മഴപെയ്തുനനഞ്ഞ വഴികളിലൂടെ നടന്നതിൻ്റെ ഓർമ്മകളെ തഴുകിയുണർത്തിയ ഈ ശീർഷകം തന്നെ ഒരു കഥയുടെ ജാലകം മെല്ലെ തുറക്കുന്നു.
മഴ തോർന്ന മരങ്ങളും ഓർമ്മകളുടെ കളിമുറ്റത്ത് ചെയ്തു തോർന്ന മഴയും, ഭൂതകാല വഴികളിൽ നനഞ്ഞു കുതിർന്ന ചില അനുഭവങ്ങളും മനസ്സിന്റെ ആഴങ്ങളില് ഇന്നും മായാതെ കിടക്കുന്ന ചില നനവാർന്ന നിമിഷങ്ങളും മുഖങ്ങളുമെല്ലാം സുധീനഅന്സുവിന്റെ 'മഴ പെയ്ത വഴികൾ' എന്ന കഥാസമാഹാരത്തിന്റെ കാവ്യദല സ്മൃതിയിൽ ഒളിഞ്ഞിരിക്കുന്നതുപോലെ.
നൂറ്റിപ്പതിനാറ് പേജുകളിലായി ഇരുപത്തിരണ്ട് കഥകൾക്കാണ് ഈ കഥാകാരി നിറം പകർന്നിരിക്കുന്നത്.
ഹൃദയം നിറഞ്ഞ പ്രണയത്തിനുമപ്പുറം സൗഹൃദത്തിന്റെ ഊഷ്മളതയും ആത്മബന്ധങ്ങളുടെ ആഴവും വായനക്കാരിലേക്ക് പകരുന്ന കഥയാണ് മായാക്കാഴ്ചകൾ. കാലികപ്രസക്തിയുള്ള വിഷയത്തെ ലളിതവും ഹൃദ്യവുമായി അവതരിപ്പിക്കുന്ന കഥയാണ് അവൾ മാനസി. അമ്മയുടെ ലാളനയും സ്നേഹവും നഷ്ടപ്പെടുമോ എന്ന ഭയത്തിൽ ഉരുകുന്ന ഒരു കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കമായ വിലാപങ്ങളാണ് പിണക്കം എന്ന കഥയുടെ കാതൽ.
സമൂഹത്തോടുള്ള ശക്തമായൊരു സംവാദവും തുറന്നെഴുത്തുമായി ആയിശു വേറിട്ടുനിൽക്കുന്നു. മണ്ണിനെയും വേരുകളെയും മറന്നുപോകുന്ന മക്കളുടെ ജീവിതവഴികളിലൂടെയാണ് ഹരിതം സഞ്ചരിക്കുന്നത്. കഷ്ടപ്പാടുകളുടെ പ്രവാസജീവിതത്തിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും പോലും മറന്നുപോയ ഒരാളുടെ കണ്ണീരും നൊമ്പരവുമാണ് പെയ്തൊഴിയാതെ പങ്കുവയ്ക്കുന്നത്.
ബന്ധങ്ങളുടെ വിലയും അവ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഓർമിപ്പിക്കുന്ന കഥയാണ് പാത്രം. ജീവിതത്തിന്റെ അകവും പുറവും ഒരുപോലെ വേനലിൽ വാടിപ്പോകുന്ന അവസ്ഥകളിലേക്ക് മുട്ടയും കൊതുകും വായനക്കാരനെ കൊണ്ടെത്തിക്കുന്നു. കെടാത്ത പകയുടെ കനലുകളും വ്യത്യസ്തമായ ചിന്തകളും ചേർന്നതാണ് കനൽ. ലഹരിയുടെ പിടിയിൽ അകപ്പെടുന്ന പുതുതലമുറയ്ക്ക് ശക്തമായൊരു മുന്നറിയിപ്പും കാലികപ്രസക്തമായ സന്ദേശവുമാണ് പൊന്നുമോളുടെ പുഞ്ചിരി നൽകുന്നത്. തിന്മയും നന്മയും ഇഴചേർന്ന ജീവിതയാഥാർഥ്യങ്ങളിലൂടെ കടന്നുപോകുന്ന മടക്കം പുതുതലമുറയ്ക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുന്നു.
സഹോദരബന്ധത്തിന്റ ആഴവും സ്നേഹത്തിന്റെ ആർദ്രതയും അനുവാചകന്റെ മിഴികളെ ഈറനണിയിക്കുന്ന തരത്തിലാണ് പെരുന്നാൾ അവതരിപ്പിക്കുന്നത്. ചെറിയൊരു കഥയിലൂടെ വലിയൊരു ജീവിതസന്ദേശം പകരുന്ന രചനയാണ് മിന്നുക്കിളിയുടെ യാത്ര. വിരഹത്തിന്റെ നൊമ്പരങ്ങൾ ഹൃദയത്തിൽ പേറുന്ന മനോഹരമായ പ്രണയകഥയാണ് കാത്തിരിപ്പ്. പറയാതെ ബാക്കിവെച്ച ഇഷ്ടങ്ങളുടെയും പൂർത്തിയാകാത്ത സ്വപ്നങ്ങളുടെയും വേദനയാണ് പാതി വിടർന്ന മിഴികൾ പങ്കുവയ്ക്കുന്നത്. ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത കണ്ണീരിന്റെ ഏടുപോലെ ഹൃദയത്തെ സ്പർശിക്കുന്ന കഥയാണ് ബാല്യകാലസഖി.
സ്നേഹബന്ധങ്ങളുടെ വ്യത്യസ്തമായ തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന എ പ്ലസ് ബന്ധങ്ങളുടെ പുതിയ ചില അർഥതലങ്ങൾ തുറന്നിടുന്നു. അറിയപ്പെടാതെ കിടക്കുന്ന ചില സത്യങ്ങളും അവയിലൂടെ കൈവരിക്കുന്ന അംഗീകാരവും ചേർന്ന് ചിന്തകൾ പൂക്കുന്നിടം ശ്രദ്ധേയമായൊരു കഥയായി മാറുന്നു. പ്രവാസം മനുഷ്യർക്കിടയിൽ തീർക്കുന്ന അദൃശ്യമായ അതിരുകളും അവയ്ക്കിടയിലെ അപൂർവമായ കൂടിക്കാഴ്ചകളുമാണ് അതിരുകൾ അടയാളപ്പെടുത്തുന്നത്. പുറമേ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് ഉള്ളിൽ മറ്റൊരു ലോകം ഒളിപ്പിക്കുന്ന മനുഷ്യരോടുള്ള ശക്തമായ തുറന്നെഴുത്താണ് മാന്യൻ. വായനയുടെ ഓരോ ഘട്ടത്തിലും ആകാംക്ഷയും പ്രണയത്തിന്റെ മധുരവും ഒരുപോലെ പകരുന്ന കഥയാണ് പ്രണയമഴ.
ഓരോ കഥയും ഓരോ ജീവിതാനുഭവമാണ്. ചിലത് ചിരിപ്പിക്കുന്നു, ചിലത് ചിന്തിപ്പിക്കുന്നു, മറ്റു ചിലത് ഉള്ളിൽ ഒരു നനുത്ത നൊമ്പരമായി അവശേഷിക്കുന്നു. സ്നേഹം, സൗഹൃദം, കുടുംബബന്ധങ്ങൾ, സാമൂഹികപ്രതിബദ്ധത, പ്രവാസജീവിതം, ബാല്യ നിഷ്കളങ്കത, പ്രണയത്തിന്റെയും വിരഹത്തിന്റെയും സങ്കീർണതകൾ തുടങ്ങി ജീവിതത്തിന്റെ പല വർണങ്ങളെയും ലളിതമായ ആഖ്യാനശൈലിയിൽ കോർത്തിണക്കാൻ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു.
വായിച്ചുതീർന്നാലും മനസ്സിൽ ചില കഥാപാത്രങ്ങളും സന്ദർഭങ്ങളും മായാതെ നിൽക്കും. കാരണം, ഈ കഥകളിൽ നാം അപരിചിതരായ മനുഷ്യരെയല്ല കണ്ടുമുട്ടുന്നത്; എവിടെയൊക്കെയോ നമ്മൾ കണ്ടവരെയും അനുഭവിച്ചവരെയും ചിലപ്പോൾ നമ്മെത്തന്നെയും തിരിച്ചറിയുകയാണ്. അതാണ് 'മഴ പെയ്ത വഴികൾ' എന്ന കഥാസമാഹാരത്തിന്റെ യഥാർഥ വായനാനുഭവം.
'അവളെയും കൂട്ടി അകത്തേക്ക് കടക്കുമ്പോൾ, മതിവരാതെ ഭൂമിയുടെ ആഴങ്ങളിലേക്ക് പ്രണയത്തിന്റെ മഴയായ് പെയ്തിറങ്ങാൻ ആകാശംപോലും വെമ്പൽ കൊള്ളുകയായിരുന്നു.
ഓരോ മഴയ്ക്കും പറയാൻ ഒരു കഥയുണ്ടെന്നതുപോലെ, ഓരോ വഴിക്കും മറക്കാനാവാത്ത ചില സ്മരണകളുമുണ്ട്. കാൽപ്പാടുകളുണ്ട്. സന്തോഷത്തിന്റെ പൂക്കൾ അടർന്നു വീണ വഴികൾ, വിരഹ വ്യഥയുടെ കണ്ണുനീർ വീണ് നനഞ്ഞ വഴികൾ, പ്രതീക്ഷകൾ മുളപൊട്ടിയ വഴികൾ... ജീവിതം കടന്നുപോയ അനേകം ഇടവഴികളിലൂടെയുള്ള ഒരു ആത്മ പ്രയാണമാണ് ഈ ശീർഷകം വായനക്കാരനിൽ ഉണർത്തുന്നത്.
മഴ ഇവിടെ വെറുമൊരു പ്രകൃതിഭാവമല്ല;
ഓർമ്മകളുടെ, നനവാണ്,
ചില വഴികൾ പിന്നിട്ടുപോയിട്ടും അവയുടെ നനവ് ഉള്ളിൽനിന്ന് ഒരിക്കലും മാഞ്ഞുപോകുന്നില്ല. അത്തരമൊരു അനുഭവലോകത്തിലേക്ക് വായനക്കാരനെ ആർദ്രതയോടെ ക്ഷണിക്കുന്ന കഥകളാണ് സുധീനയുടെ 'മഴപെയ്ത വഴികൾ'. ഈ കഥകള് നൽകുന്ന വൈകാരികമായ അനുഭൂതി തന്നെയാണ് കൃതിയെ അടുത്തറിയാനുള്ള ആദ്യത്തെ പ്രേരണയും.
പ്രസാധകർ: പ്രവ്ദ ബുക്സ്
പേജുകൾ: 116
പ്രസിദ്ധീകരിച്ച വർഷം: 2026
വില - 200രൂപ