സെല്‍വിന്‍ ശേഖറിന്റെ ഹൃദയം ഹരിനാരായണനില്‍ മിടിച്ചു തുടങ്ങി

സെല്‍വിന്‍ ശേഖറിന്റെ ഹൃദയം ഹരിനാരായണനില്‍ മിടിച്ചു തുടങ്ങി
കൊച്ചി: ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. ‌മസ്തിഷ്ക മരണം സംഭവിച്ച നഴ്സ് സെൽവിൻ ശേഖറിന്‍റെ ഹൃദയം 16കാരനായ ഹരിനാരായണന് നല്‍കി. 

എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16കാരനു വേണ്ടി, തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം ഇന്ന് രാവിലെ ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. തിരുവനന്തപുരം കിംസ്‌ ആശുപത്രിയിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച 36കാരൻ സെൽവിന്‍റെ ഹൃദയമാണ് കൊച്ചിയിൽ ചികിത്സയിലുള്ള ഹരിനാരായണന് വേണ്ടി എത്തിച്ചത്. ആശുപത്രി അധികൃതരുടെ അഭ്യർഥന പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഹൃദയം ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കാൻ വഴിയൊരുക്കിയത്.

തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം രാവിലെ 11: 15ഓടെയാണ് ഹൃദയം കൊച്ചി ലിസി ആശുപത്രിയിലെത്തിച്ചത്. ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്‍റെ നേതൃത്വത്തിലാണ് v ശസ്ത്രക്രിയ നടത്തിയത്.

രണ്ട് മാസമായിട്ടുള്ള കാത്തിരിപ്പ് ആയിരുന്നുവെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഹരി നാരായണെന്‍റെ കുടുംബം അറിയിച്ചു.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ച്‌ മരിച്ച തമിഴ്നാട് സ്വദേശിയായ സെൽവിൻ ശേഖറിന്‍റെ അവയവങ്ങള്‍ ആറ് പേര്‍ക്കാണ് പുതുജീവനേകുന്നത്.

ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള രോഗിക്ക് കൈമാറും. കൊച്ചിലെത്തിയ ശേഷം അവയവങ്ങള്‍ റോഡ് മാര്‍ഗം ആശുപത്രിയില്‍ എത്തിക്കാൻ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി നല്‍കിയത് പോലീസാണ്.

സെല്‍വിന്‍റെ രണ്ട് കണ്ണുകള്‍ തലസ്ഥാനത്തെ കണ്ണാശുപത്രിക്ക് ദാനം ചെയ്യും. മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ മറ്റൊരു രോഗിക്ക് കൈമാറും.