കൊടിക്കുന്നില്‍ സുരേഷല്ല, പ്രോ ടെം സ്പീക്കറായി ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ

കൊടിക്കുന്നില്‍ സുരേഷല്ല, പ്രോ ടെം സ്പീക്കറായി  ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയിലെ പ്രോ ടേം സ്പീക്കറായി ഒഡിഷയിലെ കട്ടക്കില്‍നിന്നുള്ള ബി.ജെ.പി. എം.പി. ഭര്‍തൃഹരി മഹ്താബിനെ രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞയില്‍ പ്രോ ടേം സ്പീക്കറെ സഹായിക്കാന്‍ എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്‍. ബാലു, രാധാമോഹന്‍സിങ്, ഫഗ്ഗന്‍സിങ് കുലസ്‌തെ, സുദീപ് ബന്ധോപാധ്യായ എന്നിവർക്കും രാഷ്‌ട്രപതി ചുമതല നല്‍കിയിട്ടുണ്ട്. പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു ആണ് ഈക്കാര്യം വ്യതമാക്കിയത്.

ജൂണ്‍ 24 മുതല്‍ ജൂലായ് മൂന്നുവരെയാണ് 18-ാമത് ലോക്‌സഭയുടെ ആദ്യസമ്മേളനം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ പ്രോ ടേം സ്പീക്കര്‍ക്കുമുന്നില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. ആറുതവണ ബി.ജെ.ഡി. ടിക്കറ്റില്‍ കട്ടക്കില്‍നിന്ന് വിജയിച്ച ഭര്‍തൃഹരി മഹ്താബ്, ഇത്തവണ ബി.ജെ.പി. ടിക്കറ്റിലാണ് ഇതേ സീറ്റില്‍നിന്ന് വിജയിച്ചത്.

ഒഡിഷയിലെ ആദ്യ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനാണ് ഭര്‍തൃഹരി മഹ്തബ്. ബി.ജെ.ഡി. സ്ഥാനാര്‍ഥി സംതൃപ്ത് മിശ്രയെ പരാജയപ്പെടുത്തിയാണ് ഇത്തവണ ലോക്‌സഭയില്‍ എത്തിയത്. എട്ടാംതവണ എംപിയായിട്ടുള്ള കൊടിക്കുന്നില്‍ സുരേഷ് പ്രോ ടേം സ്പീക്കറാവുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സ്പീക്കര്‍ തിരഞ്ഞെടുപ്പിനും ഭര്‍തൃഹരി മേല്‍നോട്ടം വഹിക്കും.

കൊടിക്കുന്നിലിനെ തഴഞ്ഞ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ‘പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം സാധാരണഗതിയില്‍ ചൊല്ലികൊടുക്കുന്നത് സഭയില്‍ ഏറ്റവും കൂടുതല്‍കാലം കാലാവധി തികച്ചവരാണ്.പതിനെട്ടാം ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന എംപിമാര്‍ കൊടിക്കുന്നില്‍ സുരേഷും (കോണ്‍ഗ്രസ്) വീരേന്ദ്ര കുമാറും (ബിജെപി) ആണ്, ഇരുവരും ഇപ്പോള്‍ എട്ടാം തവണയാണ്. വീരേന്ദ്ര ഇപ്പോള്‍ കേന്ദ്രമന്ത്രിയായതിനാല്‍ കൊടിക്കുന്നില്‍ സുരേഷ് പ്രോടേം സ്പീക്കറാകുമെന്നായിരുന്നു പ്രതീക്ഷ.