സിംഹക്കെണി: കവിത, ടോബി തലയല്‍

സിംഹക്കെണി: കവിത, ടോബി തലയല്‍




രാത്രിവിരിച്ച വലയില്‍വീണൂ
മൂവന്തിക്കാട്ടിലെ സിംഹം
ക്രോധത്താല്‍ വാനംചുവന്നു
കാഴ്‌ച്ചകള്‍ മങ്ങിയിരുണ്ടു
ഭീതിയില്‍ പറവകള്‍എങ്ങോ
അഭയം തിരഞ്ഞുപറന്നു
കാറ്റിനെ വരുതിയില്‍ നിര്‍ത്താന്‍
മീശവിറപ്പിച്ചു രാജന്‍
ഏകാന്ത ഗര്‍ജ്ജനമെല്ലാം
വാനത്തുഡുക്കളായ്‌മിന്നി
കുലയ്‌ക്കാനായില്ല ഗര്‍വ്വം
സടകുടഞ്ഞില്ല പരാക്രമം
പതിവുപോല്‍ ഉച്ചത്തിലപ്പോള്‍
ചാടിക്കുതിച്ചില്ല വീര്യം
വേഗങ്ങള്‍പൊള്ളുന്ന നെഞ്ചില്‍
പകലിന്റെ ഉഷ്‌ണമടക്കി
പൗരുഷം പിന്‍കാലിന്നിടയില്‍
ജാള്യതയോടെ തിരുകി
ഇരുട്ടാല്‍മുഖമാകെ മൂടി
മുറിവുകള്‍ നക്കിക്കിടന്നു.

രാവേറെ ചെന്നിട്ടുംരക്ഷാ-
മാര്‍ഗമൊന്നുംതുറന്നില്ല
അപ്പോഴതാ വരുന്നല്ലോ
കുഞ്ഞനെലിയും കൂട്ടുകാരും
കിഴക്കന്‍ മലകളിറങ്ങി
പാടവരമ്പത്തുകൂടെ
പൊന്നിന്‍ കതിരുകള്‍കൊയ്യാന്‍
അരിവാളിന്‍മൂര്‍ച്ചയുംവീശി ...
മൂഷികര്‍ കൊയ്‌ത്തു തുടങ്ങി
കൊറ്റികള്‍കാവലായ്‌നിന്നു.

കേട്ടൂനിഴല്‍ മുറ്റുംകാട്ടില്‍
സിംഹം മുരളുന്നശബ്ദം
കുഞ്ഞന്‍ചങ്ങാതിയെകണ്ടു
കൂട്ടുകാരെ ഒപ്പംകൂട്ടി.

`ഒരിക്കല്‍ കുറുമ്പ്‌കാട്ടീട്ടും
രക്ഷിച്ചോനാണെന്റെ തോഴന്‍
ഇരുട്ടിന്‍കുരുക്കുകള്‍വേഗം
കടിച്ചുമുറിക്കനാമൊന്നായ്‌.`

ബന്ധനങ്ങള്‍ ഓരോന്നഴിഞ്ഞൂ
ജ്വലിച്ചുണര്‍ന്നൂ വനരാജന്‍
പകയോടെ പടിഞ്ഞാറേക്കാട്ടില്‍
ഒളിച്ചരാവെത്തേടി യാത്രയായ്‌!