മോദി നടത്തുന്നത് ‘മാച്ച് ഫിക്‌സിങ്, അമ്പയര്‍മാരെ വശത്താക്കിക്കഴിഞ്ഞു.’, ഇല്ലെങ്കില്‍ നേട്ടം 180 സീറ്റ് മാത്രം; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

മോദി നടത്തുന്നത് ‘മാച്ച് ഫിക്‌സിങ്,  അമ്പയര്‍മാരെ  വശത്താക്കിക്കഴിഞ്ഞു.’, ഇല്ലെങ്കില്‍ നേട്ടം 180 സീറ്റ് മാത്രം;  ആഞ്ഞടിച്ച്  രാഹുല്‍  ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ക്രിക്കറ്റിലെ ‘മാച്ച് ഫിക്‌സിങ്’ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നടത്താന്‍ മോദി ശ്രമിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.

ക്രിക്കറ്റില്‍, ഏതുവിധേനയും വിജയം കൈവശപ്പെടുത്താന്‍ കളിക്കാരേയോ ക്യാപ്റ്റന്‍മാരേയോ അമ്പയര്‍മാരേയോ സ്വാധീനിക്കുന്നതിനേയാണ് മാച്ച് ഫിക്‌സിങ് എന്നു പറയുന്നത്. തിരഞ്ഞെടുപ്പിലും സമാനമായ സംഗതിയാണ് നടക്കുന്നത്. നരേന്ദ്ര മോദി മാച്ച് ഫിക്‌സിങ്ങിന് ശ്രമിക്കുകയാണ്. അമ്പയര്‍മാരെ മോദി വശത്താക്കിക്കഴിഞ്ഞു. രണ്ട് കളിക്കാരെ ഇതിനകം ജയിലഴിയ്ക്കുള്ളിലാക്കി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറനെയും പരോക്ഷമായി പരാമര്‍ശിച്ച് രാഹുല്‍ പറഞ്ഞു.

നാനൂറിലധികം സീറ്റില്‍ വിജയിക്കുമെന്നാണ് അവരുടെ പരസ്യവാചകം. എന്നാല്‍, വോട്ടിങ് മെഷീനും മാച്ച് ഫിക്‌സിങ്ങും സാമൂഹിക മാധ്യമങ്ങളും ഇല്ലാതേയോ മാധ്യമങ്ങളെ സമ്മര്‍ദത്തിലാക്കാതേയോ അവര്‍ക്ക് (ബി.ജെ.പി.) 180-ല്‍ അധികം സീറ്റ് നേടാനാകില്ല, രാഹുല്‍ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഡല്‍ഹി രാംലീലാ മൈതാനത്ത് സംഘടിപ്പിച്ച പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തിലുള്ള ‘ലോകതന്ത്ര ബചാവോ’ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഈ പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാനും പാവപ്പെട്ടവരുടെയും ആദിവാസികളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും വേണ്ടിയുള്ളതാണ്, രാഹുല്‍ പറഞ്ഞു.

നരേന്ദ്ര മോദി രണ്ട് തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ സ്വയം തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് മുഖ്യമന്ത്രിമാരെ ജയിലില്‍ അടച്ചു. ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന്റെ ബാക്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ജുഡീഷ്യറിയിലും മോദി സമ്മര്‍ദം ചെലുത്തുകയാണ്, രാഹുല്‍ ആരോപിച്ചു.