അവളുടെ തലയിൽ മെല്ലെ തലോടിക്കൊണ്ടിരിക്കുമ്പോൾ രണ്ടുവർഷം മുൻപ് ഉണ്ടായ നടുക്കുന്ന ഒരോർമ്മയിലേക്ക് ശാരിയുടെ ചിന്തകളും ചേക്കേറി. 
 ആറുമാസത്തെ മനയിലെ വർക്ക് പൂർത്തിയാക്കി സൂര്യയും അമ്മയും സ്വന്തം സ്ഥലത്തേക്ക് മടങ്ങാൻ തുടങ്ങുമ്പോഴേക്കും നീലുവും സൂര്യയും രണ്ട് ശരീരവും ഒരു മനസ്സുമായി ജീവിക്കാൻ തുടങ്ങിയിരുന്നു. ചപലമായ നാട്യങ്ങളിൽ രണ്ടുപേർക്കും വിശ്വാസമില്ലാതിരുന്നതുകൊണ്ട്,മെസ്സേജുകളിലൂടെയാണ് അവർ കൂടുതലും മനസ്സ് കൈമാറിയിരുന്നത്. കൂടിക്കാഴ്ചകൾ വളരെക്കുറവ്.

 അന്നൊക്കെ അവൾ സൂര്യയുടെ ചില മെസ്സേജുകളെപ്പറ്റി പറയുമായിരുന്നു.

" നിന്റെ നിശബ്ദതയെ പോലും എനിക്ക് വായിച്ചെടുക്കാനാവും നീലു. എന്തെന്നോ? ഞാൻ തന്നെയാണ് നീ. എന്നെക്കാളും കൂടുതലായി ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ പറയും പോലെ ഏതോ ജന്മ ബന്ധത്താൽ നമ്മൾ ഇഴ ചേർക്കപ്പെട്ടിരിക്കുന്നു."

 എന്നൊക്കെയുള്ള തീക്ഷ്ണമായ ഭാഷയിൽ എഴുതിയ ചിലത്.

 എംഫില്ലിന് പഠിച്ചിരുന്ന നീലുവിന്റെ ദിവസങ്ങളും ഒരു പ്രത്യേക താളത്തിൽ ഒഴുകിക്കൊണ്ടിരുന്നു.

 രമേശിന്റെ ധാഷ്ട്രങ്ങളിൽ ഉറക്കെ ഒന്ന് ദീർഘശ്വാസം വിടാൻ പോലും ഭയപ്പെട്ടിരുന്നു നീലുവിന്റെ അമ്മയും അമ്മുമ്മയും. അവൾ പക്ഷേ മറ്റൊരു ലോകത്തായിരുന്നു.സൂര്യ എന്ന നക്ഷത്രത്തെ മാത്രം ചുറ്റിപ്പറ്റിയുള്ള ഒരു ലോകത്ത്.

 സൂര്യ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം അവർ രണ്ടുപേരും സർപ്പ കാവിൽ വച്ച് കണ്ടുമുട്ടി.നാട്ടിൽ പോയി ചെറിയൊരു ബിസിനസ് തുടങ്ങാമെന്നും നീലുവിന്റെ കോഴ്സ് കഴിയുമ്പോൾ ഒരുമിച്ച് ജീവിതം ആരംഭിക്കാമെന്നുമെല്ലാം അവർ സ്വപ്നങ്ങൾ നെയ്തു.

 നാഗങ്ങളെ സാക്ഷിനിർത്തി ഒരു നിമിഷം വല്ലാത്തൊരാവേശത്തോടെ സൂര്യ അവളെ ചേർത്ത് പിടിച്ചെങ്കിലും വിവേകം വികാരത്തെ കീഴ്പ്പെടുത്തുക തന്നെ ചെയ്തു.വിരഹത്തിന്റെ നോവുകൾ ഉള്ളിൽ ഒതുക്കി അവർ പിരിയുകയും ചെയ്തു.

 പക്ഷേ ആ രഹസ്യ കൂടിക്കാഴ്ചയുടെ കൂരമ്പുകൾ ആരിലൂടെയോ രമേശിന്റെ കാതുകളിൽ തുളച്ചു കയറി. പിറ്റേന്ന് വൈകുന്നേരം ഒരു പൊട്ടിത്തെറിയായിരുന്നു അവളുടെ വീട്ടിൽ നടന്നത്.കലിമൂത്ത് കണ്ണുകാണാത്തവനെ പോലെ രമേശ്‌ കണ്ടതെല്ലാം വലിച്ചെറിഞ്ഞു.ഒരു ഭ്രാന്തനെ പോലെ അയാളലറി.

 നീലൂ..

 ആ ശബ്ദം ദിഗന്തങ്ങൾ മുഴങ്ങുമാറുച്ചത്തിലായിരുന്നു .

 "നിനക്ക് എന്താടി ആ കൊത്തുപണിക്കാരൻ ചെറ്റയുമായി ബന്ധം.?"
അവളുടെ മുടിയിൽ കുത്തിപ്പിടിച്ചുകൊണ്ട് അയാൾ ചോദിച്ചു.

"ചേട്ടാ..സൂര്യയെ അങ്ങനെ വിളിക്കരുത്. എന്റെ ജീവനാണ് സൂര്യ..എന്റെ എല്ലാം. 
 സൂര്യയില്ലാതെ എനിക്ക് ജീവിതമില്ല".

 അവളുടെ ഉറച്ച ശബ്ദത്തിന് മുൻപിൽ രമേശിന്റെ ശബ്ദത്തിന് മൂർച്ച കുറഞ്ഞത് പോലെ 

 എങ്കിലും സട കുടഞ്ഞെഴുന്നേറ്റ അയാളുടെ വീര്യം ഒരു നിമിഷം അയാളെ അന്ധനാക്കി.

" എടീ..എരണം കെട്ടവളെ,നിന്നെയും അവനെയും കൊന്നു ഞാൻ ജയിലിൽ പോയാലും ശരി നിന്റെ ആഗ്രഹം നടക്കില്ല.ഇന്ന്, ഇപ്പോൾ ഇവിടെ അവസാനിപ്പിക്കണം നിന്റെ പേക്കൂത്ത്, എല്ലാവരും കേൾക്കാനാണ് പറയുന്നത്."

 അയാൾ കൈകൾ ചുരുട്ടി ചുമരിൽ ഇടിച്ചുകൊണ്ട് ഉച്ചത്തിൽ പറഞ്ഞു.

 ഭയന്ന് വിറച്ച് മുറിയിലിരുന്ന അവളുടെ അമ്മൂമ്മ കട്ടിലിലേക്ക് ബോധം പോയി മറിഞ്ഞ് വീണിട്ടും രമേശ് പടിയിറങ്ങി കാർ ഓടിച്ചു പോവുകയാണ് ചെയ്തത്. നീലുവും അമ്മയും നിലവിളിച്ചുകൊണ്ട് ഓടിച്ചെന്ന് അമ്മൂമ്മയുടെ മുഖത്ത് വെള്ളം തളിച്ച്,എഴുന്നേൽപ്പിച്ച് ഇരുത്താൻ ശ്രമിച്ചെങ്കിലും ഒരു യാത്ര പറയലിന്റെ വിതുമ്പൽ ആ വരണ്ട ചുണ്ടുകളിൽ തെളിഞ്ഞിരുന്നത് അവർ കണ്ടില്ലായിരുന്നു.

 നീലു ഫോണിലൂടെ ശാരിയോട് ഒന്ന് വീട്ടിലേക്ക് പെട്ടെന്ന് വരാൻ പറഞ്ഞപ്പോൾ തന്നെ എന്തോ പന്തികേടുണ്ടെന്ന് അവൾക്ക് മനസ്സിലായിരുന്നു...

                                          ലാലി രംഗനാഥ്