ചിത്രശലഭങ്ങളുടെ വീട്: അധ്യായം 6, സുധ അജിത്

Nov 13, 2026 - 05:56
 0  11
ചിത്രശലഭങ്ങളുടെ വീട്:  അധ്യായം 6,  സുധ അജിത്

സുജിത്ത് അവളെക്കാൾ രണ്ടു മൂന്നു വയസ്സിനു മൂത്തതാണ്. എങ്കിലും ശാരീരികമായി സുജിത്തിന്റെ തടിയും പൊക്കവും ചിന്നുവിനും ഉണ്ടായിരുന്നു. അതിനാൽ തന്നെ അവനെ നിഷ്പ്രയാസം തള്ളിയിട്ട് പുറത്ത് കയറിയിരുന്ന് ചിന്നു ഇടിക്കാൻ തുടങ്ങി. അതുകണ്ട് അമ്മയും സുജാതച്ചേച്ചിയും ഒച്ചവെക്കാൻ തുടങ്ങി.

 ഓടിച്ചെന്ന് ബലം പ്രയോഗിച്ച് ചിന്നുവിനെ പിടിച്ചു മാറ്റി. അപ്പോൾ ദേഷ്യത്തോടെ ചിന്നു എന്റെ കയ്യിൽ കടിച്ചു. വേദന സഹിച്ച് ചിന്നുവിനെ നിർബന്ധപൂർവ്വം മുറിയിലേക്ക് കൊണ്ടുവന്ന് വാതിൽ കുറ്റിയിട്ട് അവളെ കിടക്കയിൽ ഇരുത്തി.കയ്യിലെ മുറിവ് വലുതല്ലെങ്കിലും അത്ര ചെറുതുമല്ലായിരുന്നു. ബാത്റൂമിൽ ചെന്ന് കൈ കഴുകി മുറിവിൽ ഡെറ്റോൾ ഒഴിച്ച ശേഷം മരുന്ന് പുരട്ടി പ്ലാസ്റ്റർ ഒട്ടിച്ചു. പുറത്ത് സുജിത്ത് ഉറക്കെ കരയുന്നതും സുജാത അവനെ സമാധാനിപ്പിക്കുന്നതും ചിന്നുവിനെ വായിൽ കൊള്ളാത്ത ചീത്ത പറയുന്നതും കേൾക്കാമായിരുന്നു.

ചിന്നുവാകട്ടെ ചില പ്ലാസ്റ്റിക് സാധനങ്ങൾ നിരത്തി കളിക്കാൻ ആരംഭിച്ചിരുന്നു. സ്കൂളിൽ 'ബ്രെയിൻ ഡെവലപ്മെന്റിന്' പലതരം ആക്ടിവിറ്റീസ് ചെയ്യിക്കാനായി പല ഷേപ്പിലുള്ള പ്ലാസ്റ്റിക് കട്ടകളും കാർഡുകളും മറ്റും തങ്ങൾ ഉപയോഗിച്ചിരുന്നു. സ്കൂളിലെ കുട്ടികൾക്കായി അവ വാങ്ങാൻ പോകുമ്പോൾ അവയിൽ ചിലത്  സ്വന്തമായി വാങ്ങി സൂക്ഷിച്ചിരുന്നു. ഒരു കൂടയിൽ എടുത്തുവെച്ചിരുന്ന അത്തരം സാധനങ്ങളിൽ ചിലത് ചിന്നു  മുന്നിൽ നിരത്തിയിരിക്കുന്നു.

കോപം മാറി അവൾ കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കണ്ടപ്പോൾ സമാധാനമായി. പല ഷേപ്പിലുള്ള കട്ടകളും കാർഡുകളും ചിന്നു അടുക്കി വയ്ക്കുന്നത് നോക്കി,ആവശ്യമുള്ളിടത്ത് അവളെ സഹായിച്ചുകൊണ്ട് ഇരുന്നു. അപ്പോൾ വാതിലിൽ ആരോ മുട്ടുന്നത് കേട്ടു.

വാതിൽ തുറന്നു നോക്കിയപ്പോൾ ജാനുവമ്മ ഗ്ലാസ് ടംബ്ലറിൽ ചിന്നുവിനുള്ള പായസവുമായി വന്നതാണെന്ന് മനസ്സിലായി.

"എന്റെ കുഞ്ഞേ... ഈ പായസം ചിന്നു മോൾക്ക് കുഞ്ഞ് തന്നെ കൊടുത്താട്ടെ. ആ കുരുത്തം കെട്ട ചെക്കൻ നേരത്തെ എല്ലാം തട്ടിക്കളഞ്ഞില്ലേ"

അവർ നീട്ടിയ പായസം കയ്യിൽ വാങ്ങി.

"ഇന്ന് ചിന്നു മോളുടെ പിറന്നാൾ ആണെന്ന് ജാനുവമ്മക്ക് അറിയാം. പായസം കൂടാതെ ചെറിയ ഒരു സദ്യയും ഒരുക്കിയിട്ടുണ്ട്."

ഏതാനും ദിവസം മുൻപാണ് ജാനുവമ്മയോട് ചിന്നുവിന്റെ പിറന്നാൾ ഇന്നത്തെ ദിവസം ആണെന്ന് പറഞ്ഞത്. അവൾക്ക് പത്തുവയസ്സ് തികയുന്ന ദിവസം.
ജാനുവമ്മ അത് ഓർത്തുവച്ചിരിക്കുന്നു. 

ആശുപത്രിവാസവും മറ്റു തിരക്കുകളുംഎന്റെ ഓർമ്മയെ ബാധിച്ചിരിക്കുന്നു. ജാനുവമ്മ ആരും കേൾക്കാതെ ആക്കാര്യം മെല്ലെപ്പറഞ്ഞപ്പോഴാണ് അതോർത്തത്. ഉറക്കെപ്പറഞ്ഞാൽ വീട്ടിലുള്ള മറ്റുള്ളവർ ചിന്നുവിന് കൊടുക്കാതെ എല്ലാം കഴിച്ചുതീർക്കും . അത് ജാനുവമ്മക്ക് അറിയാം.

"എന്റെ കുഞ്ഞേ എന്തു പിള്ളേരാ ആ സുജിത്തും സുമേഷും. ചിന്നുമോളെ ഏതു രീതിയിലാ ഉപദ്രവിക്കേണ്ടതെന്ന് നോക്കി നടക്കുവാ അവര്. ഏതായാലും ചിന്നു മോൾ ആ സുജിത്തിനിട്ട് നല്ലതു കൊടുത്തു. അതുങ്ങൾ മോങ്ങിക്കൊണ്ട് ഇരിക്കുന്നത് കണ്ടു. ഇനി പായസവും, സദ്യയും ,ചിന്നു മോൾക്കും വരദക്കുഞ്ഞിനും വിളമ്പിയിട്ടേ മറ്റുള്ളവർക്കുള്ളൂ."

അവർ ആരും കേൾക്കാതെ ശബ്ദം താഴ്ത്തിപ്പറഞ്ഞു. ചിന്നുവിനെ പായസം കുടിപ്പിക്കുകയായിരുന്നു ഞാനപ്പോൾ. പായസം കുടിക്കുമ്പോൾ ചിന്നു സന്തോഷവതിയായിരുന്നു.

"കൊല്ലാം..." പായസം കുടിച്ച ശേഷം ചിന്നു തലയാട്ടിക്കൊണ്ട് പറഞ്ഞു. നിരന്തര പരിശ്രമത്തിലൂടെയാണ് അവളെ അങ്ങനെ പറയാൻ പഠിപ്പിച്ചത് . എന്നിട്ടും ആ വാക്ക് ശരിയായി ഉച്ചരിക്കാൻ അവൾക്ക് കഴിയാത്തതിൽ വിഷമം തോന്നി.

"കൊള്ളാം എന്ന് പറ ചിന്നൂ."
"കൊള്ളാം."
പല പ്രാവശ്യം ആവർത്തിച്ചപ്പോൾ ചിന്നു ഒരു വിധം പറഞ്ഞൊപ്പിച്ചു.

ഇനി ഇതുപോലെ തനിയെ എന്തെങ്കിലും കഴിക്കാനും കുടിക്കാനും കൂടി അവളെ പഠിപ്പിക്കണമല്ലോ എന്നു ചിന്തിച്ചു.  ആഹാരം സ്വയം കഴിക്കാനുള്ള ഓരോ സ്റ്റെപ്പും രേഖപ്പെടുത്തിയ കാർഡിലൂടെയും ചിത്രങ്ങളിലൂടെയും അതിനുള്ള പരിശ്രമങ്ങൾ
 കുറെ നാളായി താൻ തുടരുന്നുണ്ട്. എന്നിട്ടുംഇതുവരെ അവൾ  അത് പഠിച്ചില്ല. എന്തെങ്കിലും ചെയ്യാൻ കൂടുതൽ സമയം എനിക്ക് ലഭിക്കാത്തതും അതിന് കാരണമാണ്. ക്ഷമയോടെ തുടർന്നാൽ മാത്രമേ അതിന്  സാധിക്കുകയുള്ളൂ.

ചിന്നുവിനെ സംബന്ധിച്ചുള്ള ചില തീരുമാനങ്ങളിൽ മനസ്സിനെ വേരുറപ്പിച്ചു നിർത്തുവാൻ ശ്രമിക്കുകയായിരുന്നു ഞാൻ.

"അല്ല വരദക്കുഞ്ഞേ... ചിന്നുമോളെ രാവിലെ അമ്പലത്തിൽ കൊണ്ടുപോകണ്ടേ... ഞാനും കൂടി നിങ്ങടെ കൂടെ അമ്പലത്തിൽ വരാം."

എല്ലാം കണ്ടും കേട്ടും അടുത്തുനിന്ന ജാനുവമ്മ പെട്ടെന്ന് എന്തോ ഓർത്തതുപോലെ പറഞ്ഞു.

"ശരി ജാനുവമ്മേ... ചിന്നുവിനെ കുളിപ്പിച്ച് ഒരുക്കി ഞാനിപ്പോൾ കൊണ്ടുവരാം. എന്നിട്ട് നമുക്കൊരുമിച്ച് അമ്പലത്തിൽ പോകാം."

"... ഞാൻ കാലത്തെ കുളിച്ചതാ. അമ്പലത്തിൽ പോവാൻ ഈ ഇട്ടിരിക്കുന്ന തുണി ഒന്ന് മാറി വരാം. പിന്നെ ചിന്നു മോൾക്ക് ബാത്റൂമിൽ വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്."

ജാനുവമ്മ അങ്ങനെ പറഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് നടന്നു.

ചിന്നു ഇപ്പോൾ ഊർജ്ജസ്വലയായി .അവൾ പലപ്പോഴും ആവർത്തിച്ച് ചെയ്യാറുള്ള ചില വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. കാർഡ് കൊണ്ടുള്ള കളി അവൾക്ക് മടുത്തു കാണും എന്ന് തോന്നി.

ആവർത്തിച്ച് കറങ്ങിയും, വെറുതെ മുന്നോട്ട് ചാടിയും പിന്നോട്ട് ചാടിയും കളിക്കുന്ന വിനോദം, ചിലപ്പോഴെല്ലാം പ്രത്യേകിച്ച് സന്തോഷം വരുമ്പോൾ അവൾ പ്രകടിപ്പിക്കാറുള്ളതാണ്.

ഈ കുട്ടികൾ എത്ര പെട്ടെന്നാണ് ഓരോ വികാരങ്ങൾക്കും അടിപ്പെടുന്നതെന്ന് പെട്ടെന്ന് ഓർത്തു. അല്പം മുൻപ് രോഷാകുലയായി കണ്ട ചിന്നു അല്ല ഇപ്പോൾ. അവൾ കഴിഞ്ഞതെല്ലാം മറന്നിരിക്കുന്നു. ഈ കഴിവ് മനുഷ്യർക്ക് എല്ലാവർക്കും ലഭിച്ചെങ്കിൽ എന്ന് അപ്പോൾ അറിയാതെ ആഗ്രഹിച്ചുപോയി. സാധാരണ മനുഷ്യർക്ക് സാധിക്കാത്ത പലതും നൽകി ദൈവം ഇവരെ അനുഗ്രഹിച്ചിരിക്കുന്നു. വെറുതെയല്ല സ്പെഷ്യൽ കുട്ടികൾ എന്ന് ഇവരെ വിളിക്കുന്നത് എന്ന് ആനന്ദത്തോടെ ഓർത്തു.

പുറത്തെ ബാത്റൂമിൽ ജാനുവമ്മ അവൾക്കായി വെള്ളം ചൂടാക്കി കുട്ടകത്തിൽ ഒഴിച്ചുവച്ചിട്ടുണ്ട്. കിടപ്പുമുറിയോട് ചേർന്ന് ബാത്റൂമുണ്ടെങ്കിലും പുറത്താകുമ്പോൾ അവൾ വെള്ളം ചീറ്റിത്തെറിപ്പിച്ചാലും കുഴപ്പമില്ലല്ലോ എന്ന് കരുതിയിട്ടാണ് , പതിവായി അവളെ അവിടെ കുളിപ്പിക്കുന്നത്. വലിയ കുളിമുറിയായതിനാൽ ചിന്നുവിനും അവിടെ കുളിക്കുന്നതാണ് ഇഷ്ടം.

"നമുക്ക് കുളിച്ചിട്ട് വരാം." അങ്ങനെ ഉറക്കെ പറഞ്ഞപ്പോൾ അവൾ ആദ്യം അല്പം വിമ്മിഷ്ടപ്പെട്ടെങ്കിലും പിന്നീട് എതിർപ്പില്ലാതെ എന്റെ കൂടെ നടന്നുവന്നു. ചിന്നുവിന് മാറിയിടാനുള്ള പുതിയ വസ്ത്രം കയ്യിലെടുത്തു. കൂട്ടത്തിൽ എനിക്ക് കുളിച്ചു മാറാനുള്ള വസ്ത്രങ്ങളും കയ്യിലെടുത്തു.

ബാത്റൂമിൽ ചിന്നു പൈപ്പ് തുറന്ന് വെള്ളം ചീറ്റി എന്റെ മേൽ വീഴ്ത്തിക്കൊണ്ടിരുന്നു.
ശരീരം മുഴുവൻ നനഞ്ഞത് സാരമാക്കാതെ ചിന്നുവിനെ കുളിപ്പിച്ച് തോർത്തി, ജാനുവമ്മയെ കൂട്ടി അകത്തേക്ക് വിട്ടു. 

എത്രയും പെട്ടെന്ന് കുളിച്ചെത്തി വസ്ത്രം മാറുന്നതിനിടയിൽ ചിന്നു അടുത്തെത്തി. ജാനുവമ്മ അവളെ പട്ടുപാവാടയും ബ്ലൗസും ധരിപ്പിച്ച് സുന്ദരിക്കുട്ടി ആക്കിയിരിക്കുന്നു. പുതിയ ഡ്രെസ്സ് ധരിക്കുന്നതും ഒരുങ്ങുന്നതും പുറത്തുപോകാനാണെന്ന് അറിയുന്ന ചിന്നു എന്റെ സാരിയിൽ പിടിച്ചു വലിച്ചുകൊണ്ടിരുന്നു.

ഇനി എത്രയും പെട്ടെന്ന് ചെന്നില്ലെങ്കിൽ അവൾ ക്ഷമിക്കില്ല. സാരി എത്രയും വേഗം ഉടുത്ത് അവളുടെ കൈ പിടിച്ച് ഉമ്മറത്തെത്തി. അപ്പോഴേക്കും ജാനുവമ്മയും വസ്ത്രം മാറി എത്തിയിരുന്നു.

"എങ്ങോട്ടാണ് പൊട്ടിപ്പെണ്ണിനേയും കൂട്ടി?"

തിരിഞ്ഞു നോക്കിയപ്പോൾ രാജേട്ടന്റെ അമ്മയാണ്.

"ഞങ്ങൾ അമ്പലത്തിലേക്ക് പോവുകയാണ്. ഇന്ന് ചിന്നുവിന്റെ പിറന്നാളാണ്."

"ഓ... ഇനി അവളുടെ പിറന്നാൾ ആഘോഷിച്ചിട്ട് വലിയ കാര്യം തന്നെ... എന്റെ ദേവീ... എന്റെ മോന് ഇങ്ങനെ ഒരു സന്തതിയെ ആണല്ലോ മൂത്ത മോളായി നൽകിയത്. അവന്റെ ഭാഗ്യദോഷം തന്നെ"

തന്റെ പേരക്കുട്ടിയെക്കുറിച്ച് ഒരു മുത്തശ്ശിക്ക് ഇങ്ങനെയൊക്കെ ചിന്തിക്കുവാൻ കഴിയുമോ എന്ന് അത്ഭുതം തോന്നി. നിറഞ്ഞുവന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു. ചിന്നുവിന്റെ കൈപിടിച്ച് മുന്നോട്ട് നടന്നു.

അമ്പലത്തിൽ നല്ല ആൾത്തിരക്കുണ്ടായിരുന്നു. ഒരു പൊതുസ്ഥലത്തെ തിരക്ക് കണ്ടപ്പോൾ ചിന്നു അസ്വസ്ഥയാകുന്നതായി തോന്നി. എന്റെ സാരിത്തുമ്പിൽ മുഖം മറച്ച് അവൾ വല്ലാതെ ഭയന്നതുപോലെ നടന്നു.

"പേടിക്കേണ്ട കേട്ടോ..."

അവൾ ഭയക്കാതിരിക്കാൻ അവളെ ചേർത്തുപിടിച്ച് നടന്നു. നടയിലെത്തിയപ്പോൾ അവളെ മുന്നിൽ നിർത്തി. കൈ കൂപ്പാതെ നിന്ന അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് തൊഴുവിച്ചു. ഭക്തിപൂർവ്വം പ്രാർത്ഥിച്ചു നിന്നപ്പോൾ എന്റെ ഉള്ളിലെ കദനഭാരം മുഴുവൻ കണ്ണീരായി ഒഴുകി.

"ചിന്നുമോളെ കാത്തോളണേ ദേവീ... അവൾക്ക് കുറേക്കൂടി തിരിച്ചറിവു നൽകി അനുഗ്രഹിക്കണേ..."

മനസ്സ് നൊന്ത് അല്പം ഉറക്കെ പ്രാർത്ഥിക്കുമ്പോൾ അടുത്തുനിന്ന ജാനുവമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.

മോളുടെ പേരിൽ നടത്തിയ വഴിപാട് പ്രസാദം ഊട്ടുപുരയിൽ നിന്ന തിരുമേനിയിൽ നിന്ന് വാങ്ങി. അപ്പോഴെല്ലാം ചിന്നു വല്ലാത്ത അങ്കലാപ്പോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു. അപരിചിതമായ സാഹചര്യങ്ങളിൽ അവളിൽ ഭയം ആളിക്കത്താറുണ്ട്.

മുമ്പൊരിക്കൽ ഈ അമ്പലത്തിൽ ഉത്സവ സമയത്ത് അവളെ കൊണ്ടുവന്നിട്ടുണ്ട്. അന്ന് ആളുകളുടെ തിക്കിലും തിരക്കിലും പെട്ട് അവൾ വല്ലാതെ വിഷമിച്ചു. മാത്രമല്ല ഒരവസരത്തിൽ അവൾ ഒറ്റപ്പെട്ടുപോകുക കൂടി ചെയ്തു. പിന്നെ എന്തോ ഭാഗ്യത്തിന് അല്പം അകലെ മരച്ചുവട്ടിൽ അന്തിച്ചു നിൽക്കുന്ന അവളെ കണ്ടുകിട്ടുകയായിരുന്നു. ഭിക്ഷക്കാരനെപ്പോലെ തോന്നിക്കുന്ന ആരോ ഒരാൾ അവൾക്കൊപ്പം അപ്പോൾ ഉണ്ടായിരുന്നു. ഞങ്ങളെക്കണ്ടയുടനെ അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ചിന്നുവിനെ മുന്നിൽ നിർത്തി ഭിക്ഷ തെണ്ടാനായിരുന്നു അയാളുടെ പ്ലാൻ. അവൾ അയാളെ അനുസരിക്കുന്നില്ലെന്നു കണ്ടപ്പോൾ അയാൾ ചിന്നുവിനെ അടിക്കുക കൂടി ചെയ്തു. ആ ഓർമ്മ ഉള്ളിൽ ഉണ്ടായിരുന്നതുകൊണ്ടു കൂടിയാകാം ചിന്നു അമ്പലത്തിലെത്തിയപ്പോൾ ഭയചകിതയായതെന്ന് തോന്നി.

അവളെ ചേർത്തുപിടിച്ച്  ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും ഏതോ അരക്ഷിതാവസ്ഥയുടെ മൂർദ്ധന്യത്തിലെന്നപോലെ അവൾ പേടിച്ചു ചുരുളുകയും ,അസ്വസ്ഥതയോടെ അപശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.

അത്കണ്ട് എന്നിലെ അമ്മ മനസ്സ് വല്ലാതെ ഉൽക്കണ്ഠാകുലമായി.പ്രസവിച്ച് അധികമാകാത്ത നായ്ക്കുട്ടിയെ പോലെ ആരിൽ നിന്നെങ്കിലും ആക്രമണത്തിന്റെ സൂചന ഉണ്ടായാൽ അവരെ കടന്നാക്രമിക്കാൻ തയ്യാറായിക്കൊണ്ട് ഒരു വലിയ നായമ്മയായി താനപ്പോൾ അവളെ പൊതിഞ്ഞുപിടിച്ചു

പ്രദക്ഷിണവഴിയിൽ ഞങ്ങളെക്കണ്ട് പരിചയമുള്ള ചിലർ അടുത്തെത്തി. അവരെക്കണ്ട്, ഭയന്നതുപോലെ ചിന്നു കൂടുതൽ അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി.

                            സുധ അജിത്

(തുടരും)