നിക്ഷേപത്തട്ടിപ്പ് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണം: നടൻ പ്രകാശ് രാജിന് ഇ ഡി നോട്ടിസ്

നിക്ഷേപത്തട്ടിപ്പ് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണം: നടൻ പ്രകാശ് രാജിന് ഇ ഡി നോട്ടിസ്

ന്യൂഡല്‍ഹി: നിക്ഷേപ തട്ടിപ്പുകേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ തെന്നിന്ത്യൻ ചലച്ചിത്ര താരം പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) നോട്ടീസ്.ഒരു ജുവലറി ഉടമ ഉള്‍പ്പെട്ട 100 കോടി രൂപയുടെ പോണ്‍സി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പ്രകാശ് രാജിനെ ഇ ഡി ചോദ്യം ചെയ്യുന്നത്.

ആരോപണവിധേയരായ പ്രണവ് ജുവലേഴ്സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്. അടുത്തയാഴ്ച ചെന്നൈയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പ്രകാശ് രാജിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് .

തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള ഈ ജുവലറി ഗ്രൂപ്പിന്റെ ശാഖകളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ മാസം 20ന് വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡുകളിലായി കണക്കില്‍പ്പെടാത്ത 23.70 ലക്ഷം രൂപയും 11.60 കിലോ സ്വര്‍ണാഭരണങ്ങളും വിവിധ രേഖകളും ഇ ഡി പിടിച്ചെടുത്തതായാണ് വിവരം.

ചെന്നൈയില്‍ ഉള്‍പ്പെടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും  ഉള്ള ശാഖകളിൽ  നടന്ന  പരിശോധനകളുടെ തുടര്‍ച്ചയായാണ് നടനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.

പോണ്‍സി സ്കീമിലൂടെ നിക്ഷേപകരെ കബളിപ്പിച്ച്‌ 100 കോടി രൂപയോളം തട്ടിയെന്നാണ് ഗ്രൂപ്പിനെതിരായ ആരോപണം. പുതിയ നിക്ഷേപകരില്‍നിന്ന് സ്വീകരിക്കുന്ന പണം നിലവിലെ നിക്ഷേപകര്‍ക്ക് നല്‍കുകയും ഭാവിയില്‍ മികച്ച വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്യുന്ന സംവിധാനമാണ് പോണ്‍സി സ്കീം.