ഇന്ത്യയിലെ ആദ്യ സെവന്‍ സ്റ്റാര്‍ ആഡംബര ഹോട്ടല്‍ അയോധ്യയില്‍

ഇന്ത്യയിലെ ആദ്യ സെവന്‍ സ്റ്റാര്‍ ആഡംബര ഹോട്ടല്‍ അയോധ്യയില്‍
രാജ്യത്തെ ആദ്യ സെവന്‍ സ്റ്റാര്‍ ആഡംബര ഹോട്ടല്‍ ക്ഷേത്രനഗരമായ അയോധ്യയില്‍. സസ്യാഹാരം മാത്രം വിളമ്ബുന്ന വെജ്-ഓണ്‍ലി ഹോട്ടലാണ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.
ക്ഷേത്രനഗരിയില്‍ ആഡംബര ഹോട്ടലുകള്‍ നിര്‍മിക്കാന്‍ പലരും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, അതിലൊന്നാണ് ഈ പ്രൊജക്റ്റ് എന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ജനുവരി 22നാണ് രാമക്ഷേത്ര പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനം അയോധ്യയില്‍ ആരംഭിച്ച പഞ്ചനക്ഷത്ര ഹോട്ടലിന്റെയും, മറ്റൊരു ഭവന പദ്ധതിയുടെയും ഉദ്ഘാടനം അന്നേ ദിവസം നടക്കും. സരയൂ നദിയുടെ തീരത്ത് നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. നഗരത്തില്‍ ചെറുതും വലുതുമായ ഹോട്ടലുകള്‍ ഒരുക്കുന്നതിനായി 110 ഓളം ഹോട്ടല്‍ ഉടമകള്‍ അയോധ്യയില്‍ ഭൂമി വാങ്ങുന്നുണ്ട്.

രാമക്ഷേത്ര നിര്‍മാണത്തോടെ അയോധ്യയുടെ മുഖച്ഛായ തന്നെ മാറി. ഈ ക്ഷേത്രനഗരം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് അയോധ്യയില്‍ നടക്കുന്നത്. ആഡംബര ഹോട്ടലുകളും ഭവന പദ്ധതികളും ഉള്‍പ്പെടെ കോടികളുടെ നിക്ഷേപ പദ്ധതികള്‍ അയോധ്യയില്‍ എത്തിക്കഴിഞ്ഞു.മുംബൈ, ഡല്‍ഹി, മറ്റ് പ്രധാന നഗരങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും ഇതിനകം തന്നെ നഗരത്തില്‍ പ്രവര്‍ത്തനക്ഷമമാണ്. ലഖ്‌നൗവില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ സര്‍വീസ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. സോളാര്‍ പാര്‍ക്കും ഇവിടെ നിര്‍മിക്കുന്നുണ്ട്.