നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

Jan 5, 2026 - 18:00
 0  12
നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

ആലപ്പുഴ: മലയാള ചലച്ചിത്ര രംഗത്ത് വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും ശ്രദ്ധേയനായ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണു പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം, തലയിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുന്നപ്ര സ്വദേശിയായ അദ്ദേഹം മലയാള സിനിമയിലെ വിവിധ തലമുറകൾക്കൊപ്പം പ്രവർത്തിച്ച അപൂർവ്വം കലാകാരന്മാരിൽ ഒരാളാണ്.

1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച ‘ഒതേനന്റെ മകൻ’ എന്ന ചിത്രത്തിലൂടെയാണ് അപ്പച്ചൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. സത്യൻ നായകനായ ഈ ചിത്രത്തിന് ശേഷം ഉദയയുടെ നിരവധി സിനിമകളിൽ അദ്ദേഹം ഭാഗമായി. എന്നാൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലെ തൊഴിലാളി നേതാവിന്റെ വേഷമാണ് അദ്ദേഹത്തിന് വലിയ ബ്രേക്ക് നൽകിയത്. വില്ലൻ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലുമായി ആയിരത്തിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിൽ പുന്നപ്ര അപ്പച്ചൻ ഒരു അവിഭാജ്യ ഘടകമായിരുന്നു. ‘അനന്തരം’ മുതൽ അടൂരിന്റെ മിക്ക ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. പത്മരാജന്റെ വിഖ്യാത ചിത്രം ‘ഞാൻ ഗന്ധർവൻ’, സിബി മലയിലിന്റെ ‘സിന്ദൂരരേഖ’, ‘ജലോത്സവം’, സത്യൻ അന്തിക്കാടിന്റെ ‘സന്ദേശം’, ‘മൈ ഡിയർ മുത്തച്ഛൻ’ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അദ്ദേഹം കരുത്തുറ്റ വേഷങ്ങൾ കൈകാര്യം ചെയ്തു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അദ്ദേഹം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്.

സിനിമയിലെ ആക്ഷൻ രംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും തന്റേതായ ശൈലി പുലർത്തിയിരുന്ന അദ്ദേഹം പുതിയ കാലത്തെ സിനിമകളിലും സജീവമായിരുന്നു. 2018-ൽ പുറത്തിറങ്ങിയ ‘ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്’ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്