ശബരിമല നട തുറന്നു, മകരവിളക്ക് ജനുവരി 14-ന്
ശബരിമല: മണ്ഡലകാല തീർത്ഥാടനം പൂർത്തിയാക്കി അടച്ച ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രനട മകരവിളക്ക് മഹോത്സവത്തിനായി വീണ്ടും തുറന്നു. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി ഇ.ടി. പ്രസാദാണ് ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിച്ചത്. തുടർന്ന് ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും ഏറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി മാളികപ്പുറം ശ്രീകോവിലും തുറന്നു.
മകരമാസത്തിലെ ഐശ്വര്യപൂർണ്ണമായ മകരവിളക്ക് ദർശനം ജനുവരി 14-നാണ് നടക്കുന്നത്. മണ്ഡലമഹോത്സവം സമാപിച്ച ശേഷം ഡിസംബർ 27-നായിരുന്നു നട അടച്ചിരുന്നത്.
പുതിയ തീർത്ഥാടന ക്രമമനുസരിച്ച് ജനുവരി 19-ന് രാത്രി 11 മണി വരെ ഭക്തർക്ക് ദർശനം നടത്താനുള്ള സൗകര്യമുണ്ടായിരിക്കും. തീർത്ഥാടന കാലം പൂർത്തിയാക്കി ജനുവരി 20-ന് രാവിലെ 6.30-ന് ക്ഷേത്രനട അടയ്ക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് സമാപനമാകും.