പൂമ്പാറ്റ എഴുതിയ കവിത; ടോബി തലയല്‍

Aug 18, 2021 - 07:29
Mar 18, 2023 - 13:15
 0  514
പൂമ്പാറ്റ എഴുതിയ കവിത; ടോബി തലയല്‍




പൂമ്പാറ്റ എഴുതിയ കവിത
പതിവുപോലെ മനോഹരം!
ചില്ലുടഞ്ഞ കാവ്യബിംബങ്ങള്‍ കൊണ്ട്‌
പൂവിന്റെ ഹൃദയനൈര്‍മ്മല്യം
കീറിമുറിച്ചിട്ടില്ല
നിഷ്‌കളങ്കമായ ഉള്ളറകളെ
എന്തിനോടെങ്കിലും ഉപമിച്ച്‌
മലിനപ്പെടുത്തിയിട്ടില്ല
അലങ്കാരങ്ങളുടെ
ഉന്മത്തചുംബനങ്ങളാല്‍
കവിളിന്റെ ചാരുതയൊട്ടും
കവര്‍ന്നെടുത്തിട്ടില്ല
വരികള്‍ക്കിടയില്‍
ഉടയാത്ത നിഗൂഢതയൊന്നും
ഞെട്ടിനും ഇതളുകള്‍ക്കുമിടയിലെ
സ്വകാര്യത പോലെ
പൊതിഞ്ഞുവെച്ചിട്ടില്ല
ചെവിയില്‍ പറഞ്ഞ
മധുമൊഴികളില്‍
അര്‍ത്ഥവും വ്യാകരണവും
കട്ടപിടിച്ച്‌ കിടക്കുന്നേയില്ല.
ഒറ്റ വായനക്ക്‌ ശേഷം
ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ --

പൂവും പാറ്റയുമായി
ഇണപിരിയില്ലെന്ന വാഗ്‌ദാനം മാത്രം
സുഗന്ധമായി പ്രസരിക്കുന്ന കവിത!