മിന്നു മണിക്ക് പിന്നാലെ വയനാട്ടുകാരി സജന സജീവനും വനിതാ ലീഗിലേക്ക്

മിന്നു മണിക്ക്    പിന്നാലെ വയനാട്ടുകാരി സജന സജീവനും   വനിതാ ലീഗിലേക്ക്

മുംബൈ: മിന്നു മണിക്ക് പിന്നാലെ ഇന്ത്യൻ വനിതാ പ്രീമിയര്‍ ലീഗിലേക്ക് മറ്റൊരു മലയാളി താരം കൂടി. മുംബൈ ഇന്ത്യൻസ് വനിതാ താര ലേലത്തില്‍ സ്വന്തമാക്കിയ സജന സജീവാണ് കേരളത്തിന്റെ അഭിമാനമായത്.

മിന്നുവിനെ പോലെ സജനയും വയനാട്ടുകാരി തന്നെ. താരത്തെ 15 ലക്ഷം മുടക്കിയാണ് മുംബൈ സ്വന്തമാക്കിയത്. കേരള താരം ഓള്‍ റൗണ്ടറാണ്.

കഴിഞ്ഞ വര്‍ഷം പ്രഥമ ലീഗിനുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലാണ് ഇന്ത്യൻ താരം കൂടിയായ മിന്നു മണി ഇടംപിടിച്ചത്. പിന്നാലെയാണ് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള മറ്റൊരു താരം കൂടി ലീഗിലേക്ക് വരുന്നത്. സജന ഉള്‍പ്പെടെ നാല് മലയാളി താരങ്ങളാണ് ലേലത്തിലുണ്ടായിരുന്നത്. സജനയ്ക്ക് മാത്രമാണ് അവസരം കിട്ടിയത്.

മാനന്തവാടി ടൗണിലെ ഓട്ടോ ഡ്രൈവര്‍ സജീവന്റേയും മാന്തവാടി നഗരസഭാ കൗണ്‍സിലര്‍ ശാരദയുടേയും മകളാണ് സജന. കുറിച്യ ഗോത്ര വിഭാഗക്കാരിയാണ്. മാനന്തവാടി ഒണ്ടയങ്ങാടിയില്‍ മിന്നു മണിയുടെ വീടിനു തൊട്ടടുത്ത് തന്നെയാണ് സജനയുടേയും വീട്.

ഒൻപത് വര്‍ഷമായി താരം കേരള ടീമിന്റെ നെടുംതൂണാണ്. 2018ല്‍ അണ്ടര്‍ 23 ദേശീയ ചാമ്ബ്യൻഷിപ്പില്‍ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ വര്‍ഷം ചാലഞ്ചര്‍ ട്രോഫിയില്‍ ദക്ഷിണ മേഖലാ ടീമിനേയും സജന നയിച്ചു.

പഞ്ചാബ് താരം കഷ്‍വി ഗൗതമാണ് ലേലത്തില്‍ ശ്രദ്ധയിലെത്തിയത്. താരത്തെ രണ്ട് കോടി മുടക്കി ഗുജറാത്ത് ജയന്റ്സ് ടീമിലെടുത്തു. ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയ ഇന്ത്യൻ താരവും മൊത്തം പട്ടികയില്‍ ഓസ്ട്രേലിയൻ ഓള്‍റൗണ്ടര്‍ അന്നബെല്‍ സതര്‍ലാൻഡിനൊപ്പവും കഷ്‍വി എത്തി. യുപി വാരിയേഴ്സ് 1.3 കോടി മുടക്കി സ്വന്തമാക്കിയ വൃന്ദ ദിനേഷും നേട്ടം കൊയ്തു. ഇരുവരും അണ്‍കേപ്പ്ഡ് താരങ്ങളാണ്.

അന്നബെല്‍ സതര്‍ലാൻഡാണ് ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയ വിദേശ താരം. രണ്ട് കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് താരത്തെ ടീമിലെത്തിച്ചത്