നെടുമ്പാശ്ശേരി എയര്‍ലോഞ്ച് ബാറിന് അനുവദിച്ച ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി

Nov 9, 2026 - 16:54
 0  7
നെടുമ്പാശ്ശേരി എയര്‍ലോഞ്ച് ബാറിന് അനുവദിച്ച ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം ; നെടുമ്പാശ്ശേരി സിയാല്‍ മൂന്നാം ടെര്‍മിനലിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലോഞ്ച് ബാറിന് അനുവദിച്ച എഫ് എല്‍-7 (FL7) ലൈസന്‍സ് അനുവദിച്ച മുന്‍ എക്‌സൈസ് കമ്മീഷണറുടെ നടപടി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ലൈസന്‍സ് അനുവദിച്ചത് വിവാദമായതിന് പിറകെയാണ് നടപടി.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സാംബശിവ റാവുവിനെ എക്‌സൈസ് കമ്മിഷണര്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഇതുസംബന്ധിച്ച് എക്‌സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആര്‍ ജയശങ്കര്‍ ഉത്തരവിറക്കി. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ നയപരമായ തീരുമാനം ചൂണ്ടിക്കാണിച്ചാണ്‌ നടപടി. 

പുതിയ മദ്യനയം വന്നതിനുശേഷം താല്‍പ്പര്യമുള്ളവര്‍ക്ക് വീണ്ടും ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ട്രാവല്‍ ഫുഡ് സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ചാണ് എയര്‍പോര്‍ട്ട് ലോഞ്ചുകളില്‍ നല്‍കുന്ന ഈ ലൈസന്‍സ് മുന്‍പ് നല്‍കിയിരുന്നത്.ഈ ലൈസന്‍സിനായി അപേക്ഷകര്‍ അടച്ച രണ്ടു ലക്ഷം രൂപ തിരികെ ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും ഉത്തരവിലുണ്ട്.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നാണ് സാംബശിവ റാവുവിനെ മാറ്റിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലൈസന്‍സുകള്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്