പേരിനു മാത്രം പ്രതാപം; സുജ ശശികുമാർ

പേരിനു മാത്രം പ്രതാപം; സുജ ശശികുമാർ

ന്ന് പേരിനു മാത്രം പ്രതാപമുള്ള ഒരു 
തറവാടിൻ്റെ നേർ ചിത്രം.
ഇന്ന് കഴുക്കോലിളകി ഓടു പൊട്ടി ,ചുമര് 
വിണ്ടുകീറി നിലംപൊത്താറായവസ്ഥ.
ചുവരിലെ കാരണവന്മാരുടെ മാറാല 
പിടിച്ച ഗൗരവമേറിയ മുഖങ്ങൾ ഇന്നും
 കണ്ണുരുട്ടുന്ന പോലെ..

നല്ല സുന്ദരമായ ചുമർചിത്രങ്ങളെല്ലാം 
മങ്ങിയിരിയ്ക്കുന്നു.
തൂക്കിയിട്ട ഭസ്മച്ചെപ്പ്
അരിക് പൊട്ടി നിൽക്കുന്നു
ഭസ്മമില്ലാതെ...

ക്ലാവു പിടിച്ച കിണ്ടിയിൽ വെള്ളം.

മുറ്റത്തു നിറയെ മാവിലയും പ്ലാവിലയും
 നിറഞ്ഞിരിക്കുന്നു.

എങ്കിലും കാരണവർക്ക് 
അഹങ്കാരത്തിനൊരു കുറവും വന്നിട്ടില്ല.
കണ്ടംകൊത്തുന്ന കോരന് പഴങ്കഞ്ഞി
 കിട്ടാഞ്ഞ് പരാതി
അവനത് തൂമ്പ കൊണ്ട് ആഞ്ഞു കൊത്തി
 അരിശം തീർത്തു.

തറവാടുണ്ടാക്കിയ കാലം തൊട്ട് 
മുറ്റമടിക്കാൻ വന്നെത്തിയ പാവാടക്കാരി
 അമ്മിണിയ്ക്ക് പത്തറുപത്തെട്ട് വയസ്സ്.
അവളിന്ന് മുതുകുവളഞ്ഞ് പിന്നു പോലെ 
ആയിരിക്കുന്നു
അവൾക്കുമുണ്ടൊരു പരിഭവം.
ഇളയ തമ്പുരാൻ പ്രേമിച്ചു വശം കെടുത്തി 
അവളെ ഒഴിവാക്കി കറിവേപ്പില പോലെ.
പുറകുവശത്തെ ചായ്പ്പിലുള്ള ഇറേച്ചിയിൽ 
പഴച്ചോറിൽ കാന്താരിമുളക് ഉടയ്ക്കുമ്പോൾ 
അവളുടെ ചിന്തകളും എരിഞ്ഞു തുടങ്ങി.
കാന്താരിയ്ക്ക് എരിവില്ലെന്ന്അമ്മിണി.

ആ പ്രണയത്തിൻ്റെ ബാക്കി അവളുടെ 
ഉദരത്തിൽകൊരുത്തിരുന്നു.
തമ്പ്രാൻ വിവാഹം കഴിച്ചതോടെ 
അവൾ ഒരു പച്ചമരുന്നിൽ 
ഒതുക്കിത്തീർത്തു പകരം വീട്ടി.

അയാൾ ഇന്നലെ രാത്രി നാട്ടിലെത്തിയ 
വിവരം മൂത്ത തമ്പ്രാട്ടി പറഞ്ഞതു കേട്ടു.

പഴയ കറിയിലെ കരിവേപ്പില അവൾ 
അരിശത്താൽ പുറത്തേയ്ക്ക് നീട്ടിത്തുപ്പി.

ഒടിയാറായ ചാരുകസേരയിൽ
കാരണവർ വയറ്റത്ത് കേറ്റിയുടുത്ത വെള്ളമുണ്ട് ഒന്ന് 
നേരെയാക്കി 
അടുത്ത ആജ്ഞാപനത്തിലുള്ള 
തയ്യാറെടുപ്പിലാണ്.

ഏതെല്ലാം വേഷങ്ങൾ കെട്ടിയാടിയ 
തറവാടാണിത് 
ഇന്ന് അമ്മിണിയും, കോരനും 
എല്ലാം തമ്പ്രാട്ടി തന്നെ.

മുഷിഞ്ഞ വസ്ത്രം ഉടുത്ത്
 വെള്ളമുണ്ട് ചുമന്നു പോയതാണെന്ന് 
വരുന്നവരോടൊക്കെ പറയും.
പഴയ പ്രതാപത്തിൻ്റെ ഓർമ്മയിൽ.

നടവഴിയുടെ ഇരുവശവും അന്യന്മാർ വീടു കെട്ടി.
മക്കൾ ഓഹരികളെല്ലാം വിറ്റുപോയി.
ഇവിടെ എന്നാണ് ഉമ്മറ വാതിലടച്ച് സീൽ 
വെക്കുന്നതെന്നറിഞ്ഞീല.

ഉച്ചമയക്കത്തിൽ നിന്നും
തമ്പ്രാട്ടി ഞെട്ടിയുണർന്നു
അമ്മിണി വിളിച്ച പോലെ.
ആളനക്കം കേട്ട പോലെ
എന്തെല്ലാമോ ഒരു നിമിഷം കൊതിച്ചു.

എല്ലാം വെറുതേ...
ദിവാസ്വപ്നം മാത്രം.
പഴയ പ്രതാപത്തിന്നോർമ്മയിൽ 
കാരണവരും ചാരുകസേരയിൽ...