ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ കരിങ്കൊടി; റോഡില്‍ കസേരയിട്ട് കുത്തിയിരുന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ കരിങ്കൊടി;   റോഡില്‍ കസേരയിട്ട് കുത്തിയിരുന്ന് ഗവര്‍ണര്‍

കൊല്ലം: എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ റോഡിൽ ഇരുന്ന പ്രതിഷേധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലിലൂടെ ഗവർണർ കടന്നു പോകുന്നതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകർക്കു നേരെ ക്ഷുഭിതനായ ഗവർണർ പൊലീസിനെയും ശകാരിച്ചു.

ഇതേ സമയം  പ്രതിഷേധവുമായെത്തിയ എസ്എഫ്ഐകാർക്കെതിരേ കടുത്ത വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ റോഡിലിരുന്നുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി. കൊല്ലം നിലയ്ക്കലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊട്ടാരക്കര സദാനന്ദ ആശ്രമത്തിലേക്ക് പോകുന്നതിനിടെയാണ് ഗവർണർക്കെതിരേ എസ്എഫ്ഐക്കാർ കരിങ്കൊടി കാണിച്ചത്. ഇതോടെ വാഹനത്തിൽ നിന്നിറങ്ങി രൂക്ഷമായി പ്രതികരിച്ച ഗവർണർ വഴിയരികിൽ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

കരിങ്കൊടി കാണിക്കുമെന്ന് അറിഞ്ഞിട്ടും എന്തു കൊണ്ടു സുരക്ഷാ നടപടികൾ സ്വീകരിച്ചില്ല എന്നാണ് ഗവർണർ പൊലീസിനോട് ചോദിച്ചത്. എസ്എഫ്ഐക്ക് പൊലീസ് ഒത്താശ ചെയ്യുകയാണെന്നും ഗവർണർ ആരോപിച്ചു.