ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
ജുവനൈൽ നിയമപ്രകാരമുള്ള പ്രായപരിധി 18ൽ നിന്ന് 16 വയസായി കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന നിയമനിർമാണ സഭകൾ ആലോചന നടത്തണമെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. പൊതുസമൂഹത്തിൽ പലതവണ ഉയർന്നുവന്ന ആവശ്യമാണ് ഇതോടെ വീണ്ടും ചർച്ചയാകുന്നത്.
ജുവനൈൽ ജസ്റ്റിസ് ആക്ടുമായി ബന്ധപ്പെട്ട ഒരു അബ്കാരി കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. 23 വയസിൽ താഴെയുള്ളവർ മദ്യം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസായിരുന്നു കോടതിയുടെ പരിഗണനയിൽ. പ്രായപൂർത്തിയാകാത്തവർ മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുന്നതും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും ചർച്ചയാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ പരാമർശം.
ചേരാനല്ലൂർ വാഹനാപകടക്കേസിന് പിന്നാലെയും ജുവനൈൽ പ്രായപരിധി കുറയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഓടിച്ചിരുന്നത് 17 വയസുകാരനായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ ജയിലിലടയ്ക്കാൻ കഴിയാത്ത സാഹചര്യം കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ജുവനൈൽ നിയമത്തിലെ പ്രായപരിധി 16 വയസായി കുറയ്ക്കുന്ന കാര്യം കേന്ദ്ര-സംസ്ഥാന നിയമനിർമാണ സഭകൾ ഗൗരവമായി പരിഗണിക്കണമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ ഇത് നിലവിലെ നിയമത്തിൽ മാറ്റം വരുത്തുന്ന തീരുമാനമല്ല.