സാൻഡ്‌വിച്ചില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം : ഇൻഡിഗോയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സാൻഡ്‌വിച്ചില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം  : ഇൻഡിഗോയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

യാത്രക്കാര്‍ക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കിയെന്ന് ആരോപിച്ച്‌ രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈൻ ആയ ഇൻഡിഗോയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ദിവസങ്ങള്‍ക്ക് മുമ്ബ് വിമാനയാത്രയ്ക്കിടെ വിതരണം ചെയ്ത സാൻഡ്‌വിച്ചില്‍ പുഴുവിനെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു.ഇതേ തുടര്‍ന്നാണ് ഇൻഡിഗോയ്ക്കെതിരെ നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും മറുപടി നല്‍കുമെന്നും ഇൻഡിഗോ പ്രതികരിച്ചു. 2023 ഡിസംബര്‍ 29ലെ ഡല്‍ഹി-മുംബൈ ഫ്ലൈറ്റ് നമ്ബര്‍ 6E 6107ല്‍ ആണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. തനിക്ക് ലഭിച്ച സാൻഡ്‌വിച്ചില്‍ പുഴുവിനെ കണ്ടെത്തുന്നതിന്റെ വീഡിയോ യാത്രക്കാരി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇൻഡിഗോ ക്ഷമാപണം നടത്തിയിരുന്നു. വിമാനയാത്രയ്ക്കിടെ നല്‍കിയ സാൻഡ്‌വിച്ചില്‍ പുഴുവിനെ കണ്ടെത്തുന്നതിന്റെ ഹ്രസ്വ വീഡിയോ യാത്രക്കാരിയായ ഖുശ്ബു ഗുപ്ത ഇൻസ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് സാൻഡ്‌വിച്ച്‌ വിളമ്ബുന്നത് നിര്‍ത്തിയെന്നും. വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇൻഡിഗോ അറിയിച്ചു.

ജനുവരി 2-ന്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ സുരക്ഷിതമല്ലാത്ത ഭക്ഷണം വിളമ്ബിയതിന് എയര്‍ലൈനിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യാതിരിക്കാൻ കാരണം ബോധിപ്പിക്കുന്നതിന് ആവശ്യപ്പെട്ട് ഇൻഡിഗോയോയ്ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. സുരക്ഷിതമല്ലാത്ത ഭക്ഷണം വിളമ്ബുന്നതിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ്സ് (എഫ്‌എസ്‌എസ്) നിയമം അനുസരിച്ച്‌ നടപടിയെടുക്കണം .