അന്വേഷണവുമായി സഹകരിക്കരുത്; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

അന്വേഷണവുമായി സഹകരിക്കരുത്; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊല്‍ക്കത്ത: ലൈംഗികപീഡന പരാതിയിലെ അന്വേഷണവുമായി സഹകരിക്കരുതെന്ന് പശ്ചിമബംഗാളിലെ രാജ്ഭവന്‍ ജീവനക്കാര്‍ക്ക് ഗവര്‍ണര്‍ സിവി ആനന്ദബോസിന്റെ നിര്‍ദേശം.

ഗവര്‍ണര്‍ക്കെതിരെ ക്രിമിനല്‍ നടപടി പാടില്ലെന്നാണ് ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പൊലീസിന്റെ അന്വേഷണത്തോട് രാജ്ഭവന്‍ ജീവനക്കാര്‍ സഹകരിക്കേണ്ടതില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിന് മുന്നില്‍ നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെ മൂന്നു ജീവനക്കാര്‍ക്ക് ബംഗാള്‍ പൊലീസ് സമന്‍സ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭരണഘടനയുടെ 361-ാം അനുച്ഛേദപ്രകാരം രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവര്‍ക്കുള്ള നിയമപരിരക്ഷ ചൂണ്ടിക്കാട്ടിയാണ് ആനന്ദ ബോസിന്റെ നിര്‍ദേശം.

തനിക്കെതിരായ നിലവിലെ അന്വേഷണം ചട്ടവിരുദ്ധമാണ്. അതുകൊണ്ടു തന്നെ രാജ്ഭവന്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനോ, വിവരശേഖരണത്തിനോ നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ വിളിപ്പിച്ചാല്‍, ആ അന്വേഷണത്തോട് സഹകരിക്കേണ്ടതില്ലെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. രാജ്ഭവനിലെ മൂന്ന് ഉദ്യോഗസ്ഥര്‍, രാജ്ഭവനില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടക്കം നാലുപേര്‍ക്കാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമന്‍സ് നല്‍കിയത്.

എന്നാല്‍ രാജ്ഭവന്‍ ജീവനക്കാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. പൊലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് മൊഴി നല്‍കാനായി ഹാജരായത്. ഇതേത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നാളെ ഹാജരാകണമെന്ന് കാണിച്ച്‌ വീണ്ടും സമന്‍സ് അയച്ചത്. ബംഗാള്‍ രാജ്ഭവനിലെ സ്ത്രീ ജീവനക്കാരിയാണ് ഗവര്‍ണര്‍ മോശമായി പെരുമാറിയെന്നു കാണിച്ച്‌ പരാതി നല്‍കിയത്.

തന്നെ വലിച്ചു താഴെയിടാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സിവി ആനന്ദബോസ് രാവിലെ ആരോപിച്ചിരുന്നു. അങ്ങനെയൊന്നും വീഴ്ത്താന്‍ പറ്റില്ല. താന്‍ കൊല്ലംകാരനാണ്. കൊല്ലംകാരെ അങ്ങനെയൊന്നും വീഴ്ത്താന്‍ പറ്റില്ലെന്നും ആനന്ദബോസ് കൂട്ടിച്ചേര്‍ത്തു.