ഹോട്ടല്‍ വിജയ, മണിമല! തനി നാടൻ : പോൾ ചാക്കോ, ന്യൂ യോർക്ക്

ഹോട്ടല്‍ വിജയ, മണിമല! തനി നാടൻ : പോൾ ചാക്കോ, ന്യൂ യോർക്ക്

''നല്ല പനിയുണ്ട്‌, കിടക്കണം'' വായീന്ന്‌ തെര്‍മോമീറ്റര്‍ എടുത്ത്‌ ആകാശത്തോട്ട്‌ പൊക്കി പിടിച്ച്‌സൂക്ഷ്‌മവിശകലം ചെയ്‌തിട്ട്‌ ഒരു കാലാവസ്ഥാ പ്രവചനക്കാരനെ പോലെ ഡോക്ടര്‍ കരടിപ്രസ്ഥാവിച്ചു.


കക്ഷിയുടെ ശരിക്കുള്ള പേര്‌ ഡോ. ജേക്കബ്‌ പെരുബായില്‍. നീട്ടി വളര്‍ത്തിയ മുടിയും താടിയും പോരാഞ്ഞ്‌ ശരീരം മുഴുവന്‍ രോമവുമാണ്‌ അദ്ദേഹത്തിന്‌. അങ്ങനെയാണ്‌ ഡോ. കരടി എന്ന്‌ പേര്‌ വീണത്‌.

സ്വന്തംഇരട്ടപ്പേര്‌ അങ്ങേര്‍ക്കറിയാമെങ്കിലും അദ്ദേഹം പ്രതികരിക്കാറില്ല, ക്ഷോഭിക്കാറുമില്ല കാരണം വെറും എം.ബി.ബി.എസ്‌ മാത്രമുള്ള ഒരു ഡോക്ടര്‍ക്ക്‌മണിമല എന്ന മഹാപട്ടണത്തില്‍ പ്രാക്ടീസ്‌ ചെയ്യണേല്‍ ഇങ്ങനെ പലതും കണ്ടില്ല, കേട്ടില്ല എന്ന്‌ വക്കണം. ഇല്ലെങ്കില്‍ മോഡിയുടെ കൂടെ ജോലി ചെയ്യുന്നഉദ്യോഗസ്ഥരുടെ അവസ്ഥയാകും...യോഗാസ്സനം!


കരടിയുടെ നിര്‍ദേശം എനിക്കങ്ങ്‌ സുഖിച്ചു. സ്വര്‍ഗ്ഗം കിട്ടിയ വാശി.


അധികം ജനവാസ്സമോ കരണ്ടോ വണ്ടികളുടെ ഹോണടിയോ ബഹളമോ ഒന്നും ഇല്ലാത്ത പുലിക്കല്ലിലെ ബോറന്‍ ലൈഫില്‍ നിന്നും രണ്ടു ദിവസ്സത്തേക്കെങ്കില്‍ രണ്ടുദിവസ്സത്തേക്ക്‌ ഒരു വിടുതലാണ്‌ ഈ ആശുപത്രി വാസം. ചേട്ടന്‍ തോമസ്‌ കുഞ്ഞ്‌കൂട്ടിന്‌. ഫാനുള്ള മുറി. സുന്ദരികളായ നേഴ്‌സ്‌മാര്‍, കിടക്കാന്‍ സുഖമുള്ളകട്ടില്‍, വെളുത്ത വിരി. സാമ്പാറും തോരനും പപ്പടോം ഒക്കെ കൂട്ടിയുള്ളവിഭവസമൃദ്ധമായ ഹോട്ടല്‍ ഭക്ഷണം...അങ്ങനെ സംഗതി കുശാല്‍.


സ്‌കൂളിലും പോകണ്ട. അതൊരു ബോണസ്സാണ്‌.


എന്നേ കട്ടിലേല്‍ പിടിച്ചു കിടത്തിയിട്ട്‌ കരടി ആദ്യം ആജ്‌ഞാപിച്ചത്‌ ഒരുകുപ്പി ഗ്ലൂക്കോസ്‌ കേറ്റാനാണ്‌. അതാണല്ലോ അതിന്‍റെ ഒരു ശരി. അതിപ്പോ ബ്ലഡ്‌ക്യാന്‍സര്‍ ആയി വന്നാലും വണ്ടി ഇടിച്ചു ചാകാന്‍ കിടന്നാലും ജലദോഷ പനിആയാലും ഒരു കുപ്പി ഗ്ലൂക്കോസ്‌ എങ്കിലും കയറ്റിയിരിക്കണം എന്നത്‌ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനമാണ്‌. സാധനം ചിലവാകണ്ടേ!


ശരീരത്തിലൂടെ തുള്ളിതുള്ളിയായി കയറ്റിവിടുന്ന ഈ ലായനിക്ക്‌ കൈപ്പാണോ മധുരമാണോ പുളിയാണോ എന്നെനിക്കറിയില്ല. ഗ്ലൂക്കോസ്‌ എന്ന്‌ പേരും. നാലഞ്ചു വര്‍ഷം കഴിയുമ്പോള്‍ടീവീല്‍ കേള്‍ക്കാം അതിലും എം.എസ്‌.ജിയും ഡി.ഐ.ജിയും എല്‍.പി.ജിയും ഒക്കെഉണ്ടാരുന്നു എന്നും ഗ്ലൂക്കോസ്‌ കേറ്റി നാല്‍പ്പത്‌ പേര്‌ മരിച്ചെന്നും നൂറിലധികം പേര്‌ അപകടനില തരണം ചെയ്‌ത്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്നുഎന്നും. പ്രതികൂലമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആരോഗ്യമന്ത്രി വി. എം. കോശിക്ക്‌ അസുഖ ബാധിതരെ സന്ദര്‍ശിക്കാന്‍ പറ്റിയില്ലത്രേ.


ഗ്ലൂക്കോസ്‌ മുഴുവനായി അങ്ങ്‌ കേറീട്ടില്ല...അപ്പോഴേക്കും ഇതാ ഒരു സിസ്റ്റര്‍! അവര്‌അവരുടെ വകയായി ഒരു കുത്തിവയ്‌പ്പ്‌. പിന്നെ ദേ വേറെ ഒരെണ്ണം (നമ്മുടെ തറയില്‍പാപ്പച്ചിയുടെ മകള്‍ സുമ). അവള്‌ വന്നു വാ തുറക്കാന്‍ പറഞ്ഞു...ഞാന്‍ തുറന്നു. കുരുവി കുഞ്ഞുങ്ങള്‍ക്ക്‌ ഇര കൊടുക്കുന്ന പോലെ എന്തോ ഒന്ന്വായിലേക്കിട്ടു. അവള്‌ തന്നെ വായില്‍ വെള്ളോം ഒഴിച്ചു. ഞാനതിറക്കി. എന്നിട്ട്‌ കിടന്നോളാന്‍ പറഞ്ഞു; ഞാന്‍ കിടന്നു. അത്‌ ഉറക്ക ഗുളിക ആയിരുന്നു.മിനിട്ടുകള്‍ക്കുള്ളില്‍ ഞാന്‍ നിദ്രാദേവിക്ക്‌ വഴങ്ങിക്കൊടുത്തു.


കാര്‍ന്നോന്മാരുടെ ഭാക്ഷയില്‍ പറഞ്ഞാ ആ...നത്തില്‍ വെയില്‌ കേറിയപ്പോഴാണ്‌ഞാന്‍ ഉണര്‍ന്നത്‌. ഓള്‌ സുമ...അവള്‍ എന്ത്‌ സാധനമാ എനിക്കിന്നലെ രാത്രി കലക്കി തന്നത്‌? വല്ല ആനമയക്കീം ആണൊ? എന്തായാലും വേണ്ടില്ല, സുഖമായി ഉറങ്ങി.


രാവിലെ ഉണര്‍ന്നപ്പോള്‍ നല്ല ഉന്മേഷം! പ്രസരിപ്പ്‌! ഇന്നലെ പനിച്ചു വിറച്ചുതുള്ളി പിച്ചും പേയുംപറഞ്ഞ ആളാന്ന്‌ പറയുകേ ഇല്ല ഇപ്പൊ എന്നെ കണ്ടാല്‍.


ഞാന്‍ കട്ടിലില്‍ നിന്നും ഇറങ്ങി പരിസരം ഒക്കെ ഒന്ന്‌ വീക്ഷിച്ചു. എന്നെ കണ്ടപ്പോള്‍ സുമ ഓടി വന്നു


''പോളിന്‌ ഇപ്പൊ എങ്ങനെ ഉണ്ട്‌?പനി മാറിയോ?''


ഇത്തവണ അവള്‌ തെര്‍മോസ്റ്റാറ്റ്‌ വക്കുന്നതിന്‌ പകരം പുറം കൈയാ എന്‍റെനെറ്റിയില്‍ വച്ചത്‌. അതോടെ എനിക്കുണ്ടാരുന്ന പനി പോയി ദേഹാസ്സകലം കുളിരായി. ഞാന്‍ അനങ്ങാത്‌ നിന്നുകൊടുത്തു. എനിക്കെന്നും പനി വന്നിരുന്നെങ്കില്‍!


റൌണ്ട്‌സിന്‌ വന്നപ്പോ കരടി പറഞ്ഞു വേണേല്‍ വീട്ടില്‍ പൊക്കോളാന്‍. ഞാന്‍ പറഞ്ഞു
''എനിക്കിപ്പഴും അങ്ങട്‌ സുഖമായിട്ടില്ല. ഒരു ദിവസ്സം കൂടി കിടക്കാം''.
അപ്പോഴാണ്‌ എന്‍റെ ശരിക്കുള്ള 'രോഗം' കരടിക്കും മനസ്സിലായത്‌. അങ്ങേര്‌ ഒന്ന്‌ പുഞ്ചരിച്ചു പക്ഷെ ഒന്നും മിണ്ടിയില്ല.


************************
വൈകുന്നേരം ഏഴര ആയിക്കാണും. നല്ല വിശപ്പ്‌. കൈയില്‍ കാല്‍ കാശില്ല. അടുത്തുള്ള ഹോട്ടല്‍ വിജയയില്‍ വറക്കലും പൊരിക്കലും പൊള്ളിക്കലും ഒക്കെഗംഭീരമായി നടക്കുന്നുണ്ട്‌. ആശൂത്രി മുറിയില്‍ ഇരുന്നാ മതി വെവരങ്ങള്‍ അറിയാം. നല്ല മണം! ബോണ്ട, എത്തക്കാ അപ്പം, ബോളി, പരിപ്പുവട...അങ്ങനെ കുറെഉണ്ടാവും ഇപ്പൊ കണ്ണാടി അലമാരയില്‍. പല ഷേപ്പില്‍ പല നിറത്തില്‍ പലമൂപ്പില്‍ പിടയ്‌ക്കുന്ന പലഹാരങ്ങള്‍. എല്ലാം ഓരോന്ന്‌ വച്ച്‌ മേടിച്ച്‌ കഴിക്കാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ സ്വന്തം വികാരങ്ങളേയും അഭിലാഷങ്ങളേയും പ്രലോഭനങ്ങളേയും കടിഞ്ഞാണിടാന്‍ ഞാന്‍ അഭ്യസിച്ചു.


കൈയില്‍ കാല്‍ കാശില്ല. അത്‌ മറക്കരുത്‌!


നേരം ഏഴര...ഏഴേ മുക്കാല്‍...എട്ട്‌... തോമസ്‌ കുഞ്ഞിനെ കാണുന്നില്ല.എനിക്കാണെങ്കില്‍ വിശന്നിട്ട്‌ കണ്ണു കാണാനും പറ്റുന്നില്ല...കൊതി ഒരുവശത്ത്‌. വെള്ളമിറക്കി വയറ്‌ ഏതാണ്ട്‌ നറഞ്ഞ പോലെ. ഇനി കാക്കുന്നതില്‍അര്‍ത്ഥമില്ല...മനസ്സും വയറും ഒരേപോലെ പറഞ്ഞു.


കരടിയേയും സുമയേയുംആശുപത്രിയേയും ഞാന്‍ മറന്നു. കാലുകള്‍ വീശി ഞാന്‍ കട്ടിലില്‍ നിന്നുംഎഴുന്നേറ്റു. രജനികാന്ത്‌ സ്‌റ്റൈലില്‍ ഞാന്‍ ബെഡ്‌ ഷീറ്റ്‌ വലിച്ചെറിഞ്ഞു.എന്നിട്ട്‌ ഹോട്ടല്‍ വിജയ ലക്ഷ്യമാക്കി ഞാന്‍ നടന്നു.
************************
''അവിടെ?''


''ഒരു ബോണ്ടയും ഒരു ബോളീം ഒരു പരിപ്പുവടേം ഒരു പൊറോട്ടയും''.ഞാന്‍ ആര്‍ത്തിയോടെ പറഞ്ഞു.


''ങ്ങേ?'' അയാള്‌ ഞെട്ടിപ്പോയി.


''കറീം'' ഞാന്‍ പറഞ്ഞു.


''എന്ത്‌ കറി...?''


അവിടെ ഞാന്‍ തോറ്റു. മറുപടിയായി എന്ത്‌ പറയണം എന്നറിയാത്ത അവസ്ഥ. ഹോട്ടലില്‍ കോഴിക്കറി കിട്ടുമെന്ന്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.


''ഒരു കോഴി''


അയാള്‍ തിരിഞ്ഞു നിന്നു. ഭക്ഷണം കാണാത്‌ കിടക്കുന്ന ഏതോ തെണ്ടി ആവുമെന്ന്‌ അയാള്‌ കരുതിക്കാണും. ബോണ്ടയുടെ കൂടെ കോഴിക്കറി!


എന്നെ പോലെയുള്ള വേസ്റ്റ്‌ ജന്മങ്ങള്‍ അയാള്‍ മുന്‍പ്‌ കണ്ടിട്ടുണ്ടാവും...ചോദിച്ചതെല്ലാം കക്ഷി മുന്‍പില്‍ നിരത്തി.
മുന്‍പില്‍ കിട്ടിയതെല്ലാം ഞാന്‍ നിമിഷനേരം കൊണ്ട്‌ അകത്താക്കി. കൊട്ടാരം വിഴുങ്ങുന്ന ഗന്ധര്‍വന്‌ കതകുപലക പപ്പടം പോലെ!


വിശപ്പ്‌ അടങ്ങിയപ്പോ ഞാന്‍ പതിയെ എഴുന്നേറ്റു. വില നോക്കാത്‌ ഭക്ഷണംമേടിച്ചു കഴിച്ച മൊയലാളി. എന്നെ ആദരവോടെ കാണുന്ന സപ്ലൈയര്‍. അയാള്‌ ബില്ല്‌തന്നു. ഏഴു രൂപാ എണ്‍പത്‌ പൈസ....


ഞാന്‍ മടിച്ചു മടിച്ച്‌ കൌണ്ടറില്‍ ചെന്ന്‌ ബില്ല്‌ കൊടുത്തു. എന്നിട്ട്‌ പറഞ്ഞു...


''ഞാന്‍ വേവറ ചാക്കോച്ചന്‍റെ മകനാ. പുളിക്കല്ലില്‍...ഉള്ള...''


''ആണോ?അതിന്‌?''


''പൈസ ഇപ്പൊ ഇല്ല. ചേട്ടന്‍ വരുമ്പോ തരാം''.വിക്കി വിക്കി ഞാന്‍ പറഞ്ഞു.


''ഏത്‌ ചാക്കോച്ചന്‍...ഏത്‌ ചേട്ടന്‍... ഇതൊക്കെ ഞങ്ങള്‌ കുറെ കണ്ടതാ. പൈസ വക്കടോ. ഇല്ലേല്‍ വെവരമറിയും'' കാഷ്യര്‍ ക്ഷുഭിതനായി.


പണം ഇല്ലാത്ത അവസ്ഥയില്‍ ഉഴുന്നാട്ടുന്നവരെ പറ്റിയും വെള്ളം കോരുന്നവരെപറ്റിയും വിറക്‌ വെട്ടി കൊടുക്കുന്നവരെ പറ്റിയും ഞാന്‍ കേട്ടിട്ടുണ്ട്‌.എനിക്കാ ഗതി വരുമെന്ന്‌ ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല. എന്തും നേരിടാന്‍ ഞാന്‍ മാനസ്സികമായി തയ്യാറെടുത്ത്‌ കൌണ്ടറിനടുത്ത്‌ ഞാന്‍ നിന്നു.


ആളുകള്‍ വരുന്നു...എന്നേ നോക്കുന്നു...ബില്ലടക്കുന്നു...പോകുന്നു.


''അങ്ങോട്ട്‌ മാറി നിന്നെ...'' ക്ഷമ കെട്ടപ്പോള്‍ കാഷ്യര്‍ പറഞ്ഞു. ഞാന്‍ അവിടെ കാലിയായി കിടന്ന ഒരു കസേരയില്‍ പോയി ഇരുന്നു..
.
എട്ടര കഴിഞ്ഞപ്പോള്‍ ചേട്ടന്‍ എത്തി. കരടിയുടെ ആശൂത്രീലേക്ക്‌ പോകുന്നവഴി വിജയ ഹോട്ടലിന്‍റെ വാതില്‍ക്കല്‍ എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ ആസനസ്ഥനായിരിക്കുന്ന എന്നെ ചേട്ടന്‍ കണ്ടു.
എന്‍റെ ഇരിപ്പ്‌ കണ്ട്‌കാര്യം തിരക്കി. ഞാന്‍ കാര്യം പറഞ്ഞു. ചേട്ടന്‍ കാഷ്യറെ ഊടുപാട്‌ കുറെ തെറിഅങ്ങ്‌ പറഞ്ഞു. ഇവിടെ അച്ചടിക്കാന്‍ കൊള്ളാത്ത തെറികള്‍...കാഷ്യര്‍ ചുരുളുന്നത്‌ ഞാന്‍ ഇരിക്കുന്നിടത്ത്‌ ഇരുന്ന്‌ കണ്ടു. ആ ചേട്ടന്‍റെ അനുജനാണ്‌ എന്നറിഞ്ഞിരുന്നെങ്കില്‍ അയാള്‍ അങ്ങനെ ചെയ്യില്ലാരുന്നു അത്രേ.


കുടുംബത്ത്‌ പിറന്നതിന്‍റെ ഓരോരോ ആനുകൂല്യങ്ങള്‍! എന്‍റെ അപ്പോഴത്തെ ഗമ...അത്‌ നിങ്ങളൊന്ന്‌ കാണണമായിരുന്നു!