ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കടലാക്രമണം

ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കടലാക്രമണം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കലാക്രമണം. ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം.

ഇനിയും ഉയർന്ന ശക്തമായ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്ബ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. ശക്തമായ തിരമാലകളും കാറ്റും ഇവിടങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. പൊഴിയൂരില്‍ കടലാക്രമണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങളും യാനങ്ങളും നശിച്ചു. റോഡുകള്‍ തകര്‍ന്നു. തീരത്തെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. പൂവാര്‍ അടിമലത്തുറ ഭാഗം വരെയാണ് കടല്‍ കേറ്റമുണ്ടായത്.

വിനോദ സഞ്ചാര കേന്ദ്രമായ കോവളം തീരത്തും കടല്‍ കയറി. ഇതോടെ സഞ്ചാരികളെ ഉള്‍പ്പെടെ കടലില്‍ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്.

മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളിലുണ്ടാകുന്ന കടല്‍ക്കള്ളന്‍ എന്ന പ്രതിഭാസമാണ് കടലാക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ മൂന്ന് ദിവസം വരെ കടലാക്രമണം നീണ്ടു നിന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ 50 വീടുകളില്‍ വെള്ളം കയറിയിട്ടുമുണ്ട്. പൊഴിക്കരയില്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. പൊഴിയൂരില്‍ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു.ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെടുന്നത്.

പുറക്കാട് രാവിലെ കടല്‍ ഉല്‍വലിഞ്ഞിരുന്നു. ഇവിടെ ചെളിയടിഞ്ഞ അവസ്ഥയായിരുന്നു.തൃശൂരില്‍ പെരിഞ്ഞനത്താണ് കടലേറ്റം. തിരകള്‍ ശക്തമായി കരയിലേക്ക് അടിച്ചുകയറി. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന വലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ട്.

കൊല്ലത്ത് മുണ്ടയ്‌ക്കലിലാണ് കടലാക്രമണം. ഇവിടെയും ശക്തമായ തിരമാലകളും കാറ്റുമാണ് അനുഭവപ്പെടുന്നത്.

ഇത്രയധികം മേഖലകളില്‍ കടലാക്രമണം അനുഭവപ്പെട്ടതോടെ സംസ്ഥാനത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.